Chiking
Latest News

ശബരിമലയില്‍ കനത്ത മഴ; പമ്പയില്‍ ജലനിരപ്പ് ഉയര്‍ന്നു; കടകള്‍ മുങ്ങി (ചിത്രങ്ങള്‍)

Web Desk
Indian Telegram Android App Indian Telegram IOS App

പമ്പ: ശബരിമലയില്‍ കനത്ത മഴ തുടരുന്നു. കനത്ത മഴയെ തുടര്‍ന്ന് പത്തനംതിട്ട കൊച്ചുപമ്പ ഡാമിന്റെ ഷട്ടറുകള്‍ തുറന്നെങ്കിലും ജലനിരപ്പ് ഉയരുകയാണ്.ഡാമിന്റെ വൃഷ്ടിപ്രദേശങ്ങളില്‍ മഴ ശക്തമായതോടെ ജലം അനിയന്ത്രിതമായി നിറഞ്ഞിരുന്നു. പമ്പാ പരിസരത്തെ കടകള്‍ മുങ്ങിയിരിക്കുകയാണ്.

അതേസമയം, ശബരിഗിരി ജലവൈദ്യുതി പദ്ധതിയുടെ കക്കി ആനത്തോട് ഡാമിന്റെ ഷട്ടറും തുറന്നിരിക്കുകയാണ്. ഡാം നിറഞ്ഞതിനെ തുടര്‍ന്ന് നാല് ഷട്ടറില്‍ രണ്ടെണ്ണം തുറന്നത്.

സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ മഴ ശക്തമായി തുടരുകയാണ്. മധ്യകേരളത്തിലും വടക്കന്‍ ജില്ലകളിലും അതിതീവ്രമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. വരുന്ന 48 മണിക്കൂര്‍ കൂടി കാലവര്‍ഷം സജീവമായി തുരുമെന്നാണ് കാലാവസ്ഥാ പ്രവചനം. മഴയില്‍ ഇന്നലെയും ഇന്നുമായി സംസ്ഥാനത്ത് മരണം 27 ആയി. രക്ഷാപ്രവര്‍ത്തനത്തിന് സൈന്യം രംഗത്തുണ്ട്. ഇടുക്കി ഡാമില്‍ നിന്ന് കൂടുതല്‍ വെളളം തുറന്നുവിട്ടതോടെ തീരമേഖലകളില്‍ യുദ്ധസമാന മുന്നൊരുക്കങ്ങളാണ് നടക്കുന്നത്. മഴയ്‌ക്കൊപ്പം ദുരിതം വിതച്ചു സംസ്ഥാനത്ത് പലയിടത്തും ഉരുള്‍പൊട്ടലുണ്ടായി. പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്നലെ രാത്രി മുഖ്യമന്ത്രി പിണറായി വിജയനെ വിളിച്ച് കേന്ദ്രത്തിന്റെ എല്ലാ സഹായവും വാഗ്ദാനം ചെയ്തു. മഴ ദുരിതം വിതച്ച കേരളത്തിനായി അ!ഞ്ചു കോടി രൂപ നല്‍കുമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമി പ്രഖ്യാപിച്ചു. കേരളം ആവശ്യപ്പെടുന്ന മുറയ്ക്കു കൂടുതല്‍ സഹായം നല്‍കാന്‍ തയ്യാറാണെന്നും അദ്ദേഹം അറിയിച്ചു.

ദേശീയ ദുരന്ത പ്രതികരണ സേനയുടെ ഒരു സംഘത്തെ ഹെലികോപ്റ്റര്‍ മുഖേന വയനാട്ടില്‍ എത്തിച്ചു. 15 അംഗങ്ങളാണ് സംഘത്തില്‍ ഉള്ളത്. 48 പേരടങ്ങുന്ന മറ്റൊരു സംഘം രാവിലെയോടെ വയനാട്ടിലെത്തി. 28 പേരടങ്ങുന്ന ഒരു സംഘം മലപ്പുറത്തും 28 പേരടങ്ങുന്ന മറ്റൊരു സംഘം കോഴിക്കോടും പ്രവര്‍ത്തനം ആരംഭിച്ചു. 48 പേരടങ്ങുന്ന ഒരു സംഘം നിലവില്‍ കോഴിക്കോട് ദുരന്തനിവാരണ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നുണ്ട്. രാത്രിയോടെ ദേശീയ ദുരന്ത പ്രതികരണ സേനയുടെ മൂന്ന് സംഘങ്ങള്‍ പാലക്കാട് എത്തി. ഇവരില്‍ 28 പേരടങ്ങുന്ന ഒരു സംഘം പാലക്കാടും 48 പേരടങ്ങുന്ന മറ്റൊരു സംഘം ഇടുക്കിയിലേക്കും പോയി.

ആലപ്പുഴ ജില്ലയിലെ മൂന്നു താലൂക്കുകളിലെ വിവിധ പ്രദേശങ്ങളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അംഗന്‍വാടികള്‍ക്കും ജില്ല കലക്ടര്‍ ഉച്ചയ്ക്കു ശേഷം അവധി പ്രഖ്യാപിച്ചു. തഹസില്‍ദാര്‍മാരുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് അവധി. പമ്പ, കക്കി ഡാമുകളുടെ ഷട്ടറുകള്‍ തുറന്ന സാഹചര്യത്തിലാണ് അവധി.

ചിത്രങ്ങള്‍ കാണാന്‍ പിക്ടോറിയല്‍ മെനുവില്‍ പോകുക.

Top