Chiking
Latest News

ടിട്വന്റിയില്‍ വിന്‍ഡീസിനെ തകര്‍ത്തുവാരി ബംഗ്ലാദേശ്; വിജയം കയ്യിലൊതുക്കാന്‍ മഴ തുണച്ചു

Web Desk
Indian Telegram Android App Indian Telegram IOS App

വിന്‍ഡീസിനെതിരായ ടിട്വന്റി പരമ്പര സ്വന്തമാക്കി ബംഗ്ലാദേശ്. മൂന്നാം ടിട്വന്റിയില്‍ വിന്‍ഡീസിനെ 19 റണ്‍സിന് പരാജയപ്പെടുത്തി 2-1നാണ് ബംഗ്ലാദേശ് പരമ്പര സ്വന്തമാക്കിയത്. മഴ തടസ്സപ്പെടുത്തിയ മത്സരത്തില്‍ ഡക്ക്‌വര്‍ത്ത് ലൂയിസ് നിയമപ്രകാരമാണ് ബംഗ്ലാദേശ് വിജയിച്ചത്. 185 റണ്‍സ് വിജയലക്ഷ്യവുമായി ഇറങ്ങിയ വിന്‍ഡീസ് 17.1 ഓവറില്‍ ഏഴു വിക്കറ്റിന് 135 റണ്‍സെടുത്ത് നില്‍ക്കെ മഴ പെയ്യുകയായിരുന്നു. പിന്നീട് കളി തുടരാന്‍ കഴിയാതിരുന്നതോടെ ഡി.ആര്‍.എസ് മെത്തേഡിനെ ആശ്രയിക്കേണ്ടി വന്നു.

21 പന്തില്‍ ആറ് പടുകൂറ്റന്‍ സിക്‌സും ഒരു ഫോറുമടക്കം 47 റണ്‍സെടുത്ത് ആന്ദ്രെ റസ്സലിന്റെ വെടിക്കെട്ട് ബാറ്റിംഗ് വിന്‍ഡീസിന് വിജയപ്രതീക്ഷ നല്‍കിയതാണ്. എന്നാല്‍, 18ാം ഓവറിന്റെ തുടക്കത്തില്‍ തന്നെ മുസ്തഫിസുര്‍ റഹ്മാന്‍ റസലിനെ പുറത്താക്കി. മുസ്തഫിസുറിന്റെ മൂന്നാം വിക്കറ്റായിരുന്നു അത്. തൊട്ടുപിന്നാലെ മഴയുമെത്തി. ഇതോടെ മത്സരം ബംഗ്ലാദേശിന് അനുകൂലമായി.

നേരത്തെ ബംഗ്ലാദേശിനായി ഓപ്പണര്‍ ലിറ്റോണ്‍ ദാസാണ് മികച്ച പ്രകടനം പുറത്തെടുത്തത്. ലിറ്റോണ്‍ 32 പന്തില്‍ 61 റണ്‍സ് നേടിയപ്പോള്‍ അവസാന ഓവറുകളില്‍ മഹ്മൂദുല്ലയും മികച്ച രീതിയില്‍ കളിച്ചു. 20 പന്തില്‍ 32 റണ്‍സെടുത്ത് മഹ്മൂദുല്ല പുറത്താകാതെ നിന്നു. നേരത്തെ രണ്ട് ടെസ്റ്റിലും ബംഗ്ലാദേശ് വിന്‍ഡീസിനോട് പരാജയപ്പെട്ടിരുന്നു. അതിന് ശേഷം ഏകദിന പരമ്പരയും ടിട്വന്റി പരമ്പരയും സ്വന്തമാക്കാനായത് ബംഗ്ലാദേശിന് ആത്മവിശ്വാസം പകരുന്നു.

Top