Chiking
Latest News

സംസ്ഥാനത്ത് തകര്‍ന്ന റോഡുകളുടെ പണി ഒരുമിച്ച് തുടങ്ങുമെന്ന് മന്ത്രി ജി.സുധാകരന്‍; ഇതിനായി ചട്ടങ്ങള്‍ പൊളിക്കേണ്ടതുണ്ട്

Web Desk
Indian Telegram Android App Indian Telegram IOS App

ആലപ്പുഴ: സംസ്ഥാനത്ത് തകര്‍ന്ന റോഡുകളുടെ പണി ഒരുമിച്ച് തുടങ്ങുമെന്ന് മന്ത്രി ജി.സുധാകരന്‍. ഇതിനായി ചട്ടങ്ങള്‍ പൊളിക്കേണ്ടതുണ്ട്. നിയമഭേദഗതി കൊണ്ടുവരുമെന്നും മന്ത്രി പറഞ്ഞു.40,000 കിലോമീറ്റര്‍ റോഡ് നന്നാക്കണം. യുദ്ധകാലാടിസ്ഥാനത്തിലുള്ള നടപടികള്‍ക്കാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി.

പ്രളയക്കെടുതിയില്‍ തകര്‍ന്ന റോഡുകള്‍ പുനഃസ്ഥാപിക്കന്‍ 6000 കോടി വേണമെന്ന് മന്ത്രി നേരത്തെ അറിയിച്ചിരുന്നു. റോഡുകളുടെ നിര്‍മാണം പൂര്‍ത്തികരിക്കുന്നതിന് ഒന്നരവര്‍ഷമെങ്കലും എടുക്കും. നിര്‍മാണത്തിനായി സംസ്ഥാനത്തെ നിയോജക മണ്ഡലത്തിന്റെ അടിസ്ഥാനത്തില്‍ ടെണ്ടര്‍ വിളിക്കുമെന്നും മന്ത്രി പറഞ്ഞു.

റോഡുകളുടെയും പാലങ്ങളുടെയും പുനര്‍നിര്‍മാണത്തിന് 5815.25 കോടി രൂപ വേണമെന്നാണ് പൊതുമരാമത്ത് വകുപ്പിന്റെ കണക്കുകൂട്ടല്‍. റോഡുകളും പാലങ്ങളും പൂര്‍ണമായി നന്നാക്കിയെടുക്കാന്‍ ഒന്നര വര്‍ഷം വേണ്ടിവരും. മൊത്തം 34,732 കിലോമീറ്റര്‍ റോഡ് ആണു തകര്‍ന്നത്. 218 പാലങ്ങള്‍ക്കു കേടുപാടുകളുണ്ട്. കോട്ടയം, പത്തനംതിട്ട, ഇടുക്കി, തൃശൂര്‍ ജില്ലകളിലാണു കൂടുതല്‍ നാശം.

അടിയന്തരമായി നടത്തേണ്ട അറ്റകുറ്റപ്പണികള്‍ക്കായി 1000 കോടി രൂപ സര്‍ക്കാര്‍ അനുവദിച്ചിട്ടുണ്ട്. നിലവിലുള്ള റോഡ് വികസനപദ്ധതികളെ ബാധിക്കാതെ 5000 കോടിയിലേറെ ഇനിയും കണ്ടെത്തുകയെന്നതാണ് വെല്ലുവിളി. പ്രളയത്തില്‍ ഏറ്റവുമധികം സാമ്പത്തിക നഷ്ടമുണ്ടായതു മരാമത്തു വകുപ്പിനാണ്. ചെറിയ റോഡുകള്‍ മുതല്‍ സംസ്ഥാന പാതകള്‍ വരെയുള്ളവയുടെ പുനര്‍നിര്‍മാണത്തിനു 4978.08 കോടി രൂപ വേണം. ദേശീയപാതകള്‍ നന്നാക്കിയെടുക്കാന്‍ 533.78 കോടി രൂപ. തകര്‍ന്ന പാലങ്ങള്‍ നന്നാക്കാന്‍ 293.3 കോടിയും സര്‍ക്കാര്‍ കെട്ടിടങ്ങള്‍ക്കു 10.09 കോടിയും വേണം.

പ്രളയത്തെത്തുടര്‍ന്നു റോഡുകളില്‍ അടിഞ്ഞ മാലിന്യങ്ങള്‍ നീക്കാന്‍ മാത്രം അഞ്ചുകോടിയോളം രൂപ മരാമത്തു വകുപ്പ് ഇതുവരെ ചെലവഴിച്ചു. ഉരുള്‍പൊട്ടലില്‍ 25 ഇടങ്ങളില്‍ റോഡ് തകര്‍ന്നു. ഇവിടെ പാറയും ചെളിയും നീക്കാന്‍ 18 കോടി രൂപ വേണ്ടിവന്നു.

5774 കിലോമീറ്റര്‍ റോഡിലെ കുഴികള്‍ നികത്താന്‍ മാത്രം 368 കോടി രൂപ വേണം. വെള്ളക്കെട്ടു മൂലം ഭാവിയില്‍ റോഡുകള്‍ തകരാതിരിക്കാന്‍ 196 കോടി രൂപ ചെലവില്‍ അഴുക്കുചാലുകള്‍ നിര്‍മിക്കും.

Top