Chiking
Latest News

പ്രതിപക്ഷ ഐക്യം രൂപപ്പെടുന്നതിനിടെ പിന്നോക്ക വിഭാഗ വോട്ടുകള്‍ ലക്ഷ്യമിട്ട് ബിജെപി; അസം വിവാദവും ആയുധമാക്കും

Web Desk
Indian Telegram Android App Indian Telegram IOS App

ന്യൂഡല്‍ഹി: വോട്ടുബാങ്ക് കൈവിട്ട് പോകാതിരിക്കാന്‍ ബിജെപിയുടെ ശക്തമായ ശ്രമം. അടുത്ത ലോക്‌സഭാ തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് പ്രതിപക്ഷ ഐക്യം രൂപപ്പെടുന്നതിനിടെ ദലിത്, മറ്റു പിന്നാക്ക വിഭാഗ(ഒബിസി) വോട്ടുകള്‍ ലക്ഷ്യമിട്ടുള്ള പ്രവര്‍ത്തനമാണ് ബിജെപി ശക്തിപ്പെടുത്തുന്നത്. രാജ്യത്തേക്ക് അനധികൃതമായി എത്തുന്നവര്‍ക്കെതിരെ ക്യാംപെയ്ന്‍ ശക്തമാക്കിയാണ് ബിജെപി പദ്ധതി തയ്യറാക്കിയത്. അസമിലെ ദേശീയ പൗരത്വ റജിസ്റ്റര്‍ വിവാദം മുഖ്യധാരയിലേക്കു കൊണ്ടുവന്നതിന്റെ ലക്ഷ്യവും ഇതാണെന്നും പാര്‍ട്ടി നേതാക്കളെ ഉദ്ധരിച്ചു വാര്‍ത്താ ഏജന്‍സി പിടിഐ റിപ്പോര്‍ട്ട് ചെയ്തു. ബംഗ്ലദേശില്‍ നിന്നുള്ള അനധികൃത കുടിയേറ്റം ദേശീയ ശ്രദ്ധയിലേക്ക് കൊണ്ടുവരാന്‍ പൗരത്വ റജിസ്റ്റര്‍ വിവാദം സഹായിച്ചതായാണ് പാര്‍ട്ടി വിലയിരുത്തല്‍.

കിഴക്കന്‍ സംസ്ഥാനങ്ങളിലും ഹിന്ദി ഹൃദയഭൂമിയിലും വോട്ടുബാങ്ക് ശക്തമാക്കാമെന്നാണ് ലക്ഷ്യം. ദേശീയ സുരക്ഷയ്ക്ക് വേണ്ടിയാണ് ബിജെപി നിലകൊള്ളുന്നതെന്ന പ്രതിച്ഛായ സൃഷ്ടിക്കാനായി നേരത്തേത്തന്നെ പാര്‍ട്ടി അധ്യക്ഷന്‍ അമിത് ഷാ അസം വിഷയം ഉയര്‍ത്തിക്കൊണ്ടു വരാന്‍ തുടര്‍ശ്രമങ്ങള്‍ നടത്തിയിരുന്നു. ദേശീയസുരക്ഷയല്ല, പ്രതിപക്ഷത്തിനു പ്രാധാന്യം അവരുടെ വോട്ടുബാങ്കുകളാണെന്നു വരുത്തിത്തീര്‍ക്കാനും പുതിയ വിവാദത്തിലൂടെ ബിജെപിക്കു സാധിക്കും.

2014ലെ പൊതുതിരഞ്ഞെടുപ്പില്‍ ദലിത-പിന്നാക്ക വിഭാഗക്കാരുടെ വോട്ട് പല സംസ്ഥാനങ്ങളിലും ബിജെപിക്കു നിര്‍ണായകമായിരുന്നു. എന്നാല്‍ ഇതു തുടര്‍ന്നു കൊണ്ടുപോകാന്‍ പിന്നീട് സാധിച്ചില്ല. ഉത്തര്‍പ്രദേശ്, രാജസ്ഥാന്‍ ഉപതിരഞ്ഞെടുപ്പുകളിലെ തോല്‍വികളോടെ ഈ പ്രശ്‌നം ബിജെപി തിരിച്ചറിഞ്ഞതുമാണ്. ഈ സാഹചര്യത്തില്‍ ഇത്തവണ പിന്നാക്ക വിഭാഗക്കാരുടെ വോട്ടുറപ്പിക്കാന്‍ കഠിനാധ്വാനമാണ് ബിജെപി നടത്തുന്നത്. ദലിത് വിഭാഗക്കാര്‍ക്കെതിരെയുള്ള അതിക്രമം തടയുന്നതിനുള്ള നിയമം സുപ്രീകോടതി വിധിയിലൂടെ ലഘൂകരിച്ചെന്ന വിവാദം അതിനിടെ കത്തിപ്പടര്‍ന്നു. ഏതാനും മാസങ്ങള്‍ക്കു മുന്‍പ് ഇതിന്റെ പേരില്‍ നടത്തിയ ദേശീയ ബന്ദില്‍ ഉത്തരേന്ത്യയില്‍ പലയിടത്തും വന്‍ അതിക്രമങ്ങളാണ് അരങ്ങേറിയത്.

വിവാദം കത്തിപ്പടര്‍ന്നു നില്‍ക്കവെയാണ് കഴിഞ്ഞ ദിവസം പട്ടികജാതി, പട്ടികവര്‍ഗ നിയമം ശക്തിപ്പെടുത്താനുള്ള ബില്‍ കേന്ദ്രമന്ത്രിസഭ അംഗീകരിച്ചത്. നിയമം ലഘൂകരിച്ച സുപ്രീംകോടതി വിധി മറികടക്കാനാണ് ബില്‍ കൊണ്ടുവന്നത്. ഓഗസ്റ്റ് 10ന് മണ്‍സൂണ്‍ സമ്മേളനം അവസാനിക്കും മുമ്പ് പാര്‍ലമെന്റില്‍ ബില്‍ പാസാക്കാനാകുമെന്നാണു ബിജെപി പ്രതീക്ഷ. ഈ ബില്ലിലാകട്ടെ പാര്‍ട്ടി ഏറെ പ്രതീക്ഷയര്‍പ്പിക്കുന്നുമുണ്ട്. സമാജ്‌വാദി പാര്‍ട്ടിയും(എസ്പി) ബഹുജന്‍ സമാജ്‌വാദി പാര്‍ട്ടിയും(ബിഎസ്പി) ഐക്യം രൂപീകരിക്കുന്ന സാഹചര്യത്തില്‍ ഉത്തര്‍പ്രദേശിലെ വിജയത്തിന് ബിജെപിക്കു ദലിത്-ഒബിസി വോട്ടുകള്‍ ഉറപ്പാക്കിയേ മതിയാകൂ.

2014ല്‍ 71 സീറ്റുകളാണ് ഉത്തര്‍പ്രദേശില്‍ ബിജെപിക്കു ലഭിച്ചത്. സഖ്യകക്ഷിയായ അപ്നാ ദളിന് രണ്ടു സീറ്റുകളും ലഭിച്ചു. എസ്പിക്ക് അഞ്ചും കോണ്‍ഗ്രസിന് രണ്ടും സീറ്റുകളാണ് ലഭിച്ചത്. എന്നാല്‍ യുപിയില്‍ എസ്പി-ബിഎസ്പി-കോണ്‍ഗ്രസ് സഖ്യം രൂപപ്പെട്ടാല്‍ വിജയം ആവര്‍ത്തിക്കാന്‍ ബിജെപിക്ക് ഏറെ വിയര്‍പ്പൊഴുക്കേണ്ടി വരുമെന്നാണു രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തല്‍. പിന്നാക്ക വിഭാഗക്കാര്‍ക്കായുള്ള മറ്റൊരു ബില്ലിലും ബിജെപി നോട്ടമെറിഞ്ഞിട്ടുണ്ട്. ദേശീയ പിന്നാക്ക വിഭാഗ കമ്മിഷന്‍ രൂപീകരിക്കുന്നതിനുള്ള 123ാം ഭരണഘടനാ ഭേദഗതി ബില്ലാണത്.

മുമ്പ് തള്ളിക്കളഞ്ഞ പ്രതിപക്ഷ ഭേദഗതികള്‍ ഉള്‍പ്പെടുത്തി കഴിഞ്ഞ ദിവസമാണ് ബില്‍ ലോക്‌സഭ പാസാക്കിയത്. ഭേദഗതിയോടെ രാജ്യസഭ പാസാക്കിയ ബില്‍, ബദല്‍ ഭേദഗതികളോടെയാണു സഭ രണ്ടാമതു പാസാക്കിയത്. ഇനി ഇതു വീണ്ടും രാജ്യസഭയുടെ പരിഗണനയ്‌ക്കെത്തും. സാമൂഹികവും വിദ്യാഭ്യാസപരവുമായി പിന്നാക്കം നില്‍ക്കുന്ന സമുദായങ്ങള്‍ക്കു ഭരണഘടനാ പദവിയോടെ ദേശീയ കമ്മിഷന്‍ രൂപീകരിക്കാനാണു നിര്‍ദിഷ്ട നിയമം.

നിലവിലുള്ള പിന്നാക്ക വിഭാഗ ദേശീയ കമ്മിഷന്‍ (എന്‍സിബിസി) പിരിച്ചുവിടും. ദേശീയ പട്ടികവിഭാഗ കമ്മിഷനു സമാനമായി ഭരണഘടനാ പദവിയുള്ളതാണു പുതിയ കമ്മിഷന്‍. പിന്നാക്ക വിഭാഗക്കാരോടുള്ള തങ്ങളുടെ പ്രതിബദ്ധതയുടെ ഭാഗമായി ഈ ബില്ലിനെയും ബിജെപി ഉയര്‍ത്തിക്കാട്ടുന്നു. ഈ വിഷയങ്ങളെല്ലാം വരാനിരിക്കുന്ന ബിജെപി നിര്‍വാഹക സമിതി യോഗത്തിലും ചര്‍ച്ചയാകും. ഓഗസ്റ്റ് 18നും 19നും ഡല്‍ഹിയിലാണു യോഗം.

Top