Chiking
Latest News

ഒന്നുകില്‍ താജ്മഹല്‍ സംരക്ഷിക്കുക, അല്ലെങ്കില്‍ പൂട്ടിയിടുക; കേന്ദ്രസര്‍ക്കാരിനെ വിമര്‍ശിച്ച് സുപ്രീംകോടതി

Web Desk
Indian Telegram Android App Indian Telegram IOS App

ന്യൂഡല്‍ഹി: ലോകാത്ഭുതമായ താജ്മഹലിനോടുള്ള കേന്ദ്രസര്‍ക്കാരിന്റെയും ഉത്തര്‍പ്രദേശ് സര്‍ക്കാരിന്റെയും അവഗണനയ്‌ക്കെതിരെ രൂക്ഷവിമര്‍ശനവുമായി സുപ്രീംകോടതി. താജ്മഹല്‍ ഒന്നുകില്‍ സംരക്ഷിക്കണം. അല്ലെങ്കില്‍ പൊളിച്ചുനീക്കുകയോ അടച്ചിടുകയോ ചെയ്യണമെന്ന് സുപ്രീംകോടതി ഉത്തരവിട്ടു.

താജ്മഹലില്‍ സമയബന്ധിതമായി അറ്റകുറ്റപ്പണി നിര്‍വഹിക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടി നല്‍കിയ ഹര്‍ജിയിലാണ് കോടതിയുടെ വിമര്‍ശനം. താജ്മഹലിനെ മലിനപ്പെടുത്തുന്ന കേന്ദ്രങ്ങള്‍ കണ്ടെത്താന്‍ പ്രത്യേക കമ്മിറ്റിയെ നിയോഗിക്കണമെന്നും കോടതി ഉത്തരവിട്ടു. താജ്മഹലിനെ എങ്ങനെ സംരക്ഷിക്കാമെന്ന് നിര്‍ദേശിക്കണമെന്നും കമ്മിറ്റിയോട് കോടതി ആവശ്യപ്പെട്ടു.

ഈഫല്‍ ടവറിനെക്കാള്‍ മനോഹരമാണ് താജ്മഹല്‍ എന്നും കോടതി നിരീക്ഷിച്ചു. യൂറോപ്പിലെ വിനോദസഞ്ചാരികളുടെ ഇഷ്ടകേന്ദ്രമാണ് ഈഫല്‍ ടവര്‍. നിരവധി പേരാണ് ഈഫല്‍ ടവര്‍ കാണാന്‍ എത്തുന്നത്. എന്നാല്‍ നമ്മുടെ താജ് മഹല്‍ അതിനേക്കാള്‍ മനോഹരമാണ്. മികച്ച രീതിയില്‍ പരിപാലിച്ചാല്‍ വിദേശ നാണ്യം വര്‍ധിപ്പിക്കാന്‍ സര്‍ക്കാരിന് സാധിക്കുമെന്നും കോടതി നിരീക്ഷിച്ചു.

സര്‍ക്കാരിന്റെ ഉദാസീനതകൊണ്ട് രാജ്യത്തിന് എത്രമാത്രം നഷ്ടമാണ് സംഭവിക്കുന്നതെന്ന് മനസിലാക്കിയിട്ടുണ്ടോയെന്നും കോടതി ചോദിച്ചു. നേരത്തെ താജിന്റെ പരിപാലനത്തില്‍ വീഴ്ച വരുത്തിയ ആര്‍ക്കിയോളജിക്കല്‍ സര്‍വെ ഓഫ് ഇന്ത്യയെയും സുപ്രീംകോടതി വിമര്‍ശിച്ചിരുന്നു.

Top