Chiking
Latest News

ഡൊണാള്‍ഡ് ട്രംപ്- കിം ജോങ് ഉന്‍ ചരിത്ര കൂടിക്കാഴ്ച നടത്തി; ഇരുനേതാക്കളും ഹസ്തദാനം ചെയ്തു; ചര്‍ച്ച വിജയിക്കുമെന്ന് പ്രതീക്ഷിക്കുന്നുവെന്ന് ട്രംപും കിമ്മും

Web Desk
Indian Telegram Android App Indian Telegram IOS App

യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും ഉത്തരകൊറിയന്‍ ഭരണാധികാരി കിം ജോങ് ഉന്നും തമ്മിലുള്ള കൂടിക്കാഴ്ച നടത്തി. ഇരുനേതാക്കളും ഹസ്തദാനം ചെയ്തു. സെന്റോസ ദ്വീപിലെ കാപെല്ലാ ഹോട്ടലിലാണ് കൂടിക്കാഴ്ച. ചര്‍ച്ച വിജയിക്കുമെന്ന് പ്രതീക്ഷിക്കുന്നുവെന്ന് ട്രംപും കിമ്മും പറഞ്ഞു. കൊറിയയുമായി മികച്ച ബന്ധമുണ്ടാകുമെന്ന് ട്രംപ് പറഞ്ഞു. ഒട്ടേറെ തടസങ്ങള്‍ മറികടന്നാണ് ഇവിടെ വരെയെത്തിയതെന്ന് കിം വ്യക്തമാക്കി.

ഇതാദ്യമായാണ് അധികാരത്തിലിരിക്കെ ഒരു യുഎസ് പ്രസിഡന്റും ഉത്തര കൊറിയന്‍ ഭരണാധികാരിയും കൂടിക്കാഴ്ച നടത്തുന്നത്. കഴിഞ്ഞ നാല് യുഎസ് പ്രസിഡന്റുമാര്‍ പഠിച്ച പണി പതിനെട്ടും നോക്കിയിട്ടും നടക്കാത്ത കാര്യമാണ് ട്രംപ് നേടിയെടുത്തിരിക്കുന്നത്. അതും ഉത്തരകൊറിയയ്ക്കു മുന്നില്‍ ഒരു തരത്തിലും അടിയറവു പറയാതെ തന്നെ.

ആത്യന്തികമായി ഇരുവിഭാഗത്തിനും നേട്ടമാകുന്നതാണ് ഈ കൂടിക്കാഴ്ച. ചര്‍ച്ചയുടെ ഗുണഫലത്തിലേറെയും ഉത്തര കൊറിയയിലേക്കു ‘കൊണ്ടുപോകാനാകും’ കിമ്മിന്റെ ശ്രമം. ലോകത്തിനു മുന്നില്‍ ഉത്തര കൊറിയയ്ക്കുള്ള ‘വില്ലന്‍’ പ്രതിച്ഛായ ഇല്ലാതാക്കുകയെന്നതാണ് ആദ്യലക്ഷ്യം. രാജ്യാന്തരവേദികളില്‍ അംഗീകാരം നേടിയെടുക്കാനുള്ള ശ്രമത്തിന്റെ ആദ്യപടി കൂടിയാണിത്. നയതന്ത്രപരവും സാമ്പത്തികവുമായ ഉപരോധങ്ങള്‍ കൊണ്ടു വീര്‍പ്പുമുട്ടുകയാണ് ഉത്തര കൊറിയ. അതിനിടെ ജനങ്ങള്‍ക്കു വാഗ്ദാനം നല്‍കിയ സാമ്പത്തിക വളര്‍ച്ചയും കിമ്മിനു പാലിക്കേണ്ടതുണ്ട്. അല്‍പസ്വല്‍പം വിട്ടുവീഴ്ചകള്‍ കിമ്മിന്റെ ഭാഗത്തു നിന്നുണ്ടാകുമെന്നത് ഉറപ്പ്.

കിമ്മിന്റെ അച്ഛനും മുത്തച്ഛനും നയതന്ത്രം പറഞ്ഞു കൊടുത്ത പരിചയ സമ്പന്നന്‍ കിം യോങ് ചോലും ഉത്തര കൊറിയന്‍ സംഘത്തിനൊപ്പമുണ്ട്. ഈ മുന്‍ ഇന്റലിജന്റ്‌സ് മേധാവി ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നതു തന്നെ യുഎസുമായുള്ള ഉത്തര കൊറിയന്‍ നയതന്ത്ര ബന്ധത്തിലാണ്. അതിനാല്‍ത്തന്നെ രാജ്യത്തിനു കേടുപാടുകളില്ലാത്ത വിധം കിം- ട്രംപ് കൂടിക്കാഴ്ച നല്ല രീതിയില്‍ മുന്നോട്ടു കൊണ്ടുപോകാനുള്ള ക്രിയാത്മക നിര്‍ദേശങ്ങള്‍ ഇദ്ദേഹത്തിന്റെ ഭാഗത്തു നിന്നുണ്ടാകുമെന്നതും ഉറപ്പ്.

‘പോണ്‍ സ്റ്റാര്‍’ വിവാദത്തിലും പാര്‍ട്ടിയിലെ ആഭ്യന്തര പ്രശ്‌നങ്ങളിലും വലഞ്ഞിരിക്കുന്ന നേരത്ത് എല്ലാറ്റില്‍ നിന്നുമുള്ള മോചനത്തിനായി ലഭിച്ച മാന്ത്രികവടിയായി ഈ കൂടിക്കാഴ്ചയെ മാറ്റാനും ട്രംപ് ശ്രമിച്ചേക്കും. യുഎസ് സംഘത്തിലെ ഏറ്റവും മുതിര്‍ന്ന നേതാവ്, ഉത്തരകൊറിയയുമായി പലതവണ ചര്‍ച്ച നടത്തി പരിചയമുള്ള മൈക്ക് പോംപെ കൂടി ചേരുന്നതോടെ ചര്‍ച്ച ഫലപ്രാപ്തിയിലേക്കെത്തുമെന്നതിന്റെ പ്രതീക്ഷ ശക്തമാകുന്നു.

Top