പെട്രോള്‍ നമ്മുടെ ചങ്കില് തീ കോരിയിടുന്നതെങ്ങനെ? അടിക്കടി കൂടുന്ന പെട്രോള്‍ വില; ബിജെപിക്ക് തിരിച്ചടിയായി യുപിഎ ഭരണകാലത്തെ ബിജെപിയുടെ പ്രതിഷേധ പോസ്റ്റുകള്‍
Web Desk
കോട്ടയം: ബിജെപി അധികാരത്തിലെത്തിയതിന് ശേഷം ദിനംപ്രതി പെട്രോള്‍ വില വര്‍ധിക്കുന്ന സാഹചര്യത്തില്‍ ശക്തമായ പ്രതിഷേധമാണ് രാജ്യത്തുടനീളം ഉയരുന്നത്. എന്നാല്‍, ഇന്ധനവില വര്‍ധനവിനെതിരെ അധികാരത്തിലെത്തുന്നതിന് മുമ്പ് ബിജെപി മുന്നോട്ടുവെച്ച അവകാശവാദങ്ങളും വാഗ്ദാനങ്ങളും ഇപ്പോള്‍ ചര്‍ച്ചയായിരിക്കുകയാണ്. യുപിഎ സര്‍ക്കാരിന്റെ കാലത്ത് പെട്രോള്‍ വിലവര്‍ധനവിനെതിരെ ശക്തമായി പ്രതിഷേധിച്ച പാര്‍ട്ടിയാണ് ബിജെപി. അന്ന് പ്രതിഷേധമറിയിച്ചുകൊണ്ടുള്ള ബിജെപിയുടെ സമൂഹമാധ്യമ പോസ്റ്റുകള്‍ ഇപ്പോള്‍ ബിജെപിക്ക് തന്നെ തിരിച്ചടിയായിരിക്കുകയാണ്.
പെട്രോള്‍ നമ്മുടെ ചങ്കില് തീ കോരിയിടുന്നതെങ്ങനെ? അടിക്കടി കൂടുന്ന പെട്രോള്‍ വില. ഈ ദുര്‍ഗതിക്കെതിരെ പരിഹാരം നമുക്കു തന്നെ കണ്ടെത്താനുള്ള സുവര്‍ണാവസരമാണു തെരെഞ്ഞെടുപ്പ്. നിങ്ങളുടെ വോട്ട് വിവേകപൂര്‍വം ഉപയോഗിക്കുക. എന്ന രീതിയില്‍ 2014ല്‍ ബിജെപി ഫെയ്സ്ബുക്കില്‍ പോസ്റ്റ് ചെയ്തിരുന്നു. വാ തുറക്കാത്ത പ്രധാനമന്ത്രിയെക്കുറിച്ചാണു മറ്റൊരു പോസ്റ്റ്. തകര്‍ന്നുകൊണ്ടിരിക്കുന്ന ഭാരതത്തിന് ഉണര്‍വേകാന്‍ കഴിവും അര്‍പ്പണ മനോഭാവവുമുള്ള പ്രധാനമന്ത്രിയെ തെരെഞ്ഞെടുക്കാന്‍ വോട്ട് വിവേകപൂര്‍വം ഉപയോഗിക്കുക. ഒപ്പം നല്‍കിയിരിക്കുന്ന ചിത്രത്തിലെ വരികളാണ് പ്രധാനം.
‘ വാ തുറക്കാത്ത ഒരു പ്രധാനമന്ത്രി നമ്മുടെ രാജ്യത്തെ എത്ര പിന്നിലേക്ക് വലിച്ചോ അതിന്റെ എത്രയോ മടങ്ങ് അപകടകരമായ അവസ്ഥയായിരിക്കും അപക്വവും വിഡ്ഢിത്തം വിളമ്പുന്നതുമായ ഒരു പ്രധാനമന്ത്രി നമുക്ക് സമ്മാനിക്കുക’ എന്നതാണ് ചിത്രത്തില്‍ നല്‍കിയിരിക്കുന്നത്.
ലോക്സഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായി ആയിരുന്നു ഈ പോസ്റ്റ്. മറ്റൊരു തിരഞ്ഞെടുപ്പിനു മുമ്പ് റെക്കോര്‍ഡിട്ട് ഓരോ ദിവസവും ഇന്ധനവില കുതിക്കുമ്പോള്‍ ബിജെപി മൗനത്തിലാണ്. വില കുറച്ചാല്‍ വികസനത്തിനു തിരിച്ചടിയാകുമെന്നും കുറയ്ക്കില്ലെന്നുമുള്ള ഉറച്ച നിലപാടിലാണു കേന്ദ്രം.
സ്വിസ് ബാങ്കില്‍ ഇന്ത്യക്കാര്‍ നിക്ഷേപിച്ചിരിക്കുന്ന കള്ളപ്പണം നമ്മുടെ രാജ്യത്തേക്കു കൊണ്ടുവന്നാല്‍ നമ്മുടെ സമ്പദ്വ്യവസ്ഥ ശക്തി പ്രാപിക്കും. സാധാരണക്കാരന്റെ നട്ടെല്ലൊടിക്കാന്‍ അനുവദിക്കരുത്. അതിനിടെ സ്വിസ് ബാങ്കുകളിലെ ഇന്ത്യക്കാരുടെ നിക്ഷേപം വീണ്ടും ഉയര്‍ന്നു. 2017ല്‍ 50% വര്‍ധിച്ച് 7,000 കോടിയായി. അഴിമതിക്കെതിരെയും വിലക്കയറ്റത്തിനെതിരെയും ശബ്ദമുയര്‍ത്തിയ പോസ്റ്റുകള്‍. കള്ളപ്പണത്തെക്കുറിച്ച് ഇപ്പോള്‍ കേന്ദ്രനേതാക്കളാരും അധികം സംസാരിക്കാറില്ല. പരാജയവാദങ്ങളെയെല്ലാം ശരിവെച്ച ആര്‍ബിഐ റിപ്പോര്‍ട്ട് മുന്നിലുണ്ടല്ലോ.
ഉത്തരേന്ത്യയില്‍ പശുവിന്റെ പേരില്‍ മാത്രം നടന്ന കൊലപാതകങ്ങളുടെയും അക്രമങ്ങളുടെ കണക്ക് മതി ഈ വാഗ്ദാനത്തിന്റെ ആഴവും പരപ്പും മനസ്സിലാക്കാന്‍. കര്‍ഷകന്റെ പ്രശ്നങ്ങള്‍ രൂക്ഷമായെന്നും പരിഹരിക്കാന്‍ മോദി സര്‍ക്കാരിനു വോട്ടുനല്‍കാനും ആഹ്വാനം. മഹാരാഷ്ട്ര, മധ്യപ്രദേശ്, ഉത്തര്‍പ്രദേശ്, പഞ്ചാബ്, തെലങ്കാന, ഛത്തീസ്ഗഡ് തുടങ്ങി ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലുള്‍പ്പെടെ കര്‍ഷക ആത്മഹത്യകള്‍ പെരുകി. മാര്‍ച്ചില്‍ മഹാരാഷ്ട്രയിലെ കര്‍ഷകപ്രക്ഷോഭം മോദി അധികാരത്തിലേറിയ ശേഷമുള്ള കര്‍ഷകന്റെ അവസ്ഥയാണ് വിളിച്ചുപറഞ്ഞത്.
ചിത്രങ്ങള്‍ കാണാന്‍ പിക്ടോറിയല്‍ മെനുവില്‍ പോകുക