Chiking
Latest News

ലോക്‌സഭാ തിരഞ്ഞെടുപ്പിന് വേണ്ടിയുള്ള പ്രചാരണം ശക്തമാക്കാന്‍ രാഷ്ട്രീയ ടീസറുമായി അമിത് ഷാ

Web Desk
Indian Telegram Android App Indian Telegram IOS App

ന്യൂഡല്‍ഹി: ലോക്‌സഭാ തിരഞ്ഞെടുപ്പിനു വേണ്ടിയുള്ള പ്രചാരണം സ്വാതന്ത്ര്യദിനത്തില്‍ ആരംഭിക്കുമെന്നാണ് ബിജെപി അധ്യക്ഷന്‍ അമിത് ഷാ പറഞ്ഞത്. സിനിമയുടേത് പോലെ തന്നെ ചെറിയ സൂചനകള്‍ നല്‍കുന്ന ടീസറുമായാണ് അമിത് ഷാ പ്രചരണത്തിന് തുടക്കം കുറിച്ചിരിക്കുന്നത്. ഓഗസ്റ്റില്‍ പാര്‍ലമെന്റ് പിരിച്ചുവിട്ടു തിരഞ്ഞെടുപ്പു കുറച്ചു നേരത്തേയാക്കാനുള്ള നരേന്ദ്ര മോദിയുടെ നീക്കം സംബന്ധിച്ച വ്യക്തമായ അടയാളമാണോ ഷായുടെ പ്രഖ്യാപനം എന്നു യുപി നേതാക്കള്‍ അദ്ഭുതപ്പെടുന്നു. (രണ്ടു ലോക്‌സഭാ സമ്മേളനങ്ങള്‍ക്കിടയില്‍ പരമാവധി ആറുമാസം വരെ ഇടവേളയാകാമെന്നാണു ഭരണഘടനാവ്യവസ്ഥ). ചെങ്കോട്ടയില്‍ നിന്നുള്ള സ്വാതന്ത്ര്യദിന പ്രസംഗത്തിനിടെയാണു പാര്‍ലമെന്റ് പിരിച്ചുവിടുന്ന പ്രഖ്യാപനമെങ്കില്‍, ലോക്‌സഭാ തിരഞ്ഞെടുപ്പു 2019 മേയ് മാസത്തിനു പകരം, ഫെബ്രുവരിക്കു മുന്‍പേ നടത്തേണ്ടിവരും. കാലാവധി തീരാന്‍ ഒരു വര്‍ഷം ബാക്കിയുള്ളപ്പോള്‍, 1970ല്‍ പ്രതിപക്ഷത്തെ അമ്പരപ്പിച്ച് ഇന്ദിരാഗാന്ധി തിരഞ്ഞെടുപ്പു പ്രഖ്യാപനം നടത്തിയതു റേഡിയോയിലൂടെയായിരുന്നു.

ഉത്തര്‍പ്രദേശില്‍ മാസംതോറും ഒരു റാലിയില്‍ വീതം പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രസംഗിക്കുമെന്നാണു കഴിഞ്ഞയാഴ്ച യുപിയിലെ പാര്‍ട്ടിനേതാക്കളുമായുള്ള രഹസ്യചര്‍ച്ചയില്‍ ഷാ വ്യക്തമാക്കിയത്. യുപിയിലെ 80 ലോക്‌സഭാ സീറ്റുകളില്‍ 71 എണ്ണവും ഇപ്പോള്‍ ബിജെപിക്കാണ്; എന്‍ഡിഎ ഘടകകക്ഷിയായ അപ്‌നാ ദളിനു രണ്ട് എംപിമാര്‍ വേറെയും. പ്രതിപക്ഷത്തുനിന്ന് എസ്പി-ബിഎസ്പി സഖ്യത്തെ നേരിടേണ്ടിവന്നാലും യുപിയില്‍ വന്‍വിജയം ആവര്‍ത്തിക്കാനുള്ള നടപടികളിലാണു മോദിയും ഷായും ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. എസ്പി-ബിഎസ്പി സഖ്യത്തിലേക്കു കോണ്‍ഗ്രസും രാഷ്ട്രീയ ലോക്ദളും കൂടി അണി ചേര്‍ന്നേക്കാം. പാവങ്ങള്‍ക്കും ഇടത്തരക്കാരില്‍ താഴെത്തട്ടിലുള്ളവര്‍ക്കും ആശ്വാസം പകരുന്ന വന്‍ പദ്ധതികളുടെ പ്രഖ്യാപനം, പ്രധാനമന്ത്രി സ്വാതന്ത്ര്യദിന പ്രസംഗത്തില്‍ നടത്താനുള്ള സാധ്യതയും കാണുന്നുണ്ട്.

ഗുജറാത്തിലും കര്‍ണാടകയിലും നിയമസഭാ തിരഞ്ഞെടുപ്പിലെ ശരാശരി പ്രകടനവും ആറു ലോക്‌സഭാ ഉപതിരഞ്ഞെടുപ്പുകളിലെ പരാജയവും കണക്കിലെടുത്താണു കേന്ദ്രസര്‍ക്കാര്‍ രണ്ടു വലിയ ദേശീയപദ്ധതികള്‍ പ്രഖ്യാപിച്ചത്. ആദ്യത്തേത് ദേശീയ ആരോഗ്യരക്ഷാപദ്ധതി; 40 കോടി ജനങ്ങള്‍ക്കു പരിരക്ഷ നല്‍കുന്നത്. രണ്ടാമത്തേതു നെല്ലിന്റെ താങ്ങുവില ഉയര്‍ത്തിയത്. ഭാരത് ആയുഷ്മാന്‍ സ്‌കീം നഗരങ്ങളിലെയും ഗ്രാമങ്ങളിലെയും പാവങ്ങളെ ലക്ഷ്യമിട്ടാണെങ്കില്‍, നെല്ലിന്റെ താങ്ങുവില കുത്തനെ ഉയര്‍ത്തിയതു കൃഷിമേഖലയെ ഉന്നംവച്ചാണ്.

എന്നാല്‍, 2008-09 വര്‍ഷത്തില്‍ മന്‍മോഹന്‍സിങ് സര്‍ക്കാര്‍ പ്രഖ്യാപിച്ച കാര്‍ഷികകടം എഴുതിത്തള്ളലും ദേശീയ ഗ്രാമീണ തൊഴിലുറപ്പു പദ്ധതിയും ഉണ്ടാക്കിയ അത്ര ആവേശവും സ്വീകാര്യതയും മോദിയുടെ ഈ രണ്ടു പ്രഖ്യാപനങ്ങള്‍ക്കുമില്ലെന്നാണ് ഒരുവിഭാഗം ബിജെപി നേതാക്കളുടെ വിലയിരുത്തല്‍. കാര്‍ഷികകടം എഴുതിത്തള്ളലും ദേശീയ ഗ്രാമീണ തൊഴിലുറപ്പു പദ്ധതിയും യുപിഎയ്ക്ക് ഭൂരിപക്ഷം നേടിക്കൊടുക്കുകയും ചെയ്തിരുന്നു. സമാനമായ ചലനങ്ങളുണ്ടാക്കുന്ന എന്തെങ്കിലും ക്ഷേമപദ്ധതി നരേന്ദ്ര മോദി കൊണ്ടുവരണമെന്നാണു പാര്‍ട്ടിക്കുള്ളിലെ വികാരം. നഗര തൊഴിലുറപ്പു പദ്ധതിയാണ് ഇത്തരത്തിലുയര്‍ന്ന ഒരു നിര്‍ദേശം. അതു നഗരത്തിലെ പാവങ്ങള്‍ക്കു ഗുണകരമാകുന്നതിനു പുറമേ, നഗരങ്ങളില്‍പോയി പണിയെടുക്കുന്നവരെ ആശ്രയിക്കുന്ന ഗ്രാമത്തിലെ കുടുംബങ്ങള്‍ക്കും ഗുണകരമാകും. രണ്ടാമതൊരു നിര്‍ദേശം, ദാരിദ്ര്യരേഖയ്ക്കു താഴെയുള്ളവരുടെ ജന്‍ധന്‍ അക്കൗണ്ടുകളിലേക്കു 3-5 വര്‍ഷത്തേക്കു പ്രതിമാസം നിശ്ചിത തുകയുടെ ആനുകൂല്യം നല്‍കലാണ്.

പാവങ്ങളെ ആകര്‍ഷിക്കുന്ന ക്ഷേമപദ്ധതികള്‍ക്കൊപ്പം ആഡംബരവസ്തുക്കള്‍ വാങ്ങിക്കൂട്ടുന്ന ധനികര്‍ക്കു നികുതി ഉയര്‍ത്തണമെന്നും നിര്‍ദേശമുയര്‍ന്നിട്ടുണ്ട്. പ്രധാനമന്ത്രി എന്ന നിലയില്‍ അഞ്ചാംവട്ടം, ഈ ഭരണത്തിലെ അവസാനവട്ടം ചെങ്കോട്ടയിലേക്കു ചുവടുവയ്ക്കും മുന്‍പു നിര്‍ണായക തീരുമാനമെടുക്കാന്‍ നരേന്ദ്ര മോദിക്കു മുന്നിലുള്ളത് ഒരു മാസം മാത്രമാണ്. അദ്ഭുതപ്പെടുത്തുന്ന പ്രഖ്യാപനങ്ങള്‍ നടത്താനുള്ള ഏറ്റവും വലിയ അവസരവും.

Top