മെസിയില്ലാതെ ഇറങ്ങിയ യങ് അര്‍ജന്റീനയ്ക്ക് സമനിലക്കുരുക്ക്; ഇനി പോരാട്ടം ബ്രസീലിനെതിരെ (വീഡിയോ)
Web Desk
അമേരിക്കയിലെ രണ്ടാം സൗഹൃദ മത്സരത്തില്‍ ഇതിഹാസ താരം ലയണല്‍ മെസിയുടെ അര്‍ജന്റീനയ്ക്ക് സമനിലക്കുരുക്ക്. ലാറ്റിനമേരിക്കയിലെ പ്രമുഖ ടീമായ കൊളംബിയയുമായാണ് അര്‍ജന്റീനിയന്‍ യുവനിര ഗോള്‍ നേടാനാകാതെ സമനില സമ്മതിച്ച് പിരിഞ്ഞത്. ഇതോടെ തോല്‍വിയറിയാതെ അമേരിക്കന്‍ പര്യടനം പൂര്‍ത്തിയാക്കാന്‍ അര്‍ജന്റീനയ്ക്ക് സാധിച്ചു.
ഇതിഹാസ താരമായ ലയണല്‍ മെസിയടക്കം സീനിയര്‍ കളിക്കാരൊന്നുമില്ലാതെയാണ് പുതിയ കോച്ച് ലയണല്‍ സ്കലോനി അര്‍ജന്റീനയെ ഇറക്കിയത്. ആദ്യ മത്സരത്തില്‍ ഗ്വാട്ടിമാലയെ എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്ക് തകര്‍ത്തുകൊണ്ട് തുടങ്ങിയ അര്‍ജന്റീനയ്ക്ക് കൊളംബിയക്കെതിരേ ഗോളുകള്‍ തീര്ക്കാനമായില്ല.
ജയിക്കാനായില്ലെങ്കിലും കൊളംബിയക്കെതിരേയുള്ള അപരാജിത റെക്കോര്‍ഡ് നിലനിര്‍ത്താന്‍ അര്‍ജന്റീനയുടെ പരീക്ഷണ ടീമിന് സാധിച്ചു. 2007നു ശേഷം അര്‍ജന്റീനയെ തോല്‍പ്പിക്കാന്‍ കൊളംബിയക്കു സാധിച്ചിട്ടില്ല. മികച്ച ടീമുമായി ഇറങ്ങിയിട്ടും കൊളംബിയയുടെ യുവനിരയെ മറികടക്കാന്‍ സൂപ്പര്‍ താരം റഡാമെല്‍ ഫല്ക്കാവോയ്ക്കും സംഘത്തിനും കഴിഞ്ഞില്ല.
ലോസ് ആഞ്ചല്‍സിലെ മെറ്റ്ലൈഫ് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ അര്‍ജന്റീനയ്ക്കായിരുന്നു നേരിയ മുന്‍തൂക്കം. ഗ്വാട്ടിമാലയ്ക്കെതിരായ മത്സരത്തിന് സമാനമായി ഈ കളിയിലും അറ്റാക്കിങ് ഫുട്ബോളാണ് കാഴ്ചവച്ചത്. എന്നാല്‍, കൊളംബിയന്‍ ഗോള്‍കീപ്പര്‍ ഡേവിഡ് ഓസ്പിനയെ മറികടക്കാന്‍ അര്‍ജന്റീനയ്ക്കായില്ല. ആദ്യ മിനിറ്റുകളില്‍ എക്സെക്വില്‍ പലാഷ്യോസിന്റെയും മൗറോ ഇക്കാര്‍ഡിയുടെയും ഗോള്‍ ശ്രമങ്ങള്‍ ഓസ്പിന വിഫലമാക്കുകയായിരുന്നു.
#NuevoDesafío 41′ PT, el empate persiste en el @MLStadium cuando se acerca el final de la primera mitad. pic.twitter.com/EA8jRwFN8L
— Selección Argentina 🇦🇷 (@Argentina) September 12, 2018
അര്‍ജന്റീനയുടെ യുവനിരയ്ക്കു മുന്നില്‍ കൊളംബിയയും വിട്ടുകൊടുത്തില്ല. ഒപ്പത്തിനൊപ്പം നില്ക്കുന്ന പ്രകടനമാണ് അവര്‍ പുറത്തെടുത്തത്. ആദ്യപകുതിയില്‍ കൊളംബിയക്കു ലീഡ് നേടാനുള്ള സുവര്‍ണാവസരം ലഭിച്ചിരുന്നു. എന്നാല്‍, ബോക്സിനുള്ളില്‍ വച്ച് ഫല്‍ക്കാവോയുടെ അപകടകരമായ നീക്കം ഗോളി ഫ്രാങ്കോ അര്‍മാനി ഇടപെട്ട് തടയുകയായിരുന്നു.
പ്രമുഖ താരങ്ങളൊന്നും ടീമില്‍ ഇല്ലാതിരുന്നിട്ടും അര്‍ജന്റീനയുടെ പ്രകടനം നിരാശപ്പെടുത്തിയില്ല. ഏറെ പ്രതീക്ഷ നല്‍കുന്നതായിരുന്നു യുവനിരയുടെ പ്രകടനം. കരിയറിലെ രണ്ടാമത്തെ മാത്രം മത്സരത്തില്‍ ഇറങ്ങിയ 19കാരന് ജിയാവാനി ലോ സെല്‍സോയായിരുന്നു അര്‍ജന്റീനയുടെ മിന്നും താരം. ടീമിന്റെ മുന്നേറ്റങ്ങള്‍ക്ക് ചുക്കാന്‍ പിടിച്ചത് സെല്‍സോയായിരുന്നു.
#SelecciónMayor ¡Así formará @Argentina! Estos son los 11 jugadores elegidos por @lioscaloni para enfrentar a @FCFSeleccionCol. pic.twitter.com/G8XDBZbm13
— Selección Argentina 🇦🇷 (@Argentina) September 11, 2018
അര്‍ജന്റീനയ്ക്കും പുതിയ കോച്ച് സ്കലോനിക്കും ഇനിയാണ് യഥാര്‍ത്ഥ അഗ്നിപരീക്ഷ വരാനിരിക്കുന്നത്. അടുത്ത മാസം 16ന് ചിരവൈരികളായ ബ്രസീലുമായാണ് അര്‍ജന്റീനയുടെ അടുത്ത സൗഹൃദ മത്സരം. സൗദി അറേബ്യയാണ് ഗ്ലാമര്‍ പോരാട്ടത്തിന് ആതിഥേയത്വം വഹിക്കുക. ലോകകപ്പിന് ശേഷം ദേശീയ ടീമില്‍ നിന്നും വിട്ടുനില്‍ക്കുന്ന മെസി ബ്രസീലിനെതിരായ കളിയില്‍ തിരിച്ചെത്തുമോയെന്നാണ് ഏവരും ഉറ്റുനോക്കുന്നത്.
വീഡിയോ കാണാന്‍ വീഡിയോ മെനുവില്‍ പോകുക
ചിത്രങ്ങള്‍ കാണാന്‍ പിക്ടോറിയല്‍ മെനുവില്‍ പോകുക