Chiking
Latest News

വാ തുറക്കാന്‍ ധൈര്യമുള്ളവരോട് പറഞ്ഞിട്ടേ കാര്യമുള്ളൂ; അതുകൊണ്ടാണ് റിമ കല്ലിങ്കലിനോട് തന്നെ പറയുന്നത്: ശാരദകുട്ടിയുടെ കുറിപ്പ് വൈറല്‍

Web Desk
Indian Telegram Android App Indian Telegram IOS App

നടന്‍ ദിലീപിനെ അമ്മ സംഘടനയില്‍ തിരിച്ചെടുക്കാനുള്ള തീരുമാനത്തിനെതിരെ പ്രതിഷേധവുമായി രംഗത്തെത്തിയ വിമണ്‍ ഇന്‍ സിനിമ കളക്ടീവിനേയും അത്തരമൊരു സ്ത്രീവിരുദ്ധമായ സംഘടനയില്‍ ഇനിയും പ്രവര്‍ത്തിക്കാന്‍ ബുദ്ധിമുട്ടാണെന്ന് പറയാന്‍ ചങ്കൂറ്റം കാണിച്ച നടി റിമാ കല്ലിങ്കലിനെയും അഭിനന്ദിച്ച് എഴുത്തുകാരി ശാരദക്കുട്ടി.

സിനിമയില്ലെങ്കിലും തന്റേടത്തോടെ ജീവിക്കാന്‍ ആവശ്യമായ വിദ്യാഭ്യാസവും പൊതുബോധവും ജീവിത സാഹചര്യങ്ങളും ഉള്ള താരങ്ങള്‍ക്ക് അമ്മ പോലൊരു പ്രബല സംഘടനയെ വെല്ലുവിളിക്കാമെന്നും എന്നാല്‍ ഈ പുരുഷാധികാര ലോകത്തുപെട്ടു പോയ, പുറത്തിറങ്ങിയാല്‍ മറ്റുവഴികളില്ലാത്ത ഒരു പാടു കലാകാരികള്‍ നിവൃത്തികേടിന്റെ പേരില്‍ ഈ വലിയ വലയില്‍ കുടുങ്ങിക്കിടപ്പുണ്ടെന്നും ശാരദക്കുട്ടി ഫെയ്‌സ്ബുക്ക് കുറിപ്പില്‍ പറയുന്നു.

ഫെയ്‌സ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം

വാ തുറക്കാന്‍ ധൈര്യമുള്ളവരോട്, പറഞ്ഞിട്ടേ കാര്യമുള്ളു എന്നതു കൊണ്ടാണ് റിമ കല്ലിങ്കലിനോടു തന്നെ പറയുന്നത്- നിങ്ങള്‍ക്ക് ഇനിയും പലതും കഴിയും എന്ന വിശ്വാസമുള്ളതുകൊണ്ടാണീ കുറിപ്പ്.

സിനിമയില്ലെങ്കിലും തന്റേടത്തോടെ ജീവിക്കാന്‍ ആവശ്യമായ വിദ്യാഭ്യാസവും പൊതുബോധവും ജീവിത സാഹചര്യങ്ങളും ഉള്ള താരങ്ങള്‍ക്ക് അമ്മ പോലൊരു പ്രബലസംഘടനയെ വെല്ലുവിളിക്കാം, തള്ളിപ്പറയാം. ‘ഇതിനു മുന്‍പും ഞാന്‍ ജീവിച്ചിട്ടുണ്ട്, ഇനിയും ഞാന്‍ ജീവിക്കും ‘ എന്ന റിമ കല്ലിങ്കലിന്റെ ധീരതയെ മാനിച്ചുകൊണ്ടുതന്നെയാണ് പറയുന്നത്.

ഈ പുരുഷാധികാര ലോകത്തുപെട്ടു പോയ, പുറത്തിറങ്ങിയാല്‍ മറ്റുവഴികളില്ലാത്ത ഒരുപാടു കലാകാരികള്‍ നിവൃത്തികേടിന്റെ പേരില്‍ ഈ വലിയ വലയില്‍ കുടുങ്ങിക്കിടപ്പുണ്ട്. വീടല്ലാതെ മറ്റാശ്രയമില്ലാത്ത ഭാര്യമാരെ പോലെ തന്നെ നിസ്സഹായരാണവര്‍. കുടുംബങ്ങളിലെ പിതൃധികാരത്തെയും ഭര്‍തൃധികാരത്തെയും പോലെ തന്നെ അവര്‍ക്ക് ആ പ്രബലാണത്തങ്ങള്‍ക്കു മുന്നില്‍ ഓച്ഛാനിച്ചു നില്‍ക്കേണ്ടി വരുന്നു.. ‘എനിക്കു പ്രശ്‌നമില്ല ‘ എന്നതല്ല പ്രതിസന്ധിക്കുള്ള ഉത്തരം. പ്രശ്‌നമുള്ളവരേ കൂടി രക്ഷപ്പെടുത്താനുള്ള മാര്‍ഗ്ഗമാരായുക, കണ്ടെത്തുക എന്നതാണ് w c c പോലെ ഒരു സംഘടനയുടെ പ്രാഥമികമായ ഉത്തരവാദിത്വമെന്നു ഞാന്‍ കരുതുന്നു.

പ്രബലരായ പത്തു സ്ത്രീകള്‍ ശബ്ദമുയര്‍ത്തിയാല്‍ അതു വലിയ ശബ്ദമായിരിക്കും. വലയില്‍ കുടുങ്ങിക്കിടക്കുന്നവര്‍ക്ക് അത് ആത്മവിശ്വാസം നല്‍കും. ലളിതാംബിക അന്തര്‍ജനം ശബ്ദിച്ചത് തനിക്കു വേണ്ടിയായിരുന്നില്ല, ഇരുട്ടില്‍ കുടുങ്ങിപ്പോയ അനേകം സഹജീവികള്‍ക്കു വേണ്ടിയായിരുന്നു.

അന്തര്‍ജനത്തിന് എല്ലാ ഭൗതിക സാഹചര്യങ്ങളും ഉണ്ടായിരുന്നിട്ടും അവര്‍ പോരാടിയത് ചുറ്റുമുള്ള നിര്‍ഭാഗ്യവതികള്‍ക്കു വേണ്ടിയാണ് എന്ന ചരിത്രം ഓര്‍മ്മിക്കണം. അമ്മ പോലെ തന്നെ പ്രബലമായിരുന്നു സമൂഹത്തില്‍ അന്നു നിലനിന്നിരുന്ന പിത്രധികാര ശാഠ്യങ്ങള്‍. അന്തര്‍ജ്ജന സമാജം 1948 ല്‍ തൊഴില്‍ കേന്ദ്രത്തിലേക്ക് എന്ന നാടകമെഴുതി അവതരിപ്പിച്ചതും അതുണ്ടാക്കിയ കോളിളക്കങ്ങളും ഓര്‍മ്മിക്കേണ്ടതാണ്.

സ്ത്രീകളുടേതായ തൊഴില്‍ കേന്ദ്രം എന്ന ആശയത്തെ ചരിത്രം നമ്മെ ഓര്‍മ്മിപ്പിക്കുന്ന സവിശേഷ ഘട്ടമാണിത്. w cc യിലുള്ളവര്‍ ചരിത്രബോധത്തോടെ ഉണര്‍ന്നു പ്രവര്‍ത്തിക്കേണ്ട ഘട്ടമാണിത്. പൊതു സമൂഹത്തിന്റെ വലിയ പിന്തുണ നിങ്ങള്‍ക്കുണ്ടാകും.

അമ്മയില്‍ കുടുങ്ങിപ്പോയ സ്ത്രീകള്‍ ആഘോഷിക്കുന്നത് അവരുടെ നിസ്സഹായതകളെയാണ്. കുലീന കുടുംബസ്ത്രീകള്‍ തങ്ങളുടെ ഗതികേടുകള്‍ക്കു മേല്‍ അനുസരണയുടെയും അച്ചടക്കത്തിന്റെയും പാതിവ്രത്യത്തിന്റെയും കള്ളക്കരിമ്പടം എടുത്തു ചുറ്റുന്നതു പോലെയാണത്. അതിനുള്ളില്‍ അവര്‍ക്കു ശ്വാസം മുട്ടുന്നുണ്ട്. ‘ഒരു ചരിത്ര ദൗത്യത്തിനുള്ള സന്ദര്‍ഭമാണിത്. ആയിരക്കണക്കിനു സ്ത്രീകള്‍ അടിമകളായിരിക്കുമ്പോള്‍ ഞാന്‍ ഞാന്‍ എന്ന തന്റേടത്തിന് അര്‍ഥമില്ലാതാകുന്നു.

Top