Chiking
Latest News

ടിപി വധക്കേസിലെ രണ്ടാം പ്രതി കിര്‍മാണി മനോജ് വിവാഹിതനായി; 11 ദിവസത്തെ പരോളില്‍ പുറത്തിറങ്ങിയ പ്രതിയുടെ വിവാഹം പൊലീസ് അകമ്പടിയോടെ; രഹസ്യ വിവാഹം പോണ്ടിച്ചേരിയില്‍ വെച്ച്

Web Desk
Indian Telegram Android App Indian Telegram IOS App

തലശ്ശേരി: ആര്‍എംപി നേതാവ് ടി പി ചന്ദ്രശേഖരന്‍ വധക്കേസിലെ രണ്ടാം പ്രതി കിര്‍മാണി മനോജ് വിവാഹിതനായി. 11 ദിവസത്തെ പരോള്‍ നല്‍കിയാണ് വിവാഹം കഴിപ്പിച്ചിരിക്കയാണ്. ഇന്നലെ പോണ്ടിച്ചേരിയില്‍ വച്ചാണ് കിര്‍മാണി മനോജ് വിവാഹിതനായത്. മാഹിയില്‍ നിന്നും 800 കിലോമീറ്റര്‍ അകലെയുള്ള പോണ്ടിച്ചേരി സിദ്ധാനന്ദ് കോവിലില്‍ വെച്ച് വിവാഹം നടന്നത്. വടകര ഓര്‍ക്കാട്ടേരി സ്വദേശിയായ വധു ഒരു കുട്ടിയുടെ മാതാവു കൂടിയാണ്. ടി പി ചന്ദ്രശേഖരന്റെ നാടും ഇവിടെയാണ്. നാട്ടുകാര്‍ക്ക് വേണ്ടി മാഹി പന്തക്കലിലെ വീട്ടില്‍ വെച്ച് വിവാഹ സത്ക്കാരം സംഘടിപ്പിച്ചേക്കും. ഇന്നലെ നടന്ന വിവാഹത്തിന് പൊലീസ് അകമ്പടിയും ഉണ്ടായിരുന്നു.

പൂജാരിയുള്‍പ്പെടെയുള്ളവരുടെ കാര്‍മ്മികത്വത്തിലായിരുന്നു വിവാഹം. അതീവ രഹസ്യമായിട്ടായിരുന്നു വിവാഹം നടത്തിയത്. അടുത്ത ബന്ധുക്കളും ചില പാര്‍ട്ടി പ്രവര്‍ത്തകരും മാത്രമാണ് ചടങ്ങില്‍ സംബന്ധിച്ചത്. ടി.പി കേസിലെ മറ്റൊരു പ്രതിയായ മുഹമ്മദ് ഷാഫിയും ജീവപര്യന്തം തടവ് ശിക്ഷ അനുഭവിക്കുന്നതിനിടെ കഴിഞ്ഞ വര്‍ഷം വിവാഹിതനായിരുന്നു. ഷാഫിയുടെ വിവാഹത്തിന് സിപിഐഎം നേതാക്കള്‍ അടക്കം പങ്കെടുത്തിരുന്നു.

തലശ്ശേരി എംഎല്‍എ എ എന്‍ ഷംസീര്‍ അടക്കമുള്ളവര്‍ വിവാഹത്തില്‍ പങ്കെടുത്തതാണ് അന്ന് വിവാദത്തിലായത്. അതുകൊണ്ട് തന്നെയാണ് ഇത്തവണ വിവാദം ഒഴിവാക്കാനായി നേതാക്കള്‍ വിവാഹ ചടങ്ങില്‍ നിന്നും വിട്ടുനിന്നത്. അതേസമയം കല്യാണത്തിന് വേണ്ട എല്ലാ സഹായങ്ങളും നല്‍കിയത് ഒരുക്കി നല്‍കിയത് പാര്‍ട്ടി തന്നെയാണെന്ന ആരോപണം ഉയര്‍ന്നിട്ടുണ്ട്. പരോള്‍ നല്‍കിയതില്‍ അടക്കം സര്‍ക്കാറിന്റെ താല്‍പ്പര്യം വ്യക്തമാണെന്ന് ആര്‍എംപി നോതാക്കള്‍ പറഞ്ഞത്.

നേരത്തെയും ടി പി വധക്കേസ് പ്രതികള്‍ക്ക് അനുകൂലമായി സിപിഐഎം ഇടപെടല്‍ നടന്നിരുന്നു. ടി പി വധക്കേസിലെ മുഖ്യസൂത്രധാരനായ കുഞ്ഞനന്തന് ശിക്ഷാ ഇളവ് നല്‍കാനും സര്‍ക്കാര്‍ നീക്കം നടന്നിരുന്നു. പാര്‍ട്ടിയില്‍ തിരിച്ചെടുത്ത സംഭവവും ഉണ്ടായി. ഇതെല്ലാം ടി പി വധക്കേസ് പ്രതികള്‍ക്ക് സിപിഐഎമ്മുമായുള്ള ബന്ധത്തിന്റെ തെളിവായിരുന്നു. കഴിഞ്ഞ വര്‍ഷം വിവാഹിതനായി ടി പി വധക്കേസ് പ്രതി ഷാഫിയുടെ വിവാഹ ചടങ്ങും അത്യാര്‍ഭാഡം നിറഞ്ഞതായിരുന്നു. കോട്ടും സ്യൂട്ടും ധരിച്ചു കൊണ്ട് ഷാഫി തുറന്ന ഔഡി കാറില്‍ നിന്നും ചുറ്റു നിന്നവര്‍ക്ക് നേരെ കൈവീശി കാണിച്ചാണ് എത്തിയത്. പുതുപുത്തന്‍ ഔഡി കാറില്‍ ചൊക്ലി നഗരത്തില്‍ ചുറ്റിക്കറങ്ങിയാണ് ഷാഫിയുടെ വിവാഹ ആഘോഷം നടന്നത്.

നേരത്തെ ഷാഫിയുടെ വിവാഹക്ഷണക്കത്ത് ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്തുകൊണ്ട് നേരത്തെ പാര്‍ട്ടി ശാസിച്ച സിപിഐഎം സൈബര്‍ പ്രചാരകന്‍ ആകാശ് തില്ലങ്കേരി എല്ലാവരെയും വിവാഹത്തിന് ക്ഷണിച്ചിരുന്നു. വിവാഹാവശ്യത്തിനു വേണ്ടിയുള്ള പരോളിന് അപേക്ഷനല്‍കാനായി മാത്രം അച്ചടിച്ച ഇംഗ്ലീഷില്‍ തയ്യാറാക്കിയ ക്ഷണക്കത്ത് ആകാശ് തില്ലങ്കേരി ഫെയ്‌സ്ബുക്കില്‍ പ്രചരിപ്പിക്കുകയായിരുന്നു. പിന്നീട് ആകാശ് തില്ലങ്കേരി ഷുഹൈബ് വധക്കേസില്‍ അറസ്റ്റിലാകുകയായിരുന്നു.

Top