Chiking
Latest News

ഏഷ്യാ കപ്പ് ക്രിക്കറ്റിന് നാളെ അബുദബിയില്‍ തുടക്കം; ഉദ്ഘാടന മത്സരം ബംഗ്ലാദേശും ശ്രീലങ്കയും തമ്മില്‍; ഇന്ത്യ-പാക് മല്‍സരം ബുധനാഴ്ച

Web Desk
Indian Telegram Android App Indian Telegram IOS App

അബുദബി: ഏഷ്യന്‍ വന്‍കരയുടെ ക്രിക്കറ്റ് പോരാട്ടത്തിന് ശനിയാഴ്ച തുടക്കമാകും. ഇന്ത്യയടക്കം ആറു ടീമുകളാണ് പതിനാലാമത് ഏഷ്യാ കപ്പ് ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ പങ്കെടുക്കുന്നത്. ബംഗ്ലദേശും ശ്രീലങ്കയും തമ്മിലാണ് ഉദ്ഘാടന മത്സരം. ബുധനാഴ്ചയാണ് ലോകം കാത്തിരിക്കുന്ന ഇന്ത്യ-പാകിസ്താന്‍ മല്‍സരം. അഫ്ഗാനിസ്ഥാനും ഹോങ്കോങ്ങുമാണ് ടൂര്‍ണമെന്റിലെ കുഞ്ഞന്‍ സംഘങ്ങള്‍. വിരാട് കോഹ്‌ലിയുടെ അഭാവത്തില്‍ രോഹിത് ശര്‍മയാണ് ഇന്ത്യയെ നയിക്കുന്നത്.

കിരീടം ആര്‍ക്കെന്ന ആകാംക്ഷയേക്കാള്‍ വലുതാണ് ഇന്ത്യ-പാക്ക് ക്രിക്കറ്റ് പോരിനായുള്ള കാത്തിരിപ്പ്. ഷാര്‍ജ കപ്പ് കണ്ട് കോരിത്തരിച്ചിട്ടുള്ള ക്രിക്കറ്റ് ആരാധകര്‍ അബുദബിയിലെ സ്റ്റേഡിയത്തെ നിറയ്ക്കുമെന്ന കാര്യം ഉറപ്പ്. നായകനില്ലെങ്കിലും വീര്യത്തില്‍ ഇന്ത്യ തന്നെ മുന്‍പന്തിയിലാണ്. 13 ഏഷ്യ കപ്പുകളില്‍ ആറിലും ഇന്ത്യയ്ക്കായിരുന്നു കിരീടം. ഇംഗ്ലണ്ടില്‍ ടെസ്റ്റ് പരമ്പര കൈവിട്ടെങ്കിലും ഏകദിന പരമ്പരയിലെ മികവ് തുടരുമെന്നാണ് പ്രതീക്ഷ. രോഹിതിന്റെ നേതൃത്വത്തിലുള്ള സംഘം അബുദബിയല്‍ ലാന്‍ഡ് ചെയ്തു. രണ്ട് മാസം നീണ്ട ഇംഗ്ലണ്ട് പര്യടനത്തിന്റെ ക്ഷീണം മാറിയിട്ടില്ല ഭൂരിഭാഗം താരങ്ങള്‍ക്കും. ഏകദിന റാങ്കിങ്ങില്‍ രണ്ടാമതുള്ള ഇന്ത്യ കഴിഞ്ഞാല്‍ അഞ്ചാമതുള്ള പാക്കിസ്ഥാനാണ് കരുത്തര്‍.

നാളുകളായി യുഎഇയില്‍ ഹോംമല്‍സരങ്ങള്‍ കളിക്കുന്ന പാകിസ്താന് സാഹചര്യങ്ങള്‍ അനുകൂലമാണ്. പഴയ പ്രതാപം കൈവിട്ടെങ്കിലും ശ്രീലങ്കയേയും ഏഴുതിത്തള്ളുന്നില്ല ക്രിക്കറ്റ് പ്രേമികള്‍. വിന്‍ഡീസിനെതിരെ പരമ്പര നേടിയ ആത്മവിശ്വാസവുമായെത്തുന്ന ബംഗ്ലദേശ് ഏതു കൊമ്പനേയും അട്ടിമറിക്കാന്‍ പോന്നവര്‍ ആണ്. രണ്ടു ഗ്രൂപ്പുകളിലെ ആദ്യ രണ്ട് സ്ഥാനക്കാര്‍ സെമിയിലെത്തുമെന്നതിനാല്‍ 28ന് നടക്കുന്ന ഫൈനലില്‍ ആരൊക്കെയെന്നറിഞ്ഞാല്‍ മതി.

Top