Chiking
Latest News

മൂന്നു കുട്ടികളുമായുളള പന്നി കുടുംബത്തിന്റെ സ്റ്റാംപുമായി ചൈനീസ് പോസ്റ്റല്‍ വകുപ്പ്; പ്രതീക്ഷയോടെ ചൈനക്കാര്‍

Web Desk
Indian Telegram Android App Indian Telegram IOS App


ചൈനക്കാര്‍ ഇപ്പോള്‍ ഒരു സ്റ്റാംപിന്റെ പുറകെയാണ്. ചൈനീസ് പോസ്റ്റല്‍ വകുപ്പ് അടുത്ത വര്‍ഷം ഇറക്കാനിരിക്കുന്ന പുത്തന്‍ സ്റ്റാംപാണ് ഇപ്പോള്‍ അവിടത്തുകാരുടെ സംസാര വിഷയം. സംഗതി മറ്റൊന്നും അല്ല പുതിയ സ്റ്റാംപിലെ ചിത്രങ്ങളാണ് അവരുടെ എല്ലാം മനസ്സില്‍ ആകാംക്ഷ നിറച്ചിരിക്കുന്നത്.

പുതിയ സ്റ്റാംപിലെ ചിത്രങ്ങളെ കുറിച്ച് ഇനി പറയാം. വളരെ സന്തോഷത്തോടെ ചിരിച്ചുകൊണ്ടിരിക്കുന്ന ഒരു പന്നി കുടുംബം അതാണ് ആ ചിത്രം. ഇതിലെന്താ പ്രത്യേകത എന്നു വേണമെങ്കില്‍ ഇപ്പോള്‍ തോന്നാം. പക്ഷേ ചൈനക്കാരെ സംബന്ധിച്ചിടത്തോളം ആ ചിത്രം അവര്‍ക്ക് തീരെ നിസ്സാരമല്ല. പന്നിക്കുടുംബത്തില്‍ മാതാവിനും പിതാവിനും ഒപ്പം ചിരിച്ചുകൊണ്ട് മൂന്ന് കുട്ടികളും നില്‍ക്കുന്നതാണ് അവിടത്തുകാരെ ആകാംക്ഷയിലാക്കുന്നത്.

ഒറ്റക്കുട്ടി നയത്തില്‍ നിന്ന് ചൈന മാറുകയാണോ എന്നാണ് ഇതിനെ വ്യാഖ്യാനിച്ചുകൊണ്ട് ചൈനക്കാര്‍ ചോദിക്കുന്നത്. ചൈനയില്‍ നിലവിലുള്ള ജനസംഖ്യാ നിയന്ത്രണത്തില്‍ അയവു വരുത്താന്‍ സര്‍ക്കാര്‍ ആലോചിക്കുന്നതിന്റെ സൂചനയാണു സ്റ്റാംപിലുള്ളതെന്നാണ് ഭൂരിഭാഗം ആളുകളുടെയും അഭിപ്രായം.

ചൈനയില്‍ ഒറ്റക്കുട്ടി നയം ചൈന നടപ്പിലാക്കുന്നത് 1979ലാണ്. 2016ല്‍ നഗരങ്ങളിലെ ദമ്പതികള്‍ക്ക് രണ്ടുകുട്ടികളാകാമെന്ന ഭേദഗതി നിലവില്‍വന്നു. ആ മാറ്റങ്ങളൊക്കെ നടപ്പിലാകുന്നതിനുമുമ്പ് പുറത്തിറങ്ങിയ സ്റ്റാംപില്‍ വരാന്‍പോകുന്ന ആഹ്ലാദകാലത്തിന്റെ സൂചനകളുണ്ടായിരുന്നു. രണ്ടുകുട്ടികളുമായിരിക്കുന്ന കുരങ്ങുകുടുംബത്തിന്റെ സന്തോഷ കുടുംബചിത്രം. സ്റ്റാംപിലൂടെ ഉദ്ദേശിച്ചതു സര്‍ക്കാര്‍ നടപ്പാക്കി.

അങ്ങനെയാണെങ്കില്‍ അടുത്തവര്‍ഷം പുറത്തിറക്കാനിരിക്കുന്ന മൂന്നു പന്നിക്കുട്ടികളുടെ സ്റ്റാംപും വരാനിരിക്കുന്ന നിയമഭേദഗതിയിലേക്കാണു വിരല്‍ചൂണ്ടുന്നതെന്നാണ് വ്യഖ്യാനം. കൂടുതല്‍ കുട്ടികളുടെ അച്ഛനമ്മമാരാകാന്‍ കാത്തിരിക്കുന്നവര്‍ക്ക് അടുത്തവര്‍ഷം സന്തോഷവാര്‍ത്ത കേള്‍ക്കാന്‍ കഴിഞ്ഞേക്കുമെന്നാണ് പ്രതീക്ഷയിലാണ് ചൈനീസ് ലോകം മുഴുവന്‍. ഏതായാലും ചൈനക്കാരുടെ സ്റ്റാംപിനു പിന്നിലെ പ്രതീക്ഷയോടെയുളള കാത്തിരിപ്പ് സാധ്യമാവുമോ എന്നു കണ്ടു തന്നെ അറിയാം.

Top