Chiking
Latest News

റഫാല്‍ ഇടപാട്‌: സംയുക്ത പാര്‍ലമെന്ററി സമിതി അന്വേഷണം ആവശ്യപ്പെട്ട് ഇടത് എംപിമാരുടെ അടിയന്തരപ്രമേയ നോട്ടിസ്

Web Desk
Indian Telegram Android App Indian Telegram IOS App

ന്യൂഡല്‍ഹി: റഫാല്‍ അഴിമതിയില്‍ സംയുക്ത പാര്‍ലമെന്ററി സമിതിയുടെ (ജെപിസി) അന്വേഷണം ആവശ്യപ്പെട്ട് ഇടത് എംപിമാര്‍ രാജ്യസഭയില്‍ അടിയന്തരപ്രമേയ നോട്ടിസ് നല്‍കി. എളമരം കരീം, കെ.കെ. രാഗേഷ്, സോമപ്രസാദ്, ഡി. രാജ, ബിനോയ് വിശ്വം, എം.പി. വീരേന്ദ്രകുമാര്‍ എന്നിവരാണ് നോട്ടിസ് നല്‍കിയത്. സംയുക്ത സഭാ സമിതി (ജെപിസി) അന്വേഷിക്കണമെന്ന് കോണ്‍ഗ്രസും മറ്റു പ്രതിപക്ഷ കക്ഷികളും ആവശ്യപ്പെടുന്നുണ്ട്.

പ്രധാനമന്ത്രി നരേന്ദ്ര മോദി നേരിട്ട് നടത്തിയ റഫാല്‍ വിമാന ഇടപാട് പ്രതിരോധ രംഗത്ത് ഇന്ത്യ കണ്ട ഏറ്റവും വലിയ അഴിമതിയാണെന്നാരോപിച്ച് വാജ്‌പേയി മന്ത്രിസഭയില്‍ അംഗങ്ങളായിരുന്ന യശ്വന്ത് സിന്‍ഹ, അരുണ്‍ ഷൂറി എന്നിവരും പ്രമുഖ അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണും രംഗത്തെത്തിയിരുന്നു. ആയിരം കോടിയിലേറെ രൂപ അധിക വിലയ്ക്ക് 36 വിമാനങ്ങള്‍ വാങ്ങിയതില്‍ 35,000 കോടിയുടെ അഴിമതിയുണ്ടെന്നും ഇക്കാര്യം സിഎജി അന്വേഷിക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു.

ബൊഫോഴ്‌സ് ഇടപാട്, റഫാലിന് മുന്നില്‍ ചെറിയ അഴിമതിയായിരുന്നെന്ന് ഷൂറി അഭിപ്രായപ്പെട്ടപ്പോള്‍, അഴിമതിക്ക് പിന്നില്‍ പ്രധാനമന്ത്രി മാത്രമെന്ന ആക്ഷേപമാണ് യശ്വന്ത് സിന്‍ഹ ഉന്നയിച്ചത്. ബൊഫോഴ്‌സ് ഇടപാടു ചര്‍ച്ചാവിഷയമാക്കുന്നതില്‍ നിര്‍ണായക പങ്കു വഹിച്ച പത്രാധിപരാണു ഷൂറി. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രഖ്യാപിത എതിരാളികളാണ് യശ്വന്ത് സിന്‍ഹയും പ്രശാന്ത് ഭൂഷണും.

അവർ പറയുന്നത്:

2015 ഏപ്രിലിൽ പ്രധാനമന്ത്രി ഫ്രാൻസ് സന്ദർശിക്കുന്നതിനു മുൻപു റഫാൽ നിർമാതാക്കളായ ഡാസോൾ പറഞ്ഞതു കരാറിന്റെ വിശദാംശങ്ങൾ പൂർത്തിയായെന്നാണ്. ഹിന്ദുസ്ഥാൻ എയ്റോനോട്ടിക്സിനു സാങ്കേതികവിദ്യ കൈമാറുമെന്നും.

പ്രധാനമന്ത്രി ഫ്രാൻസിലെത്തിയതോടെ കരാറിന്റെ രൂപം മാറി, 36 വിമാനങ്ങൾ നേരിട്ടു വാങ്ങുമെന്നായി. സാങ്കേതികവിദ്യാ കൈ‌മാറ്റത്തെയും എച്ച്എഎല്ലിനെയും കുറിച്ചു പരാമർശമില്ല.

700 കോടി രൂപയ്ക്കു കിട്ടേണ്ടിയിരുന്ന വിമാനം വാങ്ങിയത് 1700 കോടി രൂപയ്ക്ക്. വിമാനങ്ങളിലെ ആയുധങ്ങൾക്കും സാ‌ങ്കേതികവിദ്യയ്ക്കും മാറ്റമില്ലാതെയാണിത്.

സർക്കാരും സർക്കാരും തമ്മിൽ നടന്ന ഇടപാടിൽ റിലയൻസാണ് ഇടനിലക്കാരൻ.

ക്രിമിനൽ ശിക്ഷാനിയമത്തിലെ പുതുക്കിയ വകുപ്പനുസരിച്ച്, സ്വകാര്യവ്യക്തിക്കു ലാഭമുണ്ടാക്കാൻ സഹായിച്ച പൊതുസേവകൻ ശിക്ഷിക്കപ്പെടണം

Top