Chiking
Latest News

പാക് ഭീകര സംഘടന ജെയ്‌ഷെ മുഹമ്മദ് തലവന്‍ മസൂദ് അസര്‍ ഗുരുതരാവസ്ഥയില്‍

Web Desk
Indian Telegram Android App Indian Telegram IOS App

ന്യൂഡല്‍ഹി: പാക് ഭീകര സംഘടനയായ ജെയ്‌ഷെ മുഹമ്മദ് തലവനും ജമ്മു കശ്മീരിലെ പത്താന്‍കോട്ട് സൈനികകേന്ദ്ര ആക്രമണത്തിന്റെ സൂത്രധാരനുമായ മസൂദ് അസര്‍ ഗുരുതരാവസ്ഥയിലെന്ന് റിപ്പോര്‍ട്ട്. എഴുന്നേല്‍ക്കാന്‍ പോലും കഴിയാത്ത അവസ്ഥയില്‍ കഴിയുകയാണെന്ന് ഇന്ത്യന്‍ രഹസ്യാന്വേഷണ ഏജന്‍സികള്‍ പറയുന്നു. 2016ല്‍ ഉറിയിലെ സൈനിക ക്യാംപ് ആക്രമിച്ച് 17 ഇന്ത്യന്‍ സൈനികരെ വധിച്ച സംഭവത്തിന്റെ മുഖ്യസൂത്രധാരനും മസൂദാണ്.

50കാരനായ മസൂദ് അസറിന് നട്ടെല്ലിനും വൃക്കക്കുമാണ് ഗുരുതരമായ രോഗം ബാധിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇയാളിപ്പോള്‍ റാവല്‍പ്പിണ്ടി പട്ടാള ആശുപത്രിയില്‍ ചികിത്സയിലുണ്ടെന്നാണ് ഇന്ത്യന്‍ രഹസ്യാന്വേഷണ വിഭാഗത്തിന് ലഭിച്ചിരിക്കുന്ന വിവരം. ഒന്നര വര്‍ഷത്തിലേറെയായി ഇയാള്‍ അസുഖ ബാധിതനായി ചികിത്സയിലായിരുന്നെന്നും വിവരമുണ്ട്. മസൂദിന്റെ അനാരാഗ്യത്തെ തുടര്‍ന്ന് സംഘടനയുടെ അധികാരം സംബന്ധിച്ച് അയാളുടെ രണ്ട് സഹോദരന്മാര്‍ തമ്മില്‍ തര്‍ക്കങ്ങളുണ്ടായെന്നും റിപ്പോര്‍ട്ടുണ്ട്. സഹോദരങ്ങളായ റൗഫ് അസ്ഗര്‍ അത്തര്‍ ഇബ്രാഹിം എന്നിവര്‍ വേര്‍പിരിഞ്ഞാണ് പ്രവര്‍ത്തിക്കുന്നതെന്നും ഇന്ത്യന്‍ രഹസ്യാന്വേഷണ ഏജന്‍സികള്‍ പറയുന്നു.

ഇന്ത്യയില്‍ ജയിലിലായിരുന്നു മസൂദ് അസറിനെ 1999 ല്‍ കാണ്ഡഹാര്‍ വിമാന റാഞ്ചലിനെ തുടര്‍ന്ന് മോചിപ്പിക്കുകയായിരുന്നു. അല്‍ഖ്വയ്ദയുടെയും താലിബാന്റെയും ഐഎസ്‌ഐയുടെയും പിന്തുണയോടെയാണ് കാണ്ഡഹാര്‍ വിമാന റാഞ്ചല്‍ നടന്നതെന്നാണ് കരുതപ്പെടുന്നത്. അസറിന്റെ സഹോദരനായ അതര്‍ ഇബ്രാഹീമാണ് കാണ്ഡഹാര്‍ വിമാന റാഞ്ചലിന്റെ നേത്യത്വം വഹിച്ചതെന്നും കരുതപ്പെടുന്നു. അസറും അതറും ഉള്‍പ്പടെയുള്ള ജെയ്‌ഷെ മുഹമ്മദ് നേതാക്കന്മാര്‍ക്ക് പാകിസ്താന്‍ ഭരണാധികാരികളുമായും അടുത്ത ബന്ധമുണ്ടെന്നാണ് ഇന്ത്യയുടെ ആരോപണം.

മസൂദിനെ ആഗോള തീവ്രവാദിയായി പ്രഖ്യാപിക്കണമെന്ന് ഇന്ത്യ നേരത്തെ ഐക്യരാഷ്ടസഭയുടെ സുരക്ഷാ കൗണ്‍സിലില്‍ ആവശ്യപ്പെട്ടിരുന്നു. ഇന്ത്യയുടെ ആവശ്യത്തെ അമേരിക്ക, ബ്രിട്ടന്‍, ഫ്രാന്‍സ് ഉള്‍പ്പെടെയുള്ള സുരക്ഷാ കൗണ്‍സില്‍ അംഗങ്ങള്‍ അനുകൂലിച്ചിരുന്നു. എന്നാല്‍ ചൈനയുടെ ശക്തമായ എതിര്‍പ്പിനെ തുടര്‍ന്ന് പ്രഖ്യാപനം ഉണ്ടായിട്ടില്ല. മസൂദിന്റെ സമ്പത്ത് മരവിപ്പിക്കണമെന്നും അന്താരാഷ്ട്ര യാത്രകള്‍ തടയണമെന്നുമുള്ള നിര്‍ദ്ദേശത്തേയും ചൈന വീറ്റോ ചെയ്തിരുന്നു.

Top