Chiking
Latest News

എഎപി ധര്‍ണ: കേജ്‌രിവാളിന്റെ ഓഫീസിന് മുന്നില്‍ പ്രതിഷേധവുമായി ബിജെപി

Web Desk
Indian Telegram Android App Indian Telegram IOS App

ന്യൂഡല്‍ഹി: ലഫ്റ്റനന്റ് ഗവര്‍ണര്‍ അനില്‍ ബൈജാലിന്റെ വസതിക്ക് മുന്നില്‍ ധര്‍ണ തുടരുന്ന ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളിന്റെ ഓഫീസ് ബിജെപി പ്രവര്‍ത്തകര്‍ ഉപരോധിച്ചു. ബിജെപി നേതാക്കളുടെയും എഎപി വിമത എംഎല്‍എ കപില്‍ മിശ്രയുടെയും നേതൃത്വത്തില്‍ ഡല്‍ഹി സര്‍ക്കാര്‍ നിഷ്‌ക്രിയമാണെന്ന് ആരോപിച്ചായിരുന്നു ഉപരോധം.

സംസ്ഥാനത്ത് ജലവിതരണം കാര്യക്ഷമമാക്കാന്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കണമെന്നത് ഉള്‍പ്പെടെയുള്ള ആവശ്യങ്ങള്‍ സര്‍ക്കാര്‍ അംഗീകരിച്ചാല്‍ മാത്രമേ സമരം അവസാനിപ്പിക്കൂവെന്ന് പ്രതിപക്ഷ നേതാവ് വിജേന്ദര്‍ ഗുപ്ത, മജീന്ദര്‍ സിങ് സിര്‍സ എംഎല്‍എ എന്നിവര്‍ പറഞ്ഞു. സര്‍ക്കാരിന്റെ നിഷ്‌ക്രിയത്വത്തിന് എതിരെയാണ് സമരമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

ഡല്‍ഹി നേരിടുന്ന ജലപ്രശ്‌നം നിയമസഭയില്‍ ഉന്നയിക്കാന്‍ ശ്രമിച്ചെങ്കിലും ആരും അത് ശ്രദ്ധിച്ചില്ല. മുഖ്യമന്ത്രി അദ്ദേഹത്തിന്റെ ഓഫീസില്‍ കൃത്യമായി എത്താതിരുന്നാല്‍ ജനങ്ങള്‍ ആരോട് പരാതി പറയുമെന്നും പ്രതിപക്ഷ നേതാവ് വിജേന്ദര്‍ ഗുപ്ത ചോദിച്ചു. ഡല്‍ഹിയില്‍ കൃത്യമായ ജലവിതരണം ഉറപ്പുവരുത്തുന്നതുവരെ സമരം തുടരുമെന്ന് ബിജെപി എംഎല്‍എ മജീന്ദര്‍ സിങ് സിര്‍സയും അറിയിച്ചു.

അതേസമയം ലഫ്.ഗവര്‍ണറുടെ ഓഫിസിലെ കാത്തിരിപ്പുമുറിയില്‍ കേജ്‌രിവാളും സഹമന്ത്രിമാരും നടത്തുന്ന സമരം മൂന്നു രാത്രി പിന്നിട്ടു. ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ, മന്ത്രിമാരായ സത്യേന്ദര്‍ ജെയിന്‍, ഗോപാല്‍ റായ് എന്നിവരുള്‍പ്പെട്ട സംഘമാണു രാജ് നിവാസില്‍ ധര്‍ണ നടത്തുന്നത്. ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ ഇന്നലെ മുതല്‍ അനിശ്ചിതകാല നിരാഹാര സമരം ആരംഭിച്ചു. ചൊവ്വാഴ്ച ആരോഗ്യമന്ത്രി സത്യേന്ദ്ര ജയിനും നിരാഹാര സമരം ആരംഭിച്ചിരുന്നു. തിങ്കളാഴ്ചയാണ് ആംആദ്മി പാര്‍ട്ടി മന്ത്രിമാരും നേതാക്കളും മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ സമരം ആരംഭിച്ചത്.

നാലു മാസമായി സംസ്ഥാനത്തെ സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥര്‍ തുടരുന്ന നിസ്സഹകരണ സമരം അവസാനിപ്പിക്കാന്‍ നടപടിയെടുക്കുക, ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി സ്വീകരിക്കുക, വീട്ടുപടിക്കല്‍ റേഷന്‍ എത്തിക്കാനുള്ള പദ്ധതിക്ക് അനുമതി നല്‍കുക എന്നീ ആവശ്യങ്ങളാണ് കേജ്‌രിവാളും സംഘവും ഉന്നയിച്ചിട്ടുള്ളത്. ആവശ്യങ്ങള്‍ നേടിയെടുക്കും വരെ സമരം തുടരുമെന്നു വിട്ടുവീഴ്ചയ്ക്കില്ലെന്നും നേതാക്കള്‍ അറിയിച്ചു.

‘പൊതുസേവനം നിഷേധിക്കപ്പെട്ട ഡല്‍ഹിക്കാര്‍ക്കു വേണ്ടിയാണ് ഈ സമരം. നിങ്ങളിതിനെ ധര്‍ണ എന്നു വിളിക്കുന്നു. പക്ഷേ, ഡല്‍ഹി വോട്ടര്‍മാരെ വേദനിപ്പിക്കുന്നവര്‍ക്കു നേരെയുള്ള എന്റെ സര്‍ജിക്കല്‍ സ്‌െ്രെടക്ക് (മിന്നലാക്രമണം) ആണിത്’ അരവിന്ദ് കേജ്‌രിവാള്‍ പറഞ്ഞു. ‘ഞങ്ങളിവിടെ ഞങ്ങള്‍ക്ക് വേണ്ടിയല്ല ഇരിക്കുന്നത്. ഇവിടുത്തെ ജനങ്ങള്‍ക്ക് വേണ്ടിയാണ്, വിദ്യാലയങ്ങള്‍ക്ക് വേണ്ടിയാണ്, ജലത്തിന് വേണ്ടിയാണ്, മൊഹല്ല ക്ലിനിക്കിന് വേണ്ടിയാണ്, ഇതൊക്കെ ജനങ്ങള്‍ക്ക് ലഭിക്കാന്‍ വേണ്ടിയാണ്,’ ലഫ്റ്റനന്റ് ഗവര്‍ണറുടെ വസതിക്ക് മുന്നില്‍ നിന്നും അരവിന്ദ് കേജ്‌രിവാള്‍ പുറത്തുവിട്ട വീഡിയോ ദൃശ്യത്തില്‍ വ്യക്തമാക്കുന്നു.

ഇന്ന് വൈകിട്ടാണ് ഡല്‍ഹി ബിജെപി അദ്ധ്യക്ഷന്‍ മനോജ് തിവാരിയുടെ നേതൃത്വത്തില്‍ നേതാക്കള്‍ അരവിന്ദ് കേജ്‌രിവാളിന്റെ ഓഫീസിന് മുന്നില്‍ സമരം ആരംഭിച്ചത്. അതേസമയം അരവിന്ദ് കേജ്‌രിവാള്‍ ജനാധിപത്യത്തെ കോമാളിയാക്കുന്നുവെന്ന് ആരോപിച്ച് കോണ്‍ഗ്രസും രംഗത്ത് വന്നിട്ടുണ്ട്.

Top