Chiking
Latest News

ഇംഗ്ലണ്ട് പഴയ ഇംഗ്ലണ്ടല്ല:തോല്‍വികളില്‍ നിന്ന് പാഠം പഠിച്ച് ത്രീലയണ്‍സ് ആയി മാറി;പ്രതീക്ഷയോടെ സെമി പോരാട്ടം ഇന്ന്‌

Web Desk
Indian Telegram Android App Indian Telegram IOS App


സെമിഫൈനല്‍ രണ്ടാം മത്സരത്തില്‍ ഇംഗ്ലണ്ട് ഇന്ന് ക്രൊയേഷ്യയുമായി ഏറ്റുമുട്ടും. ഹാരി കെയ്ന്‍-ഡെലെ അലി-ട്രിപ്പിയര്‍ എന്നിവരാണ് ഇംഗ്ലണ്ടിന് കരുത്ത് പകരുക. കെയ്ന്‍ മുന്നേറ്റത്തിലും ഡെലെ അലി മധ്യനിരയിലും ട്രിപ്പിയര്‍ പ്രതിരോധത്തിലും നിറഞ്ഞ് നില്‍ക്കും. സുവര്‍ണ തലമുറയുമായെത്തുന്ന ക്രൊയേഷ്യയുടെ കരുത്ത് മധ്യനിരയിലെ മോഡ്രിച്ചിലും റാക്കിട്ടിച്ചിലുമാണ്. മുന്നേറ്റത്തില്‍ മാന്‍ഡ്‌സുക്കിച്ചിന്റേയും പ്രതിരോധത്തില്‍ വിദയുടേയും പ്രകടനവും നിര്‍ണായകമാകും.

എന്നാല്‍, തോല്‍വികളില്‍ നിന്ന് പാഠം പഠിച്ച് ത്രീലയണ്‍സ് ആയി മാറിയിരിക്കുകയാണ് ഇംഗ്ലണ്ട്. റഷ്യയില്‍ ഇംഗ്ലീഷ് ടീമിലെ പ്രധാനി ഹാരികെയ്‌നാണ്. ടോട്ടനത്തിനായി മുപ്പതിലധികം ഗോളടിച്ച് റഷ്യയിലെത്തിയ കെയ്ന്‍ ആറു ഗോളടിച്ച് ഗോള്‍ഡന്‍ ബൂട്ടിനായി മുന്നിലുണ്ട്. സെറ്റ് പീസൊരുക്കുന്നതിലെ മികവാണ് കെയ്‌നിന്റെ കരുത്ത്. പ്രതിരോധ താരമായിട്ടും 12 തവണ നിര്‍ണായക പാസുകളും ടാക്‌ളിങും നടത്തിയ ട്രിപ്പിയര്‍ ഇംഗ്ലീഷ് നിരയില്‍ നിര്‍ണായകമാകും.

പരുക്ക് മാറി തിരിച്ചെത്തിയ ഡെലെ അലി സ്വീഡനെതിരെ ഗോള്‍ നേടിയത് ടീമിന്റെ പ്രതീക്ഷ കൂട്ടുന്നുണ്ട്. ക്രൊയേഷ്യന്‍ പടയുടെ പ്രതീക്ഷ മധ്യനിരയിലാണ്. വിജയകരമായി 294 പാസുകളുകള്‍ നല്‍കിയ മിഡ്ഫീല്‍ഡ് ജനറല്‍ മോഡ്രിച്ചാണ് ക്രോട്ടുകളുടെ കരുത്ത്. രണ്ടു ഗോളുകളും താരം നേടിയിട്ടുണ്ട്, ഒരു ഗോള്‍ വീതമടിച്ച റാക്കിട്ടിചും മാന്‍സൂക്കിച്ചും ക്രൊയേഷ്യന്‍ നിരയില്‍ നിര്‍ണായകമാകും. പ്രതിരോധത്തില്‍ റഷ്യയ്‌ക്കെതിരെ നിര്‍ണായക ഗോള്‍ നേടിയ വിദയാണ് താരം.

23 തവണയാണ് ഗോളെന്നുറച്ച മുന്നേറ്റങ്ങളെ വിദ തകര്‍ത്തത്, ഡേവര്‍ സൂക്കറിന്റെ അനിയന്‍മാര്‍ തലയുയര്‍ത്തി റഷ്യയില്‍ നിന്ന് മടങ്ങാനൊരുങ്ങുമ്പോള്‍ ആറു പതിറ്റാണ്ടിന് ശേഷം കിരീടം ഫുട്‌ബോളിന്റെ തറവാട്ടിലെത്തിക്കലാണ് കെയ്‌നിന്റേയും കൂട്ടരുടേയും ലക്ഷ്യം.

സമാറ അരീനയില്‍ നടന്ന ക്വാര്‍ട്ടര്‍ മത്സരത്തില്‍ ഹാരി മഗ്വെയര്‍, ഡെലി അലി എന്നിവരാണ് ത്രീ ലയണ്‍സിനായി ലക്ഷ്യം കണ്ടത്. 1990ന് ശേഷം ആദ്യമായാണ് ഇംഗ്ലണ്ട് ലോകകപ്പ് സെമി ഫൈനലിലെത്തുന്നത്. കളിയുടെ 30ാം മിനുട്ടില്‍ ലഭിച്ച കോര്‍ണര്‍ കിക്കില്‍ നിന്നാണ് ഇംഗ്ലണ്ട് ആദ്യ ഗോള്‍ നേടിയത്. യെങ് എടുത്ത സെറ്റ്പീസ് സ്വീഡന്‍ പ്രതിരോധത്തെ മറികടന്ന് ഉയര്‍ന്ന് ചാടിയ മഗ്വെയര്‍ പോസ്റ്റിലേക്ക് ഹെഡറിലൂടെ കുത്തിയിട്ടു. താരത്തിന്റെ പേരുള്ള ആദ്യ അന്താരാഷ്ട്ര ഗോളായിരുന്നു ഇത്.

ഇംഗ്ലണ്ടിന്റെ ഒരു ഗോള്‍ ലീഡിലാണ് ആദ്യ പകുതി അവസാനിച്ചത്. രണ്ടാം പകുതിയിലും മികച്ച പലമുന്നറ്റങ്ങളുമായി ഇംഗ്ലണ്ട് മുന്നേറിയപ്പോള്‍ 58ാം മിനുട്ടില്‍ അവരുടെ രണ്ടാം ഗോള്‍ പിറന്നു. മാഞ്ചസ്റ്റര്‍ യുണൈറ്റഡ് താരം ജെസെ ലിങ്ങാര്‍ഡിന്റെ തകര്‍പ്പന്‍ ക്രോസ് ഹെഡറിലൂടെ ടോട്ടന്‍ഹാം താരം ഡെലി അലി സ്വീഡിഷ് പോസ്റ്റിലേക്ക് കുത്തിയിട്ടു. സ്‌കോര്‍ 20. രണ്ട് ഗോള്‍ വഴങ്ങിയതോടെ കൂടുതല്‍ ഉണര്‍ന്നു കളിച്ചെങ്കിലും സ്വീഡന് ഗോള്‍ കണ്ടെത്താന്‍ സാധിച്ചില്ല.

Top