Chiking
Latest News

തമിഴ്‌നാട്ടില്‍ കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തിയ മൃതദേഹം ജെസ്‌നയുടേതോ?; പരിശോധനക്കായി കേരളാ പൊലീസ് കാഞ്ചീപുരത്ത്

Web Desk
Indian Telegram Android App Indian Telegram IOS App

ചെന്നൈ: തമിഴ്‌നാട്ടില്‍ കാഞ്ചീപുരം ചെങ്കല്‍പേട്ടിനു സമീപം പഴവേലിയില്‍ കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തിയ മൃതദേഹം, രണ്ടു മാസം മുന്‍പ് പത്തനംതിട്ടയില്‍നിന്നു ദുരൂഹ സാഹചര്യത്തില്‍ കാണാതായ ജെസ്‌നയുടേതാണെന്ന സംശയം. പൊലീസ് ഇന്ന് പരിശോധന നടത്തും. വിശദമായ പരിശോധനക്കായി കേരള പൊലീസ് ഇന്നലെ രാത്രി വൈകി ചെങ്കല്‍പേട്ടിലെത്തി.

തമിഴ്‌നാട് പൊലീസ് വിവരം കൈമാറിയതിനെത്തുടര്‍ന്നാണ് കേരള പൊലീസ് സംഘം ചെങ്കല്‍പേട്ടിലെത്തിയത്. ജെസ്‌നയുടെ തിരോധാനവുമായി ബന്ധപ്പെട്ട് വിവരം ലഭിച്ചാല്‍ അറിയിക്കണമെന്നാവശ്യപ്പെട്ട് ഫോട്ടോയുള്‍പ്പെടെ കേരള ഡിജിപി തമിഴ്‌നാട്, കര്‍ണാടക പൊലീസിനു കൈമാറിയിരുന്നു. ജെസ്‌നയുടേതു പോലെ, മൃതദേഹത്തിന്റെ പല്ലില്‍ ക്ലിപ്പുണ്ട്. ഉയരം ഉള്‍പ്പെടെയുള്ള കാര്യങ്ങളിലും സാമ്യമുണ്ട്. എന്നാല്‍, മൃതദേഹത്തില്‍ മൂക്കുത്തിയുണ്ട്. കത്തിച്ച സ്ഥലത്തുനിന്നു ബാഗിന്റേതെന്നു സംശയിക്കുന്ന കമ്പി, കോയമ്പത്തൂരില്‍ പായ്ക്ക് ചെയ്‌തെന്നു രേഖപ്പെടുത്തിയ വെള്ളക്കുപ്പി എന്നിവ കണ്ടെടുത്തു.

ചെങ്കല്‍പേട്ട് മെഡിക്കല്‍ കോളജ് ആശുപത്രിയിലെ മോര്‍ച്ചറിയിലാണു മൃതദേഹം സൂക്ഷിച്ചിട്ടുള്ളത്. തിരിച്ചറിയാനാകാത്ത വിധം കത്തിക്കരിഞ്ഞ നിലയിലാണ് മൃതദേഹം. അതിനാല്‍ ഡിഎന്‍എ പരിശോധന നടത്തേണ്ടിവരും. വിരലടയാളമെടുക്കുന്നതിനായി പൊലീസ് വിദഗ്ധരെ കൊണ്ടുവന്നെങ്കിലും വിരലുകള്‍ക്കു സാരമായ പൊള്ളലുള്ളതിനാല്‍ അതു നടന്നില്ല. ഇനി കേരള പൊലീസിനു തിരിച്ചറിയാനായില്ലെങ്കില്‍ ഡിഎന്‍എ പരിശോധനയെ ആശ്രയിക്കേണ്ടിവരും.

തിങ്കളാഴ്ച പുലര്‍ച്ചെ ചെന്നൈ തിരുച്ചിറപ്പള്ളി ദേശീയപാതയില്‍ വിജനമായ പഴവേലിയിലെ റോഡരികില്‍ ചാക്കിലിട്ട് എന്തോ കത്തിക്കുന്നത് പൊലീസ് പട്രോള്‍ സംഘമാണു കണ്ടത്. മനുഷ്യശരീരമാണെന്നു മനസിലായതോടെ വാഹനത്തിലുണ്ടായിരുന്ന വെള്ളമൊഴിച്ചെങ്കിലും തീ അണഞ്ഞില്ല. തുടര്‍ന്ന് അര കിലോമീറ്റര്‍ അകലെയുള്ള ഹോട്ടലില്‍നിന്നു വെള്ളം കൊണ്ടുവന്നു തീയണച്ചു. അപ്പോഴേക്കും ശരീരം 90 ശതമാനത്തിലധികം കത്തിയിരുന്നു. പട്രോള്‍ സംഘത്തെ കണ്ട് രണ്ടുപേര്‍ ഓടിപ്പോയതായി പൊലീസ് പറയുന്നു. കൊലപ്പെടുത്തിയ ശേഷം ഇവിടെയെത്തിച്ച് കത്തിക്കുകയായിരുന്നുവെന്നാണ് സൂചന.

മാര്‍ച്ച് 22നാണ് എരുമേലിക്കടുത്ത് കൊല്ലമുളയില്‍ നിന്ന് ജെസ്‌നയെ കാണാതാകുന്നത്. മാര്‍ച്ച് 29ന് മുണ്ടക്കയത്തിനു സമീപം കന്നിമല വഴി ബസില്‍ ജെസ്‌ന യാത്രചെയ്തതിന്റെ സിസിടിവി ദൃശ്യങ്ങള്‍ കണ്ടെത്തിയിരുന്നു. ഏപ്രില്‍ 1ന് രാജു ഏബ്രഹാം എംഎല്‍എ നിയമസഭയില്‍ സബ്മിഷന്‍ ഉന്നയിച്ചതിനെത്തുടര്‍ന്ന് തിരുവല്ല ഡിവൈഎസ്പി ആര്‍. ചന്ദ്രശേഖര പിള്ളയുടെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചു. മേയ് 8ന് ജെസ്‌നയെ ബെംഗളൂരുവില്‍ ഒരു ചെറുപ്പക്കാരനൊപ്പം കണ്ടെത്തിയെന്ന് വിവരം ലഭിച്ചു. അന്വേഷണ സംഘം ദിവസങ്ങളോളം ബെംഗളൂരുവില്‍ അന്വേഷിച്ചെങ്കിലും ഫലമുണ്ടായില്ല. മേയ് 11ന് ജെസ്‌നയെക്കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് ഡിജിപി രണ്ടു ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിക്കുന്നു. പൊലീസ് നല്‍കിയ ഫോണ്‍ നമ്പരിലേക്ക് ഒട്ടേറെ കോള്‍ വന്നെങ്കിലും ജെസ്‌നയിലേക്ക് എത്താന്‍ പറ്റുന്ന വിവരം ലഭിച്ചില്ല. മേയ് 27ന് അന്വേഷണച്ചുമതല ഐജി മനോജ് ഏബ്രഹാമിനു നല്‍കി ഡിജിപി ഉത്തരവിട്ടു. ജെസ്‌നയെക്കുറിച്ചു വിവരം നല്‍കുന്നവര്‍ക്ക് പാരിതോഷികം അഞ്ചു ലക്ഷമാക്കി. എന്നാല്‍ ഇതുവരെയും യാതൊരു വിവരവും ജെസ്‌നയെ കുറിച്ച് ലഭിച്ചില്ല.

Top