Chiking
Latest News

മന്ത്രി ടി.പി.രാമകൃഷ്ണന്‍ അവധിക്ക് അപേക്ഷ നല്‍കിയതായി സൂചന; മുഖ്യമന്ത്രി അവധിയില്‍ പോകുമ്പോള്‍ പകരം ചുമതല ഇ.പി.ജയരാജന് നല്‍കാന്‍ ആലോചന

Web Desk
Indian Telegram Android App Indian Telegram IOS App

തിരുവനന്തപുരം: മന്ത്രി ടി.പി.രാമകൃഷ്ണന്‍ ആരോഗ്യ പ്രശ്‌നങ്ങളാല്‍ അവധിക്ക് അപേക്ഷ നല്‍കിയതായി സൂചന. ആരോഗ്യ പ്രശ്‌നങ്ങള്‍ ബുദ്ധിമുട്ടിക്കുന്നതിനാല്‍ മന്ത്രി സ്ഥാനത്തു നിന്ന് തല്‍ക്കാലം മാറി നില്‍ക്കാന്‍ അനുവദിക്കണമെന്ന് ടി.പി രാമകൃഷ്ണന്‍ സിപിഐഎം നേതൃത്വത്തിന് അപേക്ഷ നല്‍കിയതായാണ് സൂചന. ഇന്ന് ചേരുന്ന സിപിഐഎം സംസ്ഥാന കമ്മറ്റിയും സെക്രട്ടറിയേറ്റും ടി.പി. രാമകൃഷ്ണന്റെ ഈ ആവശ്യവും ചര്‍ച്ചക്ക് എടുക്കുമെന്നാണ് അറിയുന്നത്.

ഇ.പി.ജയരാജനെ മന്ത്രിസഭയില്‍ തിരികെ കൊണ്ടു വരുന്ന കാര്യമാണ് ഇന്ന് ചേരുന്ന സംസ്ഥാനകമ്മറ്റി പ്രധാനമായും ചര്‍ച്ച ചെയ്യുക. ആരേയും മാറ്റാതെ ജയരാജനെ മന്ത്രിയാക്കിയാല്‍ മന്ത്രിസഭയുടെ അംഗ സംഖ്യ ഇരുപതാകും. അപ്പോള്‍ തങ്ങള്‍ക്കും ഒരു ക്യാബിനറ്റ് പദവി വേണമെന്ന സിപിഐയുടെ ആവശ്യവും നിലവിലുണ്ട്. മുഖ്യമന്ത്രി പിണറായി വിജയന്‍ 19 ന് ചികിത്സക്കായി അമേരിക്കയിലേക്ക് പോവുകയാണ്. മുഖ്യമന്ത്രിയുടെ ചികിത്സയും അതിനു ശേഷം വേണ്ടിവരുന്ന വിശ്രമവും കൂടി കണക്കിലെടുത്ത് അദ്ദേഹത്തിന്റെ ചുമതല മറ്റൊരു മന്ത്രിയെ ഏല്‍പിക്കേണ്ടതുണ്ട്. ഇപ്പോള്‍ മന്ത്രിസഭയില്‍ തോമസ് ഐസക്കും എ.കെ ബാലനുമാണ് കേന്ദ്ര കമ്മറ്റി അംഗങ്ങള്‍. അതില്‍ തോമസ് ഐസക്കാണ് സീനിയര്‍ .തോമസ് ഐസക്കിനെ പകരം ചുമതല ഏല്‍പിക്കാന്‍ മുഖ്യമന്ത്രിക്ക് താല്‍പര്യമില്ലെന്നാണ് സൂചന. ഐസക്കിനെ മറികടന്ന് ബാലന് പകരം ചുമതല നല്‍കുന്നതും ശരിയല്ല. ഇതു കൂടി കണക്കിലെടുത്താണ് ഇവരേക്കാള്‍ സീനിയറായ കേന്ദ്ര കമ്മറ്റി അംഗം ഇ.പി.ജയരാജനെ മന്ത്രിസഭയില്‍ തിരികെ കൊണ്ടുവന്ന് മുഖ്യമന്ത്രി അവധിയില്‍ പോകുമ്പോള്‍ പകരം ചുമതല നല്‍കാന്‍ സിപിഐഎം നേതൃത്വം ആലോചിക്കുന്നത്.ഈ സാഹചര്യത്തിലാണ് ടി.പി. രാമകൃഷ്ണന്റെ അവധി അപേക്ഷ കൂടി പരിഗണിക്കാന്‍ സിപിഐഎം നേതൃത്വം ആലോചിക്കുന്നതെന്നാണ് സൂചന.

Top