Chiking
Latest News

സര്‍ എന്താണിവിടെ സംഭവിക്കുന്നത്; ആരോപണങ്ങളെ മൂടിവയ്ക്കുക എന്ന പ്രതിവിധി ഇനി ഏല്‍ക്കില്ല; ബിജെപിക്കെതിരെ ഒളിയമ്പുമായി ശത്രുഘ്‌നന്‍ സിന്‍ഹ

Web Desk
Indian Telegram Android App Indian Telegram IOS App


ന്യൂഡല്‍ഹി: ഉയരുന്ന പെട്രോള്‍ വിലയും ഇടിയുന്ന രൂപയുടെ മൂല്യവുമെല്ലാം പരിഹരിക്കാന്‍ കഴിയാത്ത പ്രശ്‌നങ്ങളായി നിലനില്‍ക്കേ മല്യ വിഷയത്തില്‍ കേന്ദ്രമന്ത്രി അരുണ്‍ ജെയ്റ്റ്‌ലിക്കെതിരേ പുതിയ ആരോപണങ്ങള്‍ ഉയരുകയാണ്. ഈ സാഹചര്യത്തെ പരാമര്‍ശിച്ച് ബിജെപി എംപി ശത്രുഘ്‌നന്‍ സിന്‍ഹ രംഗത്തെത്തി. വിനായകചതുര്‍ത്ഥി ആശംസകള്‍ നേര്‍ന്നുകൊണ്ടുള്ള ട്വീറ്റിനൊപ്പമാണ് പാര്‍ട്ടി നേതൃത്വത്തിനെതിരെ പരിഹാസ ശരമെയ്തിരിക്കുന്നത്.

‘സര്‍ എന്താണ് സംഭവിക്കുന്ന’തെന്ന് ചോദിച്ചുകൊണ്ടാണ് ശത്രുഘ്‌നന്‍ സിന്‍ഹയുടെ ട്വീറ്റ്. ‘എനിക്ക് കലക്കവെള്ളത്തില്‍ മീന്‍ പിടിക്കാന്‍ താല്പര്യമുണ്ടായിട്ടല്ല. പക്ഷേ, റോക്കറ്റ് പോലെ കുതിക്കുന്ന പെട്രോള്‍ വില ആയാലും ഡോളറിനെതിരെ താഴേക്ക് ഇടിയുന്ന രൂപയുടെ മൂല്യമായാലും റാഫേല്‍ കരാര്‍ ആയാലും, ഒന്നും തന്നെ പരിഹരിക്കാന്‍ നമ്മളെക്കൊണ്ട് കഴിയുന്നതല്ല. ഇതൊക്കെയാണ് ജനങ്ങളെ കടുത്ത നിരാശയിലേക്ക് എത്തിച്ചിരിക്കുന്നത്.’ ട്വീറ്റില്‍ പറയുന്നു.

‘ഈ ആരോപണത്തെ മൂടിവയ്ക്കുക എന്ന പ്രതിവിധി ഇനി ഏല്‍ക്കില്ല. താങ്കളുടെ ആശീര്‍വാദമോ അനുവാദമോ കൂടാതെയാണ് ഇതൊക്കെ നടന്നതെന്ന് വിശ്വസിക്കാന്‍ പ്രയാസമാണ്. നമ്മളെന്തിനാണ് വസ്തുതകളെ വളച്ചൊടിക്കാന്‍ ശ്രമിക്കുന്നത്? നമ്മുടെ ആള്‍ക്കാര്‍ക്കും താങ്കള്‍ക്കും മാധ്യമങ്ങളെ നിയന്ത്രിക്കാനുള്ള കഴിവുണ്ടല്ലോ. സന്തോഷകരമായ വിനായക ചതുര്‍ഥി ആശംസിക്കുന്നു, ജയ് ഹിന്ദ്.’ എന്നു പറഞ്ഞാണ് ട്വീറ്റ് അവസാനിക്കുന്നത്.

ബാങ്ക് വായ്പാത്തട്ടിപ്പ് കേസില്‍ പ്രതിയായ വിജയ് മല്യയെ രാജ്യത്തിന് പുറത്തുകടക്കാന്‍ ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി സഹായിച്ചതിന് തെളിവുണ്ട് എന്നതാണ് ബിജെപിക്കെതിരേ ഏറ്റവുമൊടുവില്‍ ഉയര്‍ന്ന ആരോപണം.

Top