Chiking
Latest News

അമ്മയെ വിമര്‍ശിച്ച് ചലച്ചിത്ര കൂട്ടായ്മ; സംഘടനയുടേത് സ്ത്രീവിരുദ്ധ നടപടി; ജനപ്രതിനിധികള്‍ സംഘടനയില്‍ നിന്ന് മാറിനില്‍ക്കണം; സംയുക്ത പ്രസ്താവനയില്‍ ഒപ്പിട്ടത് നൂറോളം പേര്‍

Web Desk
Indian Telegram Android App Indian Telegram IOS App

കൊച്ചി: ആക്രമിക്കപ്പെട്ട നടിക്ക് പിന്തുണയുമായി ചലച്ചിത്ര കൂട്ടായ്മ. നൂറോളം സിനിമാ പ്രവര്‍ത്തകര്‍ ഒപ്പിട്ട പ്രസ്താവന പുറത്തുവന്നു.ഞങ്ങളുടെ സുഹൃത്ത് ഇരയല്ലെന്നും സമൂഹത്തിന് മാതൃകയായ ധീരവനിതയെന്നും പ്രസ്താവന. ദിലീപിനെ പുറത്താക്കിയത് മുഖം രക്ഷിക്കല്‍ നടപടി മാത്രമെന്ന് തെളിഞ്ഞുവെന്നും കൂട്ടായ്മ പറഞ്ഞു.

സംഘടനയുടേത് സ്ത്രീവിരുദ്ധ നടപടിയാണ്. തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികള്‍ സംഘടനയില്‍ നിന്ന് മാറിനില്‍ക്കണമെന്നും ഇവര്‍ സംഘടനയില്‍ തുടരുന്നത് സ്ത്രീവിരുദ്ധ നടപടികളെ പിന്തുണയ്ക്കുന്നതിന് തുല്യമാണെന്നും പ്രസ്താവനയില്‍ പറയുന്നു. അലന്‍സിയര്‍, വിനായകന്‍, ആഷിഖ് അബു, അമല്‍ നീരദ് ഉള്‍പ്പെടെയുള്ളവര്‍ പ്രസ്താവനയില്‍ ഒപ്പിട്ടു.

അതേസമയം, ‘അമ്മ’യുടെ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍  രണ്ട് പേര്‍ മത്സരിക്കാനൊരുങ്ങിയിരുന്നുവെന്നും എന്നാല്‍ ഒരു കൂട്ടത്തെ മുന്‍കൂട്ടി ആരോ തീരുമാനിച്ചെന്നും ഡബ്ല്യുസിസി ആരോപണവുമായി രംഗത്തെത്തിയിട്ടുണ്ട്.

സ്ഥാനാര്‍ത്ഥികളുടെ എണ്ണത്തിനനുസരിച്ച്‌, ജനറല്‍ ബോഡി യോഗത്തില്‍ ശബ്ദവോട്ടിലൂടെയോ അല്ലെങ്കില്‍ തിരഞ്ഞെടുപ്പിലൂടെയോ ഭാരവാഹികളെ തിരഞ്ഞെടുക്കും എന്നാണ് ‘അമ്മ’യുടെ വെബ്‌സൈറ്റില്‍ നല്‍കിയിരിക്കുന്ന ബൈലോയില്‍ പറയുന്നത്. 2018-21കാലഘട്ടത്തിലേക്കുള്ള ഭാരവാഹി തിരഞ്ഞെടുപ്പില്‍ ഇത് രണ്ടുമല്ല സംഭവിച്ചത്. തിരഞ്ഞെടുപ്പ് വേളയില്‍ ഇന്ത്യയ്ക്ക് പുറത്ത് യാത്രയിലായിരിക്കും എന്ന കാരണം കാണിച്ചു പാര്‍വതിയെ നോമിനേഷന് വേണ്ടി അപേക്ഷിക്കുന്നതില്‍ നിന്നും പിന്തിരിപ്പിച്ചു. അപേക്ഷ നല്‍കിയ മറ്റു രണ്ട് അംഗങ്ങള്‍ വോട്ടും പിന്തുണയും ആവശ്യപ്പെട്ട് ‘അമ്മ’ അംഗങ്ങള്‍ക്ക് ഇ – മെയില്‍ അയച്ചു, എന്നാല്‍, ഈ രണ്ടു സ്ഥാനാര്‍ത്ഥികള്‍ക്ക് അതിന് ശേഷം എന്ത് സംഭവിച്ചുവെന്ന് വ്യക്തമല്ലെന്നും പാര്‍വതി പറഞ്ഞു.

ഒരു കൂട്ടം നോമിനികളെ ‘ആരോ’ മുന്‍കൂട്ടി തിരഞ്ഞെടുക്കുകയാണ് ഇപ്പോള്‍ ചെയ്തത്. എന്തടിസ്ഥാനത്തിലാണ് ആ തിരഞ്ഞെടുപ്പ് നടന്നത് എന്നത് ഇപ്പോഴും അറിയില്ലെന്നും ഇരുവരും പറഞ്ഞു.

ഇതിനിടെ, രാജിവച്ച നാലു നടിമാർ‍ കുഴപ്പക്കാരാണെന്നും ഇപ്പോഴത്തെ വിവാദങ്ങളിൽ അമ്മയിലെ അംഗങ്ങളാരും  പ്രതികരിക്കേണ്ട കാര്യമില്ലെന്നും പറഞ്ഞു കെ.ബി.ഗണേഷ് കുമാർ, അമ്മ ജനറൽ സെക്രട്ടറി ഇടവേള ബാബുവിന് അയച്ച ശബ്ദസന്ദേശം പുറത്തുവന്നു. ജനങ്ങളുടെ  പിന്തുണ തേടി പ്രവർത്തിക്കാൻ അമ്മ രാഷ്ട്രീയ സംഘടനയല്ല. സിനിമാ പ്രവർത്തകരുടെ ക്ഷേമത്തിനാണു സംഘടന. രാഷ്ട്രീയക്കാർ അമ്മയ്ക്കെതിരെ വിമർശനം നടത്തുന്നതു കയ്യടി നേടാനാണ്. ഇപ്പോൾ അമ്മയ്ക്കെതിരെ വരുന്ന വാർത്തകൾ രണ്ടുദിവസം കൊണ്ട് അടങ്ങും. ഇത്തരം ആരോപണങ്ങൾക്കൊന്നും നമ്മളാരും മറുപടി നൽകേണ്ട കാര്യമില്ലെന്നും ‌ഗണേഷ് ശബ്ദ സന്ദേശത്തിൽ പറയുന്നു.

ദിലീപിനെ സംഘടനയിലേക്ക് തിരിച്ചെടുത്ത തീരുമാനം പുനഃപരിശോധിക്കണമെന്നും അതിനായി അമ്മയുടെ യോഗം വീണ്ടും വിളിക്കണമെന്നും ആവശ്യപ്പെട്ട് പാർവതി, പത്മപ്രിയ, രേവതി എന്നിവർ അമ്മ ഭാരവാഹികൾക്കു കത്തു നൽകിയിരുന്നു.

മാറ്റങ്ങളുണ്ടാവാന്‍ ക്രിയാത്മകസംവാദങ്ങള്‍ക്കൊപ്പം നടപടികളും വേണമെന്ന് വിശ്വസിക്കുന്നു. അമ്മയുടെ കഴിഞ്ഞ യോഗമെടുത്ത തീരുമാനം ഞങ്ങളോരോരുത്തരേയും ഞെട്ടിക്കുന്നതായിരുന്നു. അമ്മയുടെ അംഗങ്ങളെന്ന നിലയില്‍ സംഘടനയുടെ പുതിയ നിര്‍വാഹക സമിതിയുമായി കൂടിക്കാഴ്ച ആവശ്യപ്പെടുന്നുവെന്നും കത്തിൽ പറഞ്ഞിരുന്നു.

വനിതാ കൂട്ടായ്മയുടെ ഫെയ്സ്ബുക്ക് കുറിപ്പ്:

ഇന്നലെ ധീരമായി നിലപാടെടുത്ത ഞങ്ങളുടെ സഹപ്രവര്‍ത്തകര്‍ക്കൊപ്പം. എന്നും #അവൾക്കൊപ്പം. മാറ്റങ്ങളുണ്ടാവാന്‍ ക്രിയാത്മകസംവാദങ്ങള്‍ക്കൊപ്പം നടപടികളും വേണമെന്നു വിശ്വസിക്കുന്നവരാണ് ഡബ്ല്യുസിസി അംഗങ്ങള്‍. അമ്മയുടെ കഴിഞ്ഞ യോഗമെടുത്ത തീരുമാനം ഞങ്ങളോരോരുത്തരേയും ഞെട്ടിക്കുന്നതായിരുന്നു. അമ്മയുടെ അംഗങ്ങളെന്ന നിലയില്‍ സംഘടനയുടെ പുതിയ നിര്‍വാഹക സമിതിയുമായി ഒരു കൂടിക്കാഴ്ച ഞങ്ങള്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

അക്രമത്തെ അതിജീവിച്ച നടിക്ക് അമ്മയിലെ എല്ലാ അംഗങ്ങളും പരിപൂര്‍ണ പിന്തുണ വാഗ്ദാനം ചെയ്തിരുന്നു. അതിക്രമത്തെ അമ്മയിലെ എല്ലാ അംഗങ്ങളും ശക്തമായി അപലപിച്ചിരുന്നു. എന്നാല്‍ ഇതിനെല്ലാം കടകവിരുദ്ധമായ തീരുമാനമാണു കഴിഞ്ഞ ജനറല്‍ബോഡി യോഗത്തിലുണ്ടായത്. ഈ സാഹചര്യത്തില്‍ അമ്മയുടെ യഥാര്‍ഥ നിലപാടെന്താണെന്നു ഞങ്ങള്‍ക്കറിയേണ്ടതണ്ട്. അതിനു വേണ്ടിയാണ് ഈ കൂടിക്കാഴ്ച ആവശ്യപ്പെടുന്നത്.

അമ്മയ്ക്ക് ഡബ്ല്യുസിസി അയച്ച കത്ത്:

ശ്രീ. (ഇടവേള) ബാബു ജനറല്‍ സെക്രട്ടറി, അമ്മ

പ്രിയ സര്‍, കഴിഞ്ഞ ഇരുപത്തിനാലാം തീയതി നടന്ന അമ്മയുടെ ജനറല്‍ ബോഡി യോഗത്തിലെടുത്ത ഒരു തീരുമാനത്തെക്കുറിച്ച് സംഘടനയിലെ വനിതാ അംഗങ്ങളെന്ന നിലയില്‍ ഞങ്ങള്‍ക്കുള്ള ആശങ്കയറിയിക്കാനാണ് ഈ കത്തെഴുതുന്നത്. അമ്മയുടെ അംഗമായ സ്ത്രീയെ ആക്രമിച്ച കേസില്‍ ആരോപണ വിധേയനായതിനെ തുടര്‍ന്ന സംഘടനയില്‍നിന്നു പുറത്താക്കിയ ഒരു അംഗത്തെ തിരിച്ചെടുക്കാനുള്ള നിര്‍ണായക തീരുമാനം അന്ന് കൈക്കൊണ്ടിരുന്നുവല്ലൊ. അതീവ ഗൗരവമുള്ളതും കോടതിയുടെ പരിഗണനയിലിരിക്കുന്നതുമായ ഇത്തരമൊരു വിഷയത്തില്‍ യോഗത്തിന്റെ അജന്‍ഡയിലുള്‍പ്പെടുത്താതെയും അംഗങ്ങളുമായി വേണ്ടത്ര കൂടിയാലോചിക്കാതെയുമാണ് സംഘടന തീരുമാനമെടുത്തതെന്ന വസ്തുത ഞെട്ടിപ്പിക്കുന്നതാണ്.

കേസില്‍ കുറ്റാരോപിതനായ വ്യക്തിയെ സംഘടനയിൽ തിരിച്ചെടുക്കാനുള്ള തീരുമാനം ആക്രമണത്തെ അതിജീവിച്ച അംഗത്തിനു പരിപൂര്‍ണ പിന്തുണ നല്‍കുമെന്ന AMMA യുടെ മുന്‍ നിലപാടിന് വിരുദ്ധമാണ്. ആക്രമണത്തെ അതിജീവിച്ച നടിയും അവളോട് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച മറ്റ് മൂന്നംഗങ്ങളും AMMA യില്‍ നിന്ന് രാജിവച്ചിരിക്കുകയാണ്. അതിനുള്ള കാരണങ്ങള്‍ അവര്‍ വ്യക്തമാക്കിയിട്ടുമുണ്ട്. വനിതാ അംഗങ്ങളടെ ക്ഷേമത്തിനായി സംഘടന നടത്തിക്കൊണ്ടിരിക്കുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് ഇതൊട്ടും ഗുണകരമാവില്ല.

ആക്രമണത്തെ അതിജീവിച്ചിരുന്ന നടിക്ക് പിന്തുണനല്‍കുമെന്ന AMMA യുടെ വാഗ്ദാനം പാലിക്കണമെന്നും അതില്‍ നിന്ന് പുറകോട്ട് പോകരുതെന്നും AMMA യിലെ വനിതാ അംഗങ്ങള്‍ എന്ന നിലക്ക് ഞങ്ങള്‍ ആവശ്യപ്പെടുന്നു, കോടതിയുടെ പരിഗണനയിലുള്ളതും മാധ്യമശ്രദ്ധയിലുള്ളതുമായ ഈ വിഷയത്തില്‍ ജനവികാരം കൂടി ഉയരുന്നുണ്ടെന്ന സാഹചര്യത്തില്‍ പ്രത്യേകിച്ചും.

സ്ഥലത്തില്ലാതിരുന്നതിനാലാണ് അന്നത്തെ യോഗത്തില്‍ ഞങ്ങള്‍ക്ക് പങ്കെടുക്കാന്‍ കഴിയാതിരുന്നത്. ഈ വിഷയം ചര്‍ച്ചക്കെടുക്കുന്ന വിവരം നേരത്തെ അറിഞ്ഞിരുന്നുവെങ്കില്‍ ഞങ്ങളുടെ ആശങ്കകള്‍ തീരുമാനമെടുക്കും മുമ്പ് തന്നെ പ്രകടിപ്പിക്കുമായിരുന്നു. അടിയന്തര സാഹചര്യങ്ങളില്‍ പ്രത്യേകയോഗം ചേരാന്‍ സംഘടനയുടെ നിയമാവലി അനുവദിക്കുന്നുണ്ടെന്നാണ് ഭാരവാഹികളില്‍ നിന്നും അറിയാന്‍ കഴിഞ്ഞത്. ഇക്കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ അത്തരമൊരു പ്രത്യേകയോഗം വിളിച്ചു ചേര്‍ക്കണമെന്നും താഴെ പറയുന്ന വിഷങ്ങള്‍ പുനപ്പരിശോധിക്കണമെന്നും ഞങ്ങള്‍ അഭ്യര്‍ത്ഥിക്കുന്നു.

1. പുറത്താക്കപ്പെട്ട അംഗത്തെ തിരിച്ചെടുക്കാനുള്ള AMMA യുടെ തീരുമാനവും അതിന്റെ പ്രത്യാഘാതങ്ങളും 2. അക്രമത്തെ അതിജീവിച്ച അംഗത്തെ പിന്തുണക്കാനായി AMMA സ്വീകരിച്ച നടപടികള്‍ 3. അംഗങ്ങളുടെയെല്ലാം ക്ഷേമം ഉറപ്പുവരുത്തുംവിധം AMMAയുടെ നിയമാവലി രൂപപ്പെടുത്തുന്നതിനെ കുറിച്ച് 4. സ്ത്രീകള്‍ക്ക് കൂടുതല്‍ സുരക്ഷയും പരിഗണനയും ഉറപ്പാക്കാനായി സംഘടനക്ക് ചെയ്യാവുന്ന കാര്യങ്ങള്‍

കേരളത്തിനു പുറത്തുള്ള ഞങ്ങളുടെ കൂടി സൗകര്യം കണക്കിലെടുത്ത് ജൂലൈ 13 നോ 14 നോ യോഗം വിളിക്കണമെന്നും അഭ്യര്‍ത്ഥിക്കുന്നു. ഇത്തരമൊരു നിര്‍ണ്ണായക സന്ദര്‍ഭത്തില്‍ അംഗങ്ങളുടെയെല്ലാം ഉത്തമ താല്‍പര്യത്തെ മുന്‍നിര്‍ത്തി സംഘടന ഉയര്‍ന്നു പ്രവര്‍ത്തിക്കുമെന്ന വിശ്വാസത്തോടെ

AMMA അംഗങ്ങളായ

രേവതി ആശാ കേളുണ്ണി

പത്മപ്രിയ ജാനകിരാമന്‍

പാര്‍വതി തിരുവോത്ത്

Top