Chiking
Latest News

ചട്ടങ്ങള്‍ മറികടന്ന് പൊലീസുകാരെ രാഷ്ട്രീയക്കാര്‍ ഒപ്പം നിര്‍ത്തുന്നു;മുന്‍ കേന്ദ്രമന്ത്രിമാരടക്കം പഴ്‌സണല്‍ സ്റ്റാഫ് ചട്ടം കാറ്റില്‍ പറത്തുന്നു

Web Desk
Indian Telegram Android App Indian Telegram IOS App

Representational Image

തിരുവനന്തപുരം: ചട്ടങ്ങള്‍ മറികടന്ന് പൊലീസുകാരെ രാഷ്ട്രീയക്കാര്‍ ഒപ്പം നിര്‍ത്തുന്നു. മുന്‍കേന്ദ്രമന്ത്രിമാരടക്കം പഴ്‌സണല്‍ സ്റ്റാഫ് ചട്ടം കാറ്റില്‍ പറത്തുന്നു. മതസാമുദായിക നേതാക്കള്‍ക്കും വിരമിച്ച ജഡ്ജിമാര്‍ക്കുമൊപ്പം പൊലീസുകാര്‍ ജോലി ചെയ്യുന്നു. രാഷ്ട്രീയക്കാര്‍ക്കൊപ്പമുള്ളത് 276 പൊലീസുകാരും ജഡ്ജിമാര്‍ക്കൊപ്പം 146 പേരുമാണ്. കാലാവധി തീര്‍ന്നിട്ടും പൊലീസുകാരെ മടക്കി അയക്കുന്നില്ല.

ഡിജിപിയുടെ ഉത്തരവില്ലാതെ 725 പൊലീസുകാര്‍ മറ്റ് ഡ്യൂട്ടികള്‍ ചെയ്യുന്നുവെന്ന് കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് വന്നിരുന്നു. ഇതില്‍ 222 പേര്‍ ജോലി ചെയ്യുന്നത് സേനയ്ക്ക് പുറത്താണ്. രാഷ്ട്രീയക്കാര്‍ക്കും ഉന്നത ഉദ്യോഗസ്ഥര്‍ക്കുമൊപ്പമാണ് മിക്കവരും ജോലി ചെയ്യുന്നത്. പൊലീസ് ആസ്ഥാനത്ത് തയ്യാറാക്കിയ പട്ടികയിലാണ് ഇക്കാര്യങ്ങളുള്ളത്.

തിരുവനന്തപുരം റൂറല്‍ എആര്‍ ക്യാമ്പില്‍ നിന്ന് മാത്രം 45 പേരെ ദാസ്യപ്പണിക്ക് നിയോഗിച്ചിട്ടുണ്ടെന്ന് ഇന്നലെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ഇതില്‍ 14 പേരുടെ നിയമനം ഒരു ഉത്തരവ് പോലുമില്ലാതെയാണ്. വാക്കാല്‍ നിര്‍ദേശപ്രകാരവും നിയമനം നടന്നിട്ടുണ്ട്. വിരമിച്ച ഉന്നത ഉദ്യോഗസ്ഥര്‍ക്കൊപ്പം ദാസ്യപ്പണി ചെയ്യുന്നത് 18 പേരാണ്. മുന്‍ ഐജി ലക്ഷ്മണയ്‌ക്കൊപ്പം നാല് പേരാണ് ജോലി ചെയ്യുന്നത്. പൊലീസിന് പുറത്ത് ജോലി ചെയ്യുന്ന ഐപിഎസുകാര്‍ക്കൊപ്പം 16 പേര്‍ ദാസ്യപ്പണിയെടുക്കുന്നു.

അതിനിടെ ക്യാംപ് ഫോളോവേഴ്സിന്റെ കണക്കെടുപ്പ് തുടങ്ങിയതോടെ പൊലീസ് ഉദ്യോഗസ്ഥര്‍ വീട്ടില്‍ ജോലി ചെയ്യിപ്പിച്ചിരുന്ന ക്യാംപ് ഫോളോവേഴ്‌സിനെ മടക്കി അയക്കാന്‍ തുടങ്ങിയതായി വിവരം പുറത്തുവന്നു.  ക്യാംപ് ഫോളോവേഴ്‌സിന്റെ വിവരങ്ങള്‍ അടിയന്തരമായി നല്‍കണമെന്നായിരുന്നു പൊലീസ് ഹെഡ്ക്വാര്‍ട്ടേഴ്‌സ് എ.ഡി.ജി.പി ആനന്ദകൃഷ്ണന്‍ സര്‍ക്കുലര്‍ നല്‍കിയത്.

ക്യാംപ് ഫോളോവേഴ്‌സ് അസോസിയേഷനാണ് കണക്കെടുപ്പ് നടത്തിയത്. ഹൗസ് ഡ്യൂട്ടിക്കെന്ന പേരിലാണ് ക്യാംപ് ഫോളോവേഴ്‌സിനെ ചട്ടം ലംഘിച്ച് വകമാറ്റിയത്.

എഡിജിപി സുദേഷ് കുമാറിന്റെ വീട്ടില്‍ പൊലീസ് ഡ്രൈവര്‍ക്ക് മര്‍ദ്ദനമേറ്റ സംഭവത്തെ തുടര്‍ന്നാണ് കീഴുദ്യോഗസ്ഥരെക്കൊണ്ട് അടിമപ്പണി ചെയ്യിക്കുന്നതായ വാര്‍ത്ത പുറം ലോകം അറിഞ്ഞത്. തുടര്‍ന്ന് സുദേഷ് കുമാറിനെ സായുധ സേനാ മേധാവി സ്ഥാനത്തു നിന്ന് നീക്കി, ഹെഡ് ക്വാര്‍ട്ടേഴ്‌സ് എഡിജിപി ആനന്ദകൃഷ്ണന് അധിക ചുമതല നല്‍കി. സുദേഷ് കുമാറിന് പുതിയ പദവി ഉടന്‍ നല്‍കേണ്ടതില്ലെന്നാണ് സര്‍ക്കാര്‍ തീരുമാനം. സുദേഷ് കുമാറിന്റെ കുടുംബാംഗങ്ങള്‍ പൊലീസ് ഡ്രൈവറെ കൊണ്ട് വീട്ടുവേല ചെയ്യിക്കുന്നതായ രഹസ്യാന്വേഷണ റിപ്പോര്‍ട്ടും സര്‍ക്കാരിന് മുന്നിലെത്തിയിരുന്നു. ജോലികള്‍ക്ക് തയ്യാറാകാതിരുന്ന 12 ക്യാംപ് ഫോളോവേഴ്‌സിനെ പിരിച്ചുവിട്ടിരുന്നു.

സംസ്ഥാനത്തെ എൺപതിലേറെ ഐപിഎസ് ഉദ്യോഗസ്ഥരുടെയും രാഷ്ട്രീയ നേതാക്കളുടെയും വീട്ടുജോലിക്കും മറ്റു സ്വകാര്യ ആവശ്യങ്ങൾക്കുമായി രണ്ടായിരത്തിലേറെ പൊലീസുകാർ ജോലി ചെയ്യുന്നുണ്ടെന്നും റിപ്പോര്‍ട്ടുകളുണ്ട്. മാസം 8 കോടിയിലേറെ രൂപയാണ് ഖജനാവിൽനിന്ന് ഇവർക്കുള്ള ശമ്പളച്ചെലവ്. ഐപിഎസ് പദവിയുള്ളവരെല്ലാം ‘സ്വന്തം സേവനത്തിനു’ നാലു മുതൽ പത്തു വരെ പൊലീസുകാരെ ഒപ്പം നിർത്തിയിട്ടുണ്ട്. സുരക്ഷയുടെ പേരിൽ ആദ്യം ഭരണനേത‍ൃത്വത്തിനു വേണ്ടതിലേറെ പൊലീസുകാരെ നൽകി കൂറുകാട്ടിയ ശേഷമാണു ‘വീതം വയ്ക്കൽ’. ചോദിക്കുന്നത്ര പേരെ വീതംവച്ചു നൽകുന്നതു പൊലീസ് ആസ്ഥാനത്തെ പ്രധാനികളാണ്.

ആസ്ഥാനത്തെ ഒരു ഉന്നത ഉദ്യോഗസ്ഥനു വീട്ടിൽ സ്ഥിരമായി ആറു പൊലീസുകാരുണ്ട്. ‘പറയുന്നതെല്ലാം ചെയ്യുക’യാണു ഡ്യൂട്ടി. ഓഫീസിൽ, കാറിൽ എന്നിങ്ങനെ വിവിധ ജോലികൾക്കായി 20 പൊലീസുകാർ വേറെ.  പട്ടിയെ കുളിപ്പിക്കാൻ മുതൽ മീൻ വാങ്ങാൻ വരെ പൊലീസുകാരുടെ സേവനമാണ് എഡിജിപി, ഐജി, കമൻഡാന്റ്, ഡപ്യൂട്ടി കമൻഡാന്റ് എന്നിവരെല്ലാം വിനിയോഗിക്കുന്നത്. ബറ്റാലിയനുകളിൽ ജോലി ചെയ്യേണ്ട ക്യാംപ് ഫോളോവർമാരെയും വീട്ടുജോലിക്ക് ഉപയോഗിക്കുന്നു. നായ പരിചരണം, പാചകം, അലക്ക് തുടങ്ങി മുടിവെട്ടിനു വരെ സ്വന്തമായി ആളില്ലാത്ത ഇതരസംസ്ഥാന ഐപിഎസ് ഉദ്യോഗസ്ഥർ കുറവാണ്.

ഭൂരിപക്ഷം പൊലീസുകാർക്കും പക്ഷേ, പരാതിയില്ല. ഒരു ദിവസത്തെ ഡ്യൂട്ടിക്ക് രണ്ടു ദിവസം വിശ്രമം എന്നതാണു രീതി. ഇടയ്ക്കിടെ സൽസേവന രേഖയും. ഐപിഎസുകാരുടെ സേവനത്തിന് ആളെ നിർത്താൻ കേന്ദ്രസർക്കാർ 9000 രൂപ പ്രതിമാസ അലവൻസ് നൽകുന്നുണ്ടെന്നിരിക്കെയാണ് ഈ അനധികൃത ആനുകൂല്യം.

Top