Chiking
Latest News

ബിജെപിക്കെതിരെയുള്ള പ്രതിപക്ഷ ഐക്യത്തിന് ഇല്ല; തെരെഞ്ഞെടുപ്പുകളില്‍ ഒറ്റയ്ക്ക് മത്സരിക്കും: അരവിന്ദ് കെജ്രിവാള്‍

Web Desk
Indian Telegram Android App Indian Telegram IOS App

ന്യൂഡല്‍ഹി: അടുത്ത ലോകസഭാ തെരെഞ്ഞെടുപ്പ് ലക്ഷ്യമിട്ട് ബിജെപിക്കെതിരെ പ്രതിപക്ഷ പാര്‍ട്ടികള്‍ ശക്തമാക്കുന്ന ഐക്യം കണ്ടില്ലെന്ന് നടിച്ച് ആം ആദ്മി പാര്‍ട്ടി. പ്രതിപക്ഷ സഖ്യത്തില്‍ ചേരില്ലെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ വ്യക്തമാക്കി. പ്രതിപക്ഷ സഖ്യത്തില്‍ ചേരുന്ന പാര്‍ട്ടികളുടെയൊന്നും ലക്ഷ്യം രാജ്യത്തിന്റെ വികസനമല്ലെന്നും അദ്ദേഹം പറഞ്ഞു. എഎപിയുടെ നേതൃത്വത്തില്‍ ഹരിയാനയില്‍ നടക്കുന്ന കന്‍വാര്‍ യാത്രയില്‍ പങ്കെടുത്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഹരിയാന നിയമസഭയിലും മറ്റു പൊതുതെരെഞ്ഞെടുപ്പുകളിലും എല്ലാ സീറ്റുകളിലേക്കും എഎപി ഒറ്റയ്ക്ക് മത്സരിക്കുമെന്നും 2019ല്‍ ഒരു സഖ്യവുമായും ചേരാനില്ലെന്നും കെജ്രിവാള്‍ പറഞ്ഞു. ഡല്‍ഹിയില്‍ ജന നന്മയ്ക്കായി പാര്‍ട്ടി ചെയ്യുന്ന എല്ലാ കാര്യങ്ങളും കേന്ദ്ര സര്‍ക്കാര്‍ മുടക്കുകയാണ്. അതിനാലാണ് പല വികസന പ്രവൃത്തികളും പാതിവഴിയിലായതെന്നും കേജ്‌രിവാള്‍ കൂട്ടിച്ചേര്‍ത്തു. വിദ്യാഭ്യാസ-ആരോഗ്യ മേഖലയില്‍ സര്‍ക്കാര്‍ മികച്ച മുന്നേറ്റമാണുണ്ടാക്കിയിരിക്കുന്നത്.

വികസനം എപ്രകാരം നടപ്പാക്കാമെന്നത് ഹരിയാന മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടര്‍ ഡല്‍ഹി സര്‍ക്കാരിനെ കണ്ടുപഠിക്കണമെന്നും കെജ്രിവാള്‍ പറഞ്ഞു. ജല, വൈദ്യുതി മേഖലയിലെ ഡല്‍ഹി മാതൃക ലോകം മുഴുവന്‍ പ്രശംസിക്കുകയാണ്. എന്നാല്‍ ഹരിയാനയില്‍ പലര്‍ക്കും അടിസ്ഥാന സൗകര്യങ്ങളോ കുടിവെള്ളമോ വൈദ്യുതിയോ ലഭിക്കുന്നില്ല. കേന്ദ്രത്തിന്റെ സഹായമില്ലാതെയാണ് വിദ്യാഭ്യാസ മേഖലയിലെ ഉള്‍പ്പെടെ ഡല്‍ഹി മുന്നേറ്റം. ഡല്‍ഹിക്ക് ഇതെല്ലാം സാധിക്കുമെങ്കില്‍ കേന്ദ്ര പിന്തുണയുള്ള ഹരിയാനയിലെ ബിജെപി സര്‍ക്കാരിന് എന്തുകൊണ്ടു സാധിക്കുന്നില്ല കെജ്‌രിവാള്‍ ചോദിച്ചു. ഹരിയാനയിലും ഡല്‍ഹിയിലും ഏകദേശം ഒരേസമയമാണു സര്‍ക്കാര്‍ അധികാരത്തിലെത്തിയതെന്നും കെജ്രിവാള്‍ കൂട്ടിച്ചേര്‍ത്തു.

Top