Chiking
Latest News

ആറ് ഗോളിന്റെ കടം തീര്‍ക്കാന്‍ മഞ്ഞപ്പട ജിറോണയ്‌ക്കെതിരെ; അവസാന പോരാട്ടം ഇന്ന്‌

Web Desk
Indian Telegram Android App Indian Telegram IOS App

ലാലിഗ വേള്‍ഡ് ടൂര്‍ണമെന്റിലെ അവസാന മത്സരത്തിനാണ് ഇന്ന് കൊച്ചി ഒരുങ്ങുന്നത്. സ്വന്തം തട്ടകത്തില്‍ കേരള ബ്ലാസ്‌റ്റേഴ്‌സ് സ്പാനിഷ് ടീമായ ജിറോണ എഫ്.സിയെ നേരിടുന്നതോടെ മൂന്ന് ടീമുകള്‍ അണിനിരന്ന പ്രീ സീസണ്‍ ടൂര്‍ണമെന്റിന് അവസാനമാകും. ടൂര്‍ണമെന്റില്‍ ഇന്നലെ നടന്ന മത്സരത്തില്‍ മെല്‍ബണ്‍ സിറ്റിയോട് ഏറ്റുമുട്ടിയ ജിറോണ വിജയം സ്വന്തമാക്കുകയായരുന്നു. ഇന്ന് മഞ്ഞപ്പടയുമായി ഏറ്റുമുട്ടി വിജയിച്ചാല്‍ ടൂര്‍ണമെന്റില്‍ കിരീടവുമായി താരങ്ങള്‍ക്ക് കേരളം വിടാം.

അതേസമയം, കരുത്തരായ ജിറോണയ്‌ക്കെതിരെ പൊരുതി നോക്കുക മാത്രമാണ് ബ്ലാസ്‌റ്റേഴ്‌സിന്റെ ലക്ഷ്യം. ജവഹര്‍ലാല്‍ നെഹ്‌റു സ്‌റ്റേഡിയത്തില്‍ രാത്രി എഴിനാണ് ബ്ലാസ്‌റ്റേഴ്‌സ്-ജിറോണ പോരാട്ടം നടക്കുക. ടൂര്‍ണമെന്റിലെ ഉദ്ഘാടന മത്സരത്തില്‍ ബ്ലാസ്‌റ്റേഴ്‌സിനെ 6-0ത്തിന് തകര്‍ത്താണ് മെല്‍ബണ്‍ സിറ്റി ജിറോണക്കെതിരെ പോരാട്ടത്തിനിറങ്ങിയത്. എന്നാല്‍, ബ്ലാസ്‌റ്റേഴ്‌സിനെ തകര്‍ത്ത അതേ സ്‌കോറിന് ജിറോണ മെല്‍ബണ്‍സിറ്റിയെ തകര്‍ക്കുകയായിരുന്നു. ഇത്രയും കരുത്തനായ ടീമിനോട് പൊരുതുക മാത്രമാണ് ബ്ലാസ്റ്റേഴ്‌സ് ലക്ഷ്യമിടുന്നത്.

കഴിഞ്ഞ സീസണില്‍ റയല്‍ മഡ്രിഡിനെ തോല്‍പ്പിച്ച ജിറോണയില്‍ നിന്ന് കുറഞ്ഞതൊന്നും പ്രതീക്ഷിക്കാനില്ല. ലോകനിലവാരത്തിലുള്ള ഫുട്‌ബോള്‍ നിമിഷങ്ങളാണ് ജിറോണ കൊച്ചിയിലെ ആരാധകര്‍ക്കായി വാഗ്ദാനം ചെയ്യുന്നത്. ബ്ലാസ്റ്റേഴ്‌സിന് വിലപ്പെട്ട അനുഭവമാകും ജിറോണയ്‌ക്കെതിരെയുള്ള മത്സരം. മത്സരഫലത്തേക്കുറിച്ച് വ്യാകുലരാവാതെ പാഠങ്ങള്‍ ഉള്‍ക്കൊണ്ട് മുന്നേറുക എന്നതാണ് ഡേവിഡ് ജെയിംസ് ബ്ലാസ്റ്റേഴ്‌സിന് നല്‍കുന്ന ഉപദേശം.

പുതിയ സീസണിലേക്കുള്ള ഒരുക്കമായതിനാല്‍ പരീക്ഷണങ്ങള്‍ക്ക് പ്രാമുഖ്യം നല്‍കിയാവും ബ്ലാസ്റ്റേഴ്‌സിന്റ കളി. ഐഎസ്എല്ലിന് മുമ്പ് ശരിയായ ടീം കോമ്പിനേഷന്‍ കണ്ടെത്തുകയാണ് ജേവിഡ് ജെയിംസിന്റെ ലക്ഷ്യം. മത്സരം കാണാന്‍ എത്തുന്നവര്‍ ബ്ലാസ്റ്റേഴ്‌സിന്റെ ജയം സ്വപ്നം കണ്ടെത്തിയാല്‍ ചിലപ്പോള്‍ നിരാശരായേക്കാം. നല്ല ഫുട്‌ബോള്‍ നീക്കങ്ങള്‍ കാണാന്‍ ഇഷ്ടപ്പെടുന്ന ആരാധകര്‍ക്ക് ആരവമുര്‍ത്തി തന്നെ കൊച്ചയിലേക്ക് വരാം.

ആദ്യ മത്സരത്തില്‍ മറുപടിയില്ലാത്ത ആറ് ഗോളിന് സ്വന്തം മണ്ണില്‍ തകര്‍ന്നടിയുകയായിരുന്നു ബ്ലാസ്റ്റേഴ്സ്. ആദ്യ പകുതിയില്‍ രണ്ട് ഗോളുകള്‍ നേടിയ മെല്‍ബണ്‍ രണ്ടാം പകുതിയില്‍ നാല് തവണ ബ്ലസ്റ്റേഴ്‌സിന്റെ വല ചലിപ്പിച്ചു.

30ാം മിനിറ്റില്‍ ദാരിയോ വിദോസിചിന്റെ ഹെഡറിലൂടെ മെല്‍ബണ്‍ സിറ്റി എഫ്‌സി ആദ്യ ഗോള്‍ നേടി. അതിന്റെ ഞെട്ടലില്‍ നിന്ന് ബ്ലാസ്റ്റേഴ്‌സ് വിമുക്തരാകും മുമ്പേ മൂന്ന് മിനിറ്റുകള്‍ക്കപ്പുറം വീണ്ടും ബ്ലാസ്റ്റേഴ്‌സ് വല കുലുങ്ങി. റിലേ മക്ഗ്രിയുടെ കാലില്‍ നിന്ന് തൊടുത്ത ഷോട്ട് ലക്ഷ്യം തെറ്റാതെ ബ്ലാസ്റ്റേഴ്‌സ് വല കുലുക്കി. 56ാം മിനിറ്റില്‍ വീണ്ടും റിലേ മക്ഗ്രീയുടെ ഗോളിലൂടെ നാലാം ഗോള്‍ പിറന്നു.

ചില ഒറ്റപ്പെട്ട മുന്നേറ്റങ്ങള്‍ ബ്ലാസ്റ്റേഴ്‌സ് നടത്തിയെങ്കിലും മെല്‍ബണ്‍ പ്രതിരോധം ഫലപ്രദമായി ഇടപെട്ടു കൊണ്ടിരുന്നു. 73ാം മിനിറ്റില്‍ ഒന്നിലധികം മെല്‍ബണ്‍ താരങ്ങളെ കബളിപ്പിച്ച് പെക്കൂസണ്‍ നല്‍കിയ പാസ്സ് പക്ഷേ, മുതലെടുക്കാന്‍ ബ്ലാസ്റ്റേഴ്‌സ് മുന്നേറ്റത്തിന് സാധിച്ചില്ല.75ാം മിനിറ്റില്‍ രാമി നജരൈനും 79ാം മിനിറ്റില്‍ ബ്രൂണോ ഫൊര്‍ണറോലിയും ലക്ഷ്യം കണ്ടതോടെ മെല്‍ബണിന്റെ ഗോള്‍ നേട്ടം ആറായി. ഇതോടെ മെല്‍ബണിന്റെ ഗോള്‍ മഴയില്‍ മഞ്ഞപ്പക്കടല്‍ തകരുകയായിരുന്നു.

അതേസമയം, ടീമിന്റെ പ്രകടനത്തില്‍ സന്തോഷമുണ്ടെന്നാണ് പരിശീലകന്‍ ഡേവിഡ് ജെയിംസ് അറിയിച്ചത്. പരാജയത്തില്‍ സന്തോഷവും നിരാശയുമുണ്ട്, എന്നാലും സ്‌കോര്‍ലൈന്‍ നിരാശപ്പെടുത്തുന്നുണ്ട്. താരങ്ങളുടെ പ്രകടനം പ്രതീക്ഷ പകരുന്നതാണ്. കടുത്ത എതിരാളികളായിരുന്നു മെല്‍ബണ്‍. മികച്ച എതിരാളികളെ നേരിട്ടത് ഭാവിയില്‍ ടീമിന് ഗുണകരമാവും’ ഡേവിഡ് ജെയിംസ് പറഞ്ഞു.പതിനൊന്ന് മലയാളികളാണ് മുപ്പത്തിയൊന്ന് അംഗ ടീമില്‍ ഇടം പിടിച്ചിരിക്കുന്നത്. ഇത്രയും മലയാളികളെ അണിനിരത്തി ആദ്യമായാണ് മഞ്ഞപ്പട വമ്പന്മാരോട് ഏറ്റുമുട്ടുന്നത്.

Top