Chiking
Latest News

ഐഎസ്എല്‍ പരിശീലന വേദി പുറത്ത് വിടാതെ ബ്ലാസ്റ്റേഴ്‌സ്; ഗോവയും, ജംഷഡ്പൂരും മാഡ്രിഡിലേക്ക് പറക്കും

Web Desk
Indian Telegram Android App Indian Telegram IOS App

ഇന്ത്യന്‍ സൂപ്പര്‍ ലീഗിന്റെ അഞ്ചാം സീസണ് അടുത്ത മാസം 29ാം തീയതി തുടക്കമാകും. ടൂര്‍ണമെന്റിന് ഇനി ഒന്നരമാസം സമയം ബാക്കിയുണ്ടെങ്കിലും ടീമുകള്‍ പരിശീലനം ആരംഭിച്ച് കഴിഞ്ഞു. കൂടുതല്‍ ടീമുകളും ഇത്തവണത്തെ തങ്ങളുടെ പ്രീസീസണ്‍ പരിശീലന വേദിയായി വിദേശ രാജ്യങ്ങളെ തെരെഞ്ഞെടുത്ത് കഴിഞ്ഞു. എന്നാല്‍, ലീഗിലെ സൂപ്പര്‍ ടീമായ കേരളാ ബ്ലാസ്റ്റേഴ്‌സും, മുംബൈ സിറ്റി എഫ് സിയും ഇതുവരെ തങ്ങളുടെ പ്രീസീസണ്‍ പരിശീലനം നടത്തുന്നത് എവിടെയാണെന്ന വിവരം പുറത്ത് വിട്ടിട്ടില്ല.

ഐഎസ്എല്ലിലെ നിലവിലെ ചാംപ്യന്‍മാരായ ചെന്നൈയിന്‍സ് എഫ്‌സി മലേഷ്യയിലാകും ഇക്കുറി തങ്ങളുടെ പ്രീസീസണ്‍ പരിശീലനം നടത്തുക. ബെംഗളൂരു എഫ്‌സിയടക്കം നാല് ടീമുകള്‍ സ്‌പെയിനാണ് പരിശീലന വേദിയായി തെരെഞ്ഞെടുത്തത്. ഇതില്‍ത്തന്നെ എഫ്.സി ഗോവയും, ജംഷഡ്പൂര്‍ എഫ്.സി യും സ്‌പെയിനിലെ മാഡ്രിഡിലാകും പരിശീലനത്തില്‍ ഏര്‍പ്പെടുക. എടികെ ആണ് സ്‌പെയിനില്‍ പരിശീലനം നടത്താനൊരുങ്ങുന്ന മൂന്നാമത്തെ ടീം.

ബെംഗളൂരു എഫ്‌സിയാകട്ടെ സ്‌പെയിനിലെ വലന്‍സിയയില്‍ നിലവില്‍ പ്രീസീസണ്‍ പരിശീലനം ആരംഭിച്ച് കഴിഞ്ഞു. നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ് തുര്‍ക്കിയാണ് അവരുടെ പ്രീസീസണ്‍ പരിശീലന വേദിയായി പ്രഖ്യാപിച്ചിരിക്കുന്നത്. ഇതുവരെ തങ്ങളുടെ പ്രീസീസണ്‍ പരിശീലന വേദി പ്രഖ്യാപിച്ച എട്ട് ടീമുകളില്‍ എഫ്‌സി പൂനെ സിറ്റി മാത്രമാണ് ഇന്ത്യയില്‍ പരിശീലനം നടത്തുന്നത്.

ഇന്ത്യന്‍ സൂപ്പര്‍ ലീഗ് അഞ്ചാം എഡിഷന്‍ സെപ്റ്റംബര്‍ അവസാനത്തോടെ തുടങ്ങും. സെപ്റ്റംബര്‍ 29ന് തുടങ്ങുന്ന ടൂര്‍ണമെന്റിന് ഇത്തവണ ആറ് മാസത്തോളം ദൈര്‍ഘ്യമുണ്ടാകും. 2019 മാര്‍ച്ച് പകുതിയോടെയാകും ഐഎസ്എല്‍ സമാപിക്കുക. ഇഎന്നാല്‍ തുടര്‍ച്ചയായി മത്സരങ്ങള്‍ ഉണ്ടാകില്ല എന്നതാകും ഇത്തവണത്തെ പ്രത്യേകത. മത്സരത്തിന് മൂന്ന് ഇടവേളകളുണ്ടാകും എന്ന പ്രത്യേകതയുമുണ്ട്.

ഇന്ത്യന്‍ ടീമിന്റെ രണ്ട് സൗഹൃദ മത്സരങ്ങള്‍ നടക്കുന്നതിനാല്‍ ഒക്ടോബറിലും നവംബറിലും ചെറിയ ഇടവേളയും അരങ്ങേറുന്ന എഎഫ്‌സി ഏഷ്യന്‍ കപ്പില്‍ ഇന്ത്യ കളിക്കുന്നതുമൂലം വലിയൊരു ഇടവേളയ്ക്കും ടൂര്‍ണമെന്റ് സാക്ഷ്യം വഹിക്കും. ഡിസംബര്‍ പകുതിയോടെ നിര്‍ത്തിവെക്കുന്ന ലീഗ് മത്സരങ്ങള്‍ പുനരാരംഭിക്കാന്‍ ഫെബ്രുവരി വരെ ആരാധകര്‍ കാത്തിരിക്കേണ്ടിവരും.അതെസമയം അഞ്ചാം സീസണില്‍ പുതിയ ടീമുകള്‍ക്ക് ഐഎസ്എല്‍ പ്രവേശനം സാധ്യമാകില്ല.

ഐഎസ്എല്‍ സംഘാടകരായ ഫുട്‌ബോള്‍ സ്‌പോര്‍ട്‌സ് ഡവലപ്‌മെന്റ് ലിമിറ്റഡ് ഈ വര്‍ഷം പുതിയ ടീമുകളെ ക്ഷണിക്കേണ്ട എന്നാണ് തീരുമാനിച്ചിരിക്കുന്നത്. ഇതോടെ കൊല്‍ക്കത്ത വമ്പന്‍മാരായ ഈസ്റ്റ് ബംഗളിന്റെ ഐഎസ്എല്‍ മോഹങ്ങള്‍ക്ക് ഈ സീസണില്‍ മങ്ങലേറ്റു. കഴിഞ്ഞ വര്‍ഷം നടന്ന സൂപ്പര്‍ കപ്പില്‍ രണ്ടാമതെത്താന്‍ ഈസ്റ്റ് ബംഗാളിന് കഴിഞ്ഞിരുന്നു. ഇതോടെ ടീമിലേക്ക് വലിയ നിക്ഷേപമാണ് എത്തിയത്.

അതെസമയം, ഐഎസ്എല്‍ അഞ്ചാം സീസണായി വിവിധ ക്ലബുകള്‍ കൈമെയ് മറന്നുളള ഒരുക്കത്തിലാണ്. ഇന്ത്യയിലെ തന്നെ ആദ്യ പ്രീസീസണ്‍ ടൂര്‍ണമെന്റ് സംഘടിപ്പിച്ച് ബ്ലാസ്റ്റേഴ്‌സും സ്പാനിഷ് പര്യടനം നടത്തുന്ന ബെംഗളൂരു എഫ്‌സിയുമാണ് വലിയ മുന്നൊരുക്കം നടത്തുന്നത്.

Top