Chiking
Latest News

ഇടുക്കി ഡാം: പ്രതിസന്ധിക്ക് വഴിവെച്ചത് ഭരണസംവിധാനം ഉണര്‍ന്ന് പ്രവര്‍ത്തിക്കാത്തത്; ഷട്ടറുകള്‍ തുറപ്പിച്ചത് അപ്രതീക്ഷിതമായി എത്തിയ മഴയും നീരൊഴുക്കും

Web Desk
Indian Telegram Android App Indian Telegram IOS App

തൊടുപുഴ: ഇടുക്കി പദ്ധതിയുടെ ഭാഗമായ ചെറുതോണി അണക്കെട്ടിന്റെ മൂന്ന് ഷട്ടറുകളാണ് തുറന്നത്. 40 സെന്റി മീറ്ററാണ് ഷട്ടറുകള്‍ തുറന്നിരിക്കുന്നത്. സെക്കന്‍ഡില്‍ ഒന്നേകാല്‍ ലക്ഷം ലീറ്റര്‍ (125 ക്യുമെക്‌സ്) വെള്ളമാണ് പുറത്തേക്കു വിടുന്നത്. കനത്ത മഴയും ശക്തമായ നീരൊഴുക്കും തുടരുന്ന സാഹചര്യത്തിലാണ് കൂടുതല്‍ വെള്ളം പുറത്തേക്കു വിടുന്നത്. 2401.34 അടിയാണ് നിലവിലെ ജലനിരപ്പ്.

ഷട്ടറുകള്‍ തുറന്നതിനെ തുടര്‍ന്നുണ്ടായ കെടുതികള്‍ നേരിടാന്‍ വേണ്ട സജ്ജീകരണങ്ങളെല്ലാം ഏര്‍പ്പെടുത്തിയിട്ടുണ്ടെന്ന് അധികൃതര്‍ പറയുമ്പോഴും ചെറുതോണി അണക്കെട്ടിന്റെ ഷട്ടറുകള്‍ ഉയര്‍ത്തുന്നതുമായി ബന്ധപ്പെട്ട് ചില പാളിച്ചകള്‍ കെഎസ്ഇബിയുടെ ഭാഗത്ത് നിന്ന് സംഭവിച്ചുവെന്നാണ് ആരോപണം ഉയര്‍ന്നിരിക്കുന്നത്. കൃത്യ സമയത്ത് ഭരണസംവിധാനം ഉണര്‍ന്നുപ്രവര്‍ത്തിക്കാത്തതാണ് ഡാം തുറക്കുന്നതുമായി ബന്ധപ്പെട്ട പ്രതിസന്ധിക്ക് ഇടയാക്കിയത്. ചില കെഎസ്ഇബി ഉദ്യോഗസ്ഥരും ജില്ലാ ഭരണകൂടവും തമ്മിലുണ്ടായിരുന്ന പ്രശ്‌നമാണ് അണക്കെട്ട് തുറക്കുന്നതില്‍ വീഴ്ച വരുത്തിയത്. വെള്ളം തുറന്നുവിടാതെ പരമാവധി സംഭരിക്കുക എന്ന നീക്കമായിരുന്നു കെഎസ്ഇബി നടത്തിയത്. എന്നാല്‍ ഇതിന് തിരിച്ചടിയായത് അപ്രതീക്ഷിതമായി എത്തിയ മഴയും നീരൊഴുക്കുമായിരുന്നു. 1981ലും 1992ലും മുന്നറിയിപ്പു നല്‍കിയാണ് അണക്കെട്ടിന്റെ ഷട്ടര്‍ ഉയര്‍ത്തിയത്. എന്നാല്‍, ഇത്തവണ ഇതു പൂര്‍ണമായും പാലിച്ചില്ല.

സാധരണക്കാരുടെ ജീവന് വില കല്‍പ്പിക്കാതെ, കൃത്യമായ മാര്‍ഗനിര്‍ദേശവും ഒരുക്കത്തിന് ആവശ്യത്തിനു സമയവും നല്‍കാതെ കെഎസ്ഇബി അവസാനനിമിഷത്തില്‍ അണക്കെട്ടിന്റെ ഷട്ടര്‍ ഉയര്‍ത്താന്‍ തീരുമാനിക്കുകയായിരുന്നു. അണക്കെട്ട് തുറക്കേണ്ടതില്ലെന്നും ഷട്ടര്‍ ഉയര്‍ത്തി വെള്ളം പാഴാക്കിയാല്‍ ബോര്‍ഡിനു കനത്ത നഷ്ടമുണ്ടാകുമെന്നും ആയിരുന്നു കെഎസ്ഇബിയിലെ ജനറേഷന്‍ വിഭാഗത്തിന്റെ നിലപാട്. എന്നാല്‍ അണക്കെട്ടിന്റെയും ജനങ്ങളുടെയും സുരക്ഷ മുന്‍നിര്‍ത്തി, ജലനിരപ്പ് 2398 അടിയിലെത്തുമ്പോള്‍ ഷട്ടര്‍ ഉയര്‍ത്തണമെന്നും ട്രയല്‍ റണ്‍ നടത്തണമെന്നും ഡാം സുരക്ഷാ വിഭാഗവും ജില്ലാ ഭരണകൂടവും നിര്‍ദേശിച്ചു. അണക്കെട്ടിന്റെ പരമാവധി സംഭരണശേഷി 2403 അടിയാണെന്നും അതുവരെ ജലം സംഭരിക്കാമെന്നും, അതിനുശേഷം മാത്രം ഷട്ടര്‍ ഉയര്‍ത്തിയാല്‍ മതിയെന്നും ജനറേഷന്‍ വിഭാഗം മന്ത്രിയോടു പറഞ്ഞെങ്കിലും ജനങ്ങളുടെ സുരക്ഷ മുന്‍നിര്‍ത്തി ഷട്ടര്‍ ഉയര്‍ത്തണമെന്ന നിലപാടാണ് മന്ത്രി എം.എം.മണി എടുത്തത്. ഇതും കെഎസ്ഇബി ഉദ്യോഗസ്ഥരുടെ ‘അതിമോഹ’ത്തിന് തിരിച്ചടിയായി.

ഒരാഴ്ച മുന്‍പ് ജലനിരപ്പ് 2395 അടിയിലെത്തിയപ്പോള്‍ രണ്ടാമത്തെ ജാഗ്രതാ നിര്‍ദേശം (ഓറഞ്ച് അലര്‍ട്ട്) ജില്ലാ ഭരണകൂടം പ്രഖ്യാപിച്ചു. ഷട്ടര്‍ തുറക്കുമ്പോള്‍ പെരിയാര്‍ തീരത്തുനിന്ന് ഒഴിപ്പിക്കേണ്ടവരുടെ പട്ടികയും തയാറാക്കി. ജലനിരപ്പ് 2398 അടിയിലെത്തുമ്പോള്‍ അതീവ ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ച്, 24 മണിക്കൂറിനുശേഷം ട്രയല്‍ റണ്‍ നടത്താമെന്നു ജില്ലാ ഭരണകൂടം കെഎസ്ഇബിയെ അറിയിച്ചുവെങ്കിലും ജനറേഷന്‍ വിഭാഗം യോജിച്ചില്ല. ഇതിനിടെ, രണ്ടു ദിവസം മഴ മാറിനിന്നതോടെ ജലനിരപ്പ് നേരിയ തോതില്‍ താഴാന്‍ തുടങ്ങി. ഇതോടെ ട്രയല്‍ റണ്‍ നടത്തേണ്ടതില്ലെന്നും പരമാവധി വെള്ളം സംഭരിക്കാമെന്നും ജനറേഷന്‍ വിഭാഗം തീരുമാനിച്ചു.

എന്നാല്‍, കാര്യങ്ങള്‍ ആകെ മാറിമറിഞ്ഞത് വ്യാഴാഴ്ച്ച രാത്രിയാണ്. ഇടുക്കി അണക്കെട്ടില്‍നിന്നു തുറന്നുവിടുന്നതില്‍ കൂടുതല്‍ വെള്ളം ഇടുക്കി അണക്കെട്ടിലേക്ക് ഒഴുകിയെത്തിയതോടെ കെഎസ്ഇബിയുടെ കണക്കുകൂട്ടല്‍ തെറ്റി. സ്ഥിതി ഗുരുതരമാണെന്ന് ബോധ്യപ്പെട്ടത് അപ്പോഴായിരുന്നു. തുടര്‍ന്നാണ് മന്ത്രിസഭാ യോഗത്തിലും വിഷയമെത്തിയത്. മുഖ്യമന്ത്രി പിണറായി വിജയന്‍ ഇടപെട്ടതിനെ തുടര്‍ന്നാണ് ട്രയല്‍ റണ്‍ നടത്താന്‍ അടിയന്തരമായി തീരുമാനിച്ചത്.

അപ്രതീക്ഷിതമായ ദുരന്തസാധ്യതകളെ മുന്‍കൂട്ടി കാണാന്‍ സാധിക്കാത്തതാണ് തിരിച്ചടിയായതെന്നും ആക്ഷേപമുണ്ട്. ഇടുക്കി അണക്കെട്ടിന്റെ വൃഷ്ടിപ്രദേശത്ത് നാല് മഴമാപിനികളാണ് സ്ഥാപിച്ചിട്ടുള്ളത്. എന്നാല്‍ ഇവയൊന്നും പ്രവര്‍ത്തിക്കുന്നില്ല. ഇത് വലിയ വീഴ്ചയായാണ് ചൂണ്ടിക്കാട്ടുന്നത്.

Top