Chiking
Latest News

ഉമ്മന്‍ചാണ്ടി കാട്ടിയത് ക്രൂരമായ നിസ്സഹകരണമെന്ന് വി.എം.സുധീരന്‍; കേരളാ കോണ്‍ഗ്രസിന് രാജ്യസഭാ സീറ്റ് നല്‍കിയത് ഹിമാലയന്‍ ബ്ലണ്ടര്‍ ; കോണ്‍ഗ്രസില്‍ നിന്നും ആരെയും പരിഗണിക്കേണ്ട എന്ന രഹസ്യ അജണ്ടയാണ് നേതൃത്വത്തിനുണ്ടായിരുന്നത് (വീഡിയോ

Web Desk
Indian Telegram Android App Indian Telegram IOS App

തിരുവനന്തപുരം: കെപിസിസി പ്രസിഡന്റായിരുന്ന ഘട്ടത്തില്‍ അന്ന് മുഖ്യമന്ത്രിയായിരുന്ന ഉമ്മന്‍ ചാണ്ടി തന്നോട് കാട്ടിയത് ക്രൂരമായ നിസ്സംഗതയായിരുന്നുവെന്ന് വി.എം.സുധീരന്‍. കെപിസിസി അധ്യക്ഷനായ അന്ന് മുതല്‍ എനിക്ക് ഏറെ സ്‌നേഹമുള്ള അന്നത്തെ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി എന്നോട് നിസ്സഹകരണമാണ് കാട്ടിയത്. വീട്ടില്‍ പോയി കണ്ടിട്ടും അദ്ദേഹത്തിന്റെ ഭാവം നീരസത്തിന്റേതായിരുന്നു. ഞാന്‍ അര്‍ഹനാണ് കെപിസിസി അധ്യക്ഷനാകാന്‍. അങ്ങനെ വന്നയാളാണ് ഞാന്‍. എനിക്ക് ഒരു വ്യക്തിതാത്പര്യവുമില്ല. എന്നിട്ടും ഒരിക്കലും കാണിക്കാന്‍ പാടില്ലാത്ത ക്രൂരമായ നിസംഗതയാണ് അദ്ദേഹം കാട്ടിയത്. ഞാന്‍ ചുമതലയേല്‍ക്കുന്ന സമയത്ത് പോലും അദ്ദേഹം വന്നില്ല. പിന്നീട് മിക്ക പ്രവര്‍ത്തനങ്ങളിലും അദ്ദേഹം നിസ്സഹകരിച്ചു.

ജനപക്ഷ യാത്രയെ പരാജയപ്പെടുത്താന്‍ ശ്രമിച്ചു. പിന്നീട് നടത്തിയ ജനരക്ഷാ യാത്രയും ഉദ്ഘാടനം ചെയ്തത് ഉമ്മന്‍ ചാണ്ടിയാണ്. എങ്കിലും ജാഥാ ക്യാപ്റ്റനായ എന്റെ പേര് പോലും പറയാന്‍ അദ്ദേഹത്തിന് പിശുക്കായിരുന്നു. ഗ്രൂപ്പ് മാനേജര്‍മാരുടെ വെട്ടിനിരത്തലാണ് തദ്ദേശ തിരഞ്ഞെടുപ്പിലെ തോല്‍വിക്ക് ഇടയാക്കിയത്. വാര്‍ഡിലെ പ്രവര്‍ത്തകര്‍ തന്നെ സ്ഥാനാര്‍ഥികളെ നിശ്ചയിക്കണമെന്ന് നിര്‍ദേശിച്ചു. പക്ഷേ അത് ഗ്രൂപ്പ് മാനേജര്‍മാര്‍ അട്ടിമറിച്ചു. അതിന്റെ ഫലമായി നിശ്ചയിച്ച സ്ഥാനാര്‍ഥികള്‍ പലയിടത്തും റിബലായി. വലിയ തോല്‍വിക്ക് കാരണം ഇവര്‍ തന്നെയാണ്. സോളാര്‍ വിവാദം വന്നപ്പോള്‍ അതിനെ പ്രതിരോധിച്ചയാളാണ് താനെന്നും സുധീരന്‍ പറഞ്ഞു.

കരുണ എസ്റ്റേറ്റ് വിമർശനങ്ങൾ‌ ഉയർന്നപ്പോൾ അതു ചോദ്യം ചെയ്ത തന്നോട് ഉദ്യോഗസ്ഥരെ എങ്ങനെ ലെറ്റ് ഡൗൺ ചെയ്യാൻ സാധിക്കുമെന്നാണ് ഉമ്മൻ ചാണ്ടി ചോദിച്ചത്. ജനങ്ങളെ എങ്ങനെ ലെറ്റ് ഡൗൺ ചെയ്യാന്‍ ആകുമെന്ന് താനും ചോദിച്ചു. പിന്നീട് നടന്ന യോഗത്തിൽ എംഎൽഎമാർ പോലും അദ്ദേഹത്തിനെതിരെ ശക്തമായ വിർശനമുന്നയിച്ചു. അതോടെ അദ്ദേഹം യോഗത്തിൽ നിന്ന് ഇറങ്ങിപ്പോയി. പിന്നീടാണ് ഈ കൊള്ള അനുവദിക്കാനാകില്ലെന്ന് താൻ നിലപാടെടുത്തതെന്നും സുധീരൻ പറഞ്ഞു.

കേരളാ കോണ്‍ഗ്രസിന് രാജ്യസഭാ സീറ്റ് നല്‍കിയത് ഹിമാലയന്‍ ബ്ലണ്ടറാണെന്നും വി.എം.സുധീരന്‍ വിമര്‍ശിച്ചു. സീറ്റ് വിട്ടുകൊടുത്തതിന്റെ ഫലമായി ലോക്‌സഭയില്‍ ഒരു സീറ്റ് കുറയുകയാണ്. ഭാരതത്തിന്റെ ശാപമാണു ബിജെപി. ജനങ്ങളുടെ മേൽ വന്നുപെട്ട വൻ ബാധ്യതയാണു മോദി സർക്കാർ. വരുന്ന പാർലമെന്റ് തിരഞ്ഞെടുപ്പിൽ ഇവരെ പുറന്തള്ളുന്നതിനുവേണ്ടി രാഹുൽ ഗാന്ധി മുന്നോട്ടു പോകുമ്പോൾ ആ ശ്രമങ്ങളെ പരാജയപ്പെടുത്തുന്ന സമീപനമാണു കേരളത്തിലെ കോൺഗ്രസ് നേതൃത്വത്തിന്റേത്.

ചാഞ്ചാട്ടമില്ലാത്തൊരു പാര്‍ട്ടിയാണ് ആര്‍എസ്പി. മാണി ചാഞ്ചാട്ടക്കാരനാണ്. ഇക്കാര്യത്തില്‍ മുന്‍കരുതല്‍ എടുക്കുന്നതില്‍ പാളിച്ചയുണ്ടായി.ആര്‍എസ്പി വന്നപ്പോള്‍ ലോക്‌സഭാ സീറ്റ് വിട്ടുകൊടുത്തു. പലവട്ടം ചര്‍ച്ചനടത്തി ചില നിബന്ധനകള്‍ വച്ചിരുന്നു. ജയിച്ചുവരുന്ന പാര്‍ലമെന്റ് അംഗം യുപിഎക്ക് പിന്തുണ നല്‍കണം എന്ന നിബന്ധന വച്ചിരുന്നു.

അര്‍ഹതയുള്ള പല നേതാക്കളുമുണ്ടായിരുന്നു. ഞാന്‍ ഏതായാലും ഇതിനായി ആഗ്രഹിച്ചിരുന്നില്ല. പലരും ഇപ്പോള്‍ അങ്ങനെ പ്രചരിപ്പിക്കുന്നുണ്ട്. അതില്‍ കാര്യമില്ല. 2009 ലും 2011 ലും മത്സരിക്കണമെന്ന് നേതാക്കള്‍ ആവശ്യപ്പെട്ടിരുന്നു. ഞാന്‍ താത്പര്യപ്പെട്ടില്ല. ആ രീതിയിലുള്ള കുപ്രചരണം നടത്തുന്ന കെണിയില്‍ നിങ്ങള്‍ മാധ്യമപ്രവര്‍ത്തകര്‍ വീഴരുത്. തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽനിന്നു നേരത്തെ പിൻമാറിയതാണ്. 2004ൽ മൽസരിച്ചതു സോണിയ ഗാന്ധിയുടെ നിർബന്ധപ്രകാരമായിരുന്നു. 2009ൽ ലോക്സഭയിലേക്ക‌ു മൽസരിക്കാൻ ഹൈക്കമാൻഡും കോൺഗ്രസ് നേതാക്കളും ആവശ്യപ്പെട്ടു. 2011ലെ നിയമസഭ തെരഞ്ഞെടുപ്പിലും മൽസരിക്കാൻ ആവശ്യമുയർന്നു. എന്നാൽ എ.കെ. ആന്റണിടയക്കമുള്ളവരോടു തന്നെ പരിഗണിക്കേണ്ടെന്ന് ആവശ്യപ്പെട്ടിരുന്നു. അതിനാൽതന്നെ പാർലമെന്ററി രാഷ്ട്രീയത്തിനായിട്ടാണു തന്റെ ശ്രമമമെന്ന് കുപ്രചാരണത്തിൽ മാധ്യമപ്രവർത്തകർ വീഴരുത്.

പാർട്ടിയെ ശക്തിപ്പെടുത്തേണ്ട അവസരത്തിൽ ഗ്രൂപ്പ് രാഷ്ട്രീയത്തിന്റെ തടവറയിലാണു കോൺഗ്രസ്. ഗ്രൂപ്പ് വ്യത്യാസമില്ലാതെ രാഷ്ട്രീയകാര്യസമിതിയിലും നേതൃയോഗത്തിലും നേതാക്കള്‍ക്കെതിരെ വലിയ വിമർശനമാണുണ്ടായത്. തെറ്റു പറ്റിയാൽ തുറന്നുസമ്മതിക്കണം. പരസ്യപ്രസ്താവന കോണ്‍ഗ്രസിന്റെ ചരിത്രത്തില്‍ എന്നുമുണ്ട്. ഇതിനെ എതിര്‍ക്കുന്നവരുടെ 94 ലില്‍ രാജ്യസഭാ തെരഞ്ഞെടുപ്പില്‍ ഘടകകക്ഷിക്ക് സീറ്റ് നല്‍കിയതിനെതിരെ രാജിവെച്ച് പ്രതിഷേധിക്കുന്നത് കണ്ടു. പിന്നീട് കരുണാകരനെതിരെ അങ്കം കുറിച്ച് മൂന്നാം ഗ്രൂപ്പുമായി മുന്നോട്ട് പോയ നേതാക്കളേയും നാം കണ്ടു. ആ സ്ഥാനത്തിരിക്കുമ്പോള്‍ അങ്ങനെ പറയേണ്ടി വരും. അന്ന് ഞാന്‍ ഇത് പറഞ്ഞപ്പോള്‍ തൊട്ടുപിന്നാലെ വാര്‍ത്താസമ്മേളനം കെപിസിസി ഓഫീസില്‍ നടത്തിയത് ഇന്നത്തെ കെപിസിസി പ്രസിഡന്റായ എന്റെ അടുത്ത സുഹൃത്താണ്. അവരെയൊക്കെ എനിക്ക് ഇഷ് ടമാണ്. ചില കാര്യങ്ങളില്‍ പോരായ്മയുണ്ടാകുമ്പോള്‍ പരസ്യമായി തന്നെ ഞാന്‍ പറയും. എന്നെ അറിയുന്നവരാണ് ഇവരൊക്കെ. ഒന്നിച്ചു പാര്‍ട്ടിയെ ശക്തിപ്പെടുത്താനുള്ള പരിപാടികളെക്കുറിച്ചല്ല പറയുന്നത്. യാഥാര്‍ഥ്യത്തില്‍ നിന്ന് വളരെ അകന്ന് നില്‍ക്കുന്നു. വയലാർ രവിയും എ.കെ. ആന്റണിയും ഉമ്മൻ ചാണ്ടിയും തന്റെ നേതാക്കളാണെന്നു പരസ്യമായി പറയുന്നയാളാണു ഞാൻ. അവരുടെ ഭാഗത്തു വ‌ീഴ്ചയുണ്ടായാലും ഞാൻ തുറന്നു പറയും. നേതാക്കൾ യാഥാർഥ്യങ്ങളിൽനിന്നു വളരെ അകലെയാണ്. ജനങ്ങളുടെ വികാരം മനസിലാക്കാൻ അവർക്കു വീഴ്ച പറ്റിയെന്നും സുധീരൻ കൂട്ടിച്ചേർത്തു.

കെപിസിസി യോഗത്തില്‍ ചൊവ്വാഴ്ച ഞാന്‍ പ്രസംഗിക്കാന്‍ ഒരുങ്ങിയപ്പോള്‍ വളരെ ജൂനിയറായ ആളുകള്‍ എനിക്കെതിരെ നടത്തിയ എതിര്‍പ്പുകളാണ് പുറത്ത് മാധ്യമങ്ങളോട് പറയാന്‍ ഇടവരുത്തിയത്. അത് എനിക്ക് ഏറെ വിഷമമുണ്ടാക്കി-സുധീരന്‍ പറഞ്ഞു. കേരളത്തിലെ കോൺഗ്രസിൽ താൻ അന്യനല്ല. ആരും കെട്ടിയിറക്കിയതല്ല. കെ.എസ്.യു പ്രസിഡന്‍റ്, യൂത്ത് കോൺഗ്രസ് പ്രസിഡന്‍റ്, എം.എൽ.എ, എം.പി, മന്ത്രി എന്നിവ പിന്നിട്ടാണ് കെ.പി.സി.സി അധ്യക്ഷ പദവിയിൽ വരുന്നത്. ഏറ്റെടുത്ത ഉത്തരവാദിത്തങ്ങൾ നന്നായി നിർവഹിച്ചു. സ്പീക്കർ എന്ന നിലയിൽ പോലും തെറ്റായ തീരുമാനമെടുത്തിട്ടില്ല. ആരോഗ്യ മന്ത്രി എന്ന നിലയിലും നന്നായി പ്രവർത്തിച്ചെന്നും സുധീരൻ പറഞ്ഞു.

താഴേത്തട്ടിലുള്ള നേതാക്കന്മാരുടെ താൽപര്യം പരിഗണിച്ച് സ്ഥാനാർഥികളെ നിശ്ചയിക്കുന്നതിനാണ് കോൺഗ്രസിൽ തീരുമാനിച്ചിരുന്നത്. എന്നാൽ പ്രാദേശിക നേതൃത്വം തന്ന സ്ഥാനാർഥി പട്ടിക ഗ്രൂപ്പ് മാനേജർമാർ വെട്ടിനിരത്തി. പരസ്പരം കാലുവാരാതെ സ്ഥാനാർഥി നിർണയം കൃത്യമായി നടത്തിയിരുന്നെങ്കിൽ നിയമസഭ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് വിജയിച്ചേനെ. താൻ കാരണമാണ് കൊച്ചിയിൽ പരാജയപ്പെട്ടതെന്നാണു ഡൊമിനിക് പ്രസന്റേഷൻ പറയുന്നത്. അദ്ദേഹത്തോടൊരു കാര്യം മാത്രമാണ് ചോദിക്കുന്നത് കൊച്ചിയിൽ ‌ടോണി ചെമ്മണി മൽസരിച്ചെങ്കിൽ ജയിക്കുകയില്ലായിരുന്നോ. പ്രസന്റേഷൻ തന്നെയാണ് ഇക്കാര്യം പറയേണ്ടത്. തോൽവിക്കു കാരണം തന്റെ പ്രസ്താവനകളായിരുന്നില്ല. സ്ഥാനാർഥി നിർണയത്തിൽ തന്നെ എട്ടുസീറ്റുകൾ നഷ്ടപ്പെട്ടിരുന്നു. തെരഞ്ഞെടുപ്പിലൂടെ പതിനൊന്നും. നിയമസഭ തെരഞ്ഞെടുപ്പിലെ തോൽവിക്കു പിന്നാലെ രാജിവയ്ക്കാൻ താൻ തയാറായിരുന്നു. ഇതിനായി രാജിക്കത്തുവരെ തയാറാക്കി. യോഗത്തിന്റെ അവസാനം പ്രസംഗിച്ച് രാജി പ്രഖ്യാപിക്കാമെന്നാണു കരുതിയത്. എന്നാൽ യോഗത്തിന്റെ തുടക്കത്തിൽ തന്നെ എം.എം.ഹസൻ തന്റെ രാജി ആവശ്യപ്പെട്ടു. തനിക്കെതിരെ രൂക്ഷവിമർശനം ഉന്നയിക്കപ്പെട്ടു. ഇതോടെയാണ് അന്നു രാജിക്കു തയാറാകാതിരുന്നതെന്നും സുധീരൻ പറഞ്ഞു.

വീഡിയോ കാണാന്‍ വീഡിയോ മെനുവില്‍ പോകുക

Top