Chiking
Latest News

മീ ടൂ ക്യാമ്പെയിന്‍ ആളിക്കത്തുന്നു; നാനാ പടേക്കറെ കൂടാതെ വൈരമുത്തു, ചേതന്‍ ഭഗത്, കൈലാഷ് ഖേര്‍, അലോക് നാഥ്, രജത് കപൂര്‍ എന്നിവര്‍ക്കെതിരെയും ലൈംഗികാരോപണം; മലയാള സിനിമയില്‍ നിന്ന് മീ ടൂവില്‍ കുടുങ്ങിയത് മുകേഷും ഗോപി സുന്ദറും

Web Desk
Indian Telegram Android App Indian Telegram IOS App


കൊച്ചി: തൊഴിലിടങ്ങളില്‍ സ്ത്രീകള്‍ നേരിടേണ്ടിവരുന്ന ലൈംഗികാതിക്രമങ്ങളുടെയും ചൂഷണങ്ങളുടെയും തുറന്നുപറച്ചിലുകള്‍ എന്ന നിലയ്ക്കാണ് മി ടൂ (#metoo) എന്ന ഹാഷ് ടാഗില്‍ സോഷ്യല്‍ മീഡിയാ ക്യാമ്പെയ്ന്‍ ആരംഭിച്ചത്. ഹോളിവുഡിലെ പ്രമുഖ നിര്‍മ്മാതാവ് ഹാര്‍വി വെയ്ന്‍സ്റ്റീനെതിരെ അലിസാ മിലാനോ എന്ന സൂപ്പര്‍ താരമാണ് മീ ടു ക്യാമ്പെയിന് തുടക്കം കുറിച്ചത്.

പിന്നീട് നിര്‍മ്മാതാവിനെതിരെ കൂടുതല്‍ സ്ത്രീകള്‍ ഒരേസമയം ആരോപണവുമായി രംഗത്തെത്തിയതോടെ 2017 ഒക്ടോബറോടെയാണ് ഈ സോഷ്യല്‍ മീഡിയ പ്രചരണം ലോകശ്രദ്ധ നേടിയത്. തുടര്‍ന്ന് ലോകത്തിന്റെ വിവിധ കോണുകളില്‍ പല തൊഴില്‍ മേഖലകളിലും പ്രവര്‍ത്തിക്കുന്ന സ്ത്രീകള്‍, പ്രത്യേകിച്ചും വിനോദ വ്യവസായ രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ മീ ടൂ ഹാഷ് ടാഗില്‍ ആരോപണങ്ങളുമായി രംഗത്തെത്തി.

പിന്നീട് മീടു ക്യാമ്പെയിന് ബോളിവുഡില്‍ തുടക്കം കുറിച്ചത് രാധിക ആപ്തയെന്ന ബോള്‍ഡ് നടിയാണ്. കാസ്റ്റിങ് കൗച്ചിനെ കുറിച്ച് തുറന്നു പറഞ്ഞ് രാധിക ആപ്‌തെ ബോളിവുഡില്‍ ഉയര്‍ത്തി വിട്ട വിവാദക്കാറ്റ് പെട്ടെന്ന് അടങ്ങിയതുമില്ല. ഒരു തെലുങ്ക് ചിത്രത്തിന്റെ സെറ്റില്‍ വെച്ച് ഒരു തെന്നിന്ത്യന്‍ താരം തന്നോട് അപമര്യാദയായി പെരുമാറിയെന്നും ആ സൂപ്പര്‍താരത്തിന്റെ മുഖത്തടിച്ചുവെന്നും രാധിക ആപ്‌തെ നേരത്തെ വെളിപ്പെടുത്തിയിരുന്നു. ബിക്കിനിയെടുത്ത് ബീച്ചിലിരിക്കുന്ന ചിത്രം പോസ്റ്റ് ചെയ്തതിന് സദാചാരാവാദികളുടെ ആക്രമണം ഉണ്ടായപ്പോഴും രാധിക ആപ്‌തെയുടെ മറുപടി ശ്രദ്ധനേടിയിരുന്നു.

എന്നാല്‍ ഇന്ത്യയില്‍ ഈ ക്യാംപെയ്ന്‍ ചലനങ്ങള്‍ സൃഷ്ടിക്കുവാന്‍ ഒരു വര്‍ഷത്തോളം എടുത്തു. മുന്‍പും അപൂര്‍വ്വം ചില നടിമാര്‍ അവസരങ്ങള്‍ക്കായി തങ്ങള്‍ നേരിടേണ്ടിവന്ന ചൂഷണങ്ങളെക്കുറിച്ച് പറഞ്ഞിട്ടുണ്ടെങ്കിലും അവയൊക്കെ ഒറ്റപ്പെട്ടവയും വേണ്ടത്ര ശ്രദ്ധ ലഭിക്കാതെ പോയവയുമായിരുന്നു. മീ ടൂ ക്യാംപെയ്ന്‍ ആരംഭിച്ചതിന് ശേഷം വന്ന ആദ്യത്തെ വലിയ ആരോപണം നാനാ പടേക്കറിനെതിരായ തനുശ്രീ ദത്തയുടെ വെളിപ്പെടുത്തലായിരുന്നു. പിന്നീട് നിരവധിപ്പേര്‍ മീടു കാമ്പെയിനില്‍ അണിചേര്‍ന്നു. വിദേശകാര്യ സഹമന്ത്രി എം.ജെ. അക്ബര്‍, സംവിധായകന്‍ വിവേക് അഗ്നിഹോത്രി, ക്വീന്‍ ചിത്രത്തിന്റെ സംവിധായകന്‍ വികാസ് ബാല്‍, സ്റ്റാന്റ് അപ് കൊമേഡിയന്‍ ഉത്സവ് ചക്രവര്‍ത്തി, എഴുത്തുകാരന്‍ ചേതന്‍ ഭഗത്, ഗായകന്‍ കൈലാഷ് ഖേര്‍, കവിയും ഗാനരചയിതാവുമായ വൈരമുത്തു, നടന്മാരായ രജത് കപൂര്‍, അലോക് നാഥ് എന്നിവര്‍ക്കെതിരെയാണ് കലാരംഗത്തും മാധ്യമരംഗത്തും പ്രവര്‍ത്തിക്കുന്ന സ്ത്രീകള്‍ രംഗത്തെത്തിയത്.

ഇവരെ കൂടാതെ മലയാളത്തില്‍ നിന്നും നടനും എംഎല്‍എയുമായ മുകേഷിനെതിരെയും സംഗീതസംവിധായകന്‍ ഗോപി സുന്ദറിനെതിരെയും രംഗത്തെത്തിയിട്ടുണ്ട്. മലയാള സിനിമയിലെ പലരുടെയും മുഖംമൂടി വരുദിവസങ്ങളില്‍ മീ ടു കാമ്പെയിനിലൂടെ വലിച്ചുകീറുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

മുകേഷ്

Image result for mukesh actor

മി ടൂ ക്യാംപെയ്‌നിന്റെ ഭാഗമായി ഒരു മലയാളിക്കെതിരേ ഉയര്‍ന്ന ആദ്യ ആരോപണമാണിത്. ടെലിവിഷന്‍ പരിപാടിയുടെ ചിത്രീകരണത്തിനിടയില്‍ പത്തൊന്‍പത് വര്‍ഷം മുന്‍പ് നടന്ന സംഭവം ടെസ് ജോസഫ് ആണ് വെളിപ്പെടുത്തിയത്. അന്ന് ചിത്രീകരണത്തിനിടയില്‍ നടന്‍ മുകേഷ് നിരന്തരം വിളിച്ച് തന്റെ അടുത്ത റൂമിലേക്ക് മാറാന്‍ നിര്‍ബന്ധിച്ചെന്നാണ് ടെലിവിഷന്‍ പരിപാടിയുടെ സാങ്കേതിക പ്രവര്‍ത്തകയായിരുന്ന ടെസ് ജോസഫ് പറയുന്നത്. കൊല്‍ക്കത്ത സ്വദേശിയായ ടെസ് ഇപ്പോള്‍ കാസ്റ്റിങ് ഡയറക്ടറായി പ്രവര്‍ത്തിക്കുകയാണ്.

‘ചെന്നൈയിലാണ് സംഭവം നടന്നത്, അന്ന് കോടീശ്വരന്‍ എന്ന ക്വിസ് പരിപാടിയുടെ ചിത്രീകരണത്തിനിടയിലാണ് സംഭവം. പരിപാടിയുടെ മലയാളം അവതാരകനായ മുകേഷ് നിരന്തരം വിളിച്ച് തന്റെ അടുത്ത റൂമിലേക്ക് മാറുവാന്‍ നിര്‍ബന്ധിച്ചു. അതില്‍ പ്രയാസം അന്നത്തെ തന്റെ മേധാവി ഡെറിക്ക് ഓബ്രയാനെ അറിയിച്ചു. അദ്ദേഹവുമായി ഒരു മണിക്കൂറോളം സംസാരിച്ചു. അദ്ദേഹം അന്നു തന്നെ തന്നെ അവിടെ നിന്നും മാറ്റി. അതിന് ഡെറിക്കിനോട് നന്ദി അറിയിക്കുന്നു. അന്ന് എനിക്ക് 20 വയസായിരുന്നു, ഇപ്പോള്‍ 19 കൊല്ലം കഴിയുന്നു’, ടെസ് ജോസഫ് ട്വിറ്ററില്‍ കുറിച്ചു.

എം.ജെ. അക്ബര്‍

Image result for mj akbar

1977ല്‍ നടന്ന ഒരുസംഭവമാണ് മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തക തന്റെ ട്വിറ്ററിലൂടെ വെളിപ്പെടുത്തിയത്. മുംബൈയിലെ ഹോട്ടല്‍ മുറിയില്‍ അഭിമുഖത്തിനായി തന്നെ രാത്രി 7 മണിക്ക് വിളിച്ചുവരുത്തിയ അക്ബര്‍ മോശം രീതിയില്‍ പെരുമാറിയെന്നാണ് മാധ്യമപ്രവര്‍ത്തക ആരോപിച്ചത്. അന്ന് അവര്‍ക്ക് പ്രായം 23 വയസ്, അക്ബറിന് 43 വയസും. ഇക്കാര്യം താന്‍ 2017ല്‍ വോഗ് മാസികയിലെ ലേഖനത്തില്‍ വെളിപ്പെടുത്തിയിരുന്നതായും അവര്‍ പറയുന്നു.

ഹോളിവുഡിലെ കുപ്രസിദ്ധമായ ഹാര്‍വെ വെയ്ന്‍സ്റ്റീന്‍ സംഭവത്തോടെയായിരുന്നു അവര്‍ വോഗില്‍ ഇക്കാര്യം കുറിച്ചത്. അന്ന് അക്ബറിന്റെ പേര് പറയാതെയായിരുന്നു പരാമര്‍ശം. മറ്റുപല സ്ത്രീകള്‍ക്കും അക്ബറില്‍നിന്നും ഇതുപോലെ ദുരനുഭവങ്ങള്‍ ഉണ്ടായിട്ടുണ്ടെന്നും അവര്‍ ട്വീറ്റ് ചെയ്തു. ട്വീറ്റിനെ തുടര്‍ന്ന് മറ്റ് മൂന്ന് മുതിര്‍ന്ന വനിതാ മാധ്യമ പ്രവര്‍ത്തകരും അക്ബറിനെതിരെ ലൈംഗികാതിക്രമ ആരോപണം ഉന്നയിച്ച് രംഗത്തെത്തി.

ജോലിക്കുള്ള അഭിമുഖത്തിനായി യുവതികളെ മുംബൈയിലെ ഹോട്ടല്‍ മുറിയിലേക്ക് വൈകുന്നേരങ്ങളില്‍ വിളിച്ചുവരുത്തുക, മദ്യലഹരിയില്‍ കടന്നുപിടിക്കുക, മന്ത്രിയുടെ ചെയ്തികള്‍ വിചിത്രമാണ്. രാഷ്ട്രീയത്തില്‍ പ്രവേശിക്കുന്നതിന് മുന്‍പ് മാധ്യമപ്രവര്‍ത്തകനായിരുന്നു എം.ജെ. അക്ബര്‍. ദ ടെലഗ്രാഫ്, ഏഷ്യന്‍ ഏജ് എന്നിവയുടെ സ്ഥാപകനാണ് അക്ബര്‍.

അതേസമയം, കേന്ദ്രമന്ത്രി മേനകഗാന്ധി ലൈംഗികാതിക്രമത്തിന് ഇരയായ പെണ്‍കുട്ടികള്‍ക്ക് പൂര്‍ണ്ണ പിന്തുണ പ്രഖ്യാപിച്ചപ്പോള്‍ സുഷമ സ്വരാജ് നിശബ്ദത പാലിക്കുകയാണ് ഉണ്ടായത്. ഈ വിഷയത്തില്‍ സര്‍ക്കാരുമായി ബന്ധപ്പെട്ട ആരും തന്നെ ഇതുവരെ പ്രതികരിച്ചിട്ടില്ല.

ഗോപി സുന്ദര്‍

Image result for gopi sundar

സംഗീതവുമായി ബന്ധമുള്ള ഗോപീ സുന്ദറുമായി ചേര്‍ന്നു പ്രവര്‍ത്തിക്കണം എന്നാഗ്രഹിച്ച പെണ്‍കുട്ടിയാണ് വെളിപ്പെടുത്തല്‍ നടത്തിയിരിക്കുന്നത്. ഇന്ത്യാ പ്രൊട്ടസ്റ്റ് എന്ന ട്വിറ്റര്‍ പേജാണ് ഗോപീസുന്ദറിനെതിരെ ഗുരുതരമായ ആരോപണങ്ങള്‍ അടങ്ങിയ വെളിപ്പെടുത്തല്‍ പുറത്തുവിട്ടത്. അതേസമയം പെണ്‍കുട്ടിയുടെ പേരു വെളിപ്പെടുത്താതെയാണ് മീടു കാമ്പെയിനുമായി പ്രവര്‍ത്തിക്കുന്ന ഇന്ത്യാ പ്രൊട്ടസ്റ്റ് ആരോപണം ഉന്നയിച്ചത്. ചെറിയ പ്രായത്തില്‍ തന്നെ സംഗീതലോകവുമായി ചേര്‍ന്നു പ്രവര്‍ത്തിക്കുന്ന പെണ്‍കുട്ടിയാണ് താനെന്ന് പറഞ്ഞു കൊണ്ടാണ് പെണ്‍കുട്ടിയുടെ വെളിപ്പെടുത്തല്‍ തുടങ്ങുന്നത്.

പെണ്‍കുട്ടിയുടെ വെളിപ്പെടുത്തല്‍ ഇങ്ങനെ: അന്ന് ഹൈസ്‌ക്കൂളില്‍ പഠിക്കുന്ന പ്രായമായിരുന്നു അത്. 18 വയസു പൂര്‍ത്തിയായിരുന്നില്ല, അന്നാണ് തനിക്ക് ആദ്യം ദുരനുഭവും ഉണ്ടായത്. അന്ന് ഗോപീസുന്ദറിന് 34 വയസു വരെ പ്രായമേ കാണൂ. അന്ന് തനിക്ക് അദ്ദേഹം റോള്‍ മോഡല്‍ ആയിരുന്നു. താന്‍ ആകട്ടെ കരിയറില്‍ ഉന്നതികള്‍ ആഗ്രഹിക്കുന്ന വ്യക്തിയും. ഒരു ദിവസം അദ്ദേഹം എന്നെ ഫോണില്‍ വിളിച്ചു. അതില്‍ പ്രത്യേകിച്ചൊന്നും തോന്നിയില്ല. എന്നാല്‍ പിന്നീട് സംസാരത്തിത്തിന്റെ ഗതി മാറുകയാണ് ഉണ്ടായത്. അദ്ദേഹത്തിന് ഞാനുമായി ബന്ധം സ്ഥാപിക്കുകയാണ് വേണ്ടതെന്ന് പറഞ്ഞു. അത് സമൂഹത്തിന് അംഗീകരിക്കാന്‍ സാധിക്കാത്ത കാര്യങ്ങളായിരുന്നു. ഇതോടെ ഞാന്‍ ഭയന്നു പോയി.

പിന്നീടും അദ്ദേഹം ഈ സംസാരം ആവര്‍ത്തിച്ചു. അന്ന് വളരെ മോശമായ വിധത്തിലായിരുന്നു. ഒരു ദിവസം അദ്ദേഹം എന്നോടു പറഞ്ഞു. താന്‍ സ്വയംഭോഗം ചെയ്യുകയാണെന്ന്. താന്‍ അഡല്‍ട്ട് സിനിമകള്‍ കാണാറുണ്ടോ എന്നും ചോദിച്ചു. എന്താണ് സ്വയംഭോഗം എന്നതിന്റെ അര്‍ത്ഥം പോലും തനിക്ക് അറിയാത്ത പ്രായമായിരുന്നു അത്. ഇതിന് ശേഷം പിന്നെയും ഒരു വര്‍ഷത്തോളവും അദ്ദഹത്തില്‍ നിന്നും ദുരനുഭവം ഉണ്ടായി. ഞാന്‍ കോളേജില്‍ എത്തിയപ്പോള്‍ ഞാന്‍ കന്യകയാണോ എന്നു ചോദിച്ചു കൊണ്ടുള്ള മെസേജ് അദ്ദേഹം അയച്ചു. ഒരിക്കല്‍ സംഭോഗത്തിനും അദ്ദേഹം ചോദിച്ചു.

ഇത്രയും ആയതോടെ തനിക്ക് ഇക്കാര്യത്തില്‍ താല്‍പ്പര്യമില്ലെന്ന് തുറന്നു പറഞ്ഞു. എന്നിട്ടും തന്റെ ശല്യപ്പെടുത്തുകയാണ് ഉണ്ടായത്. ഒരിക്കല്‍ അദ്ദേഹം എന്നോടു പറഞ്ഞത്, എനിക്കു വേണ്ടി ഒരു പാട്ടു കണ്ടുവെച്ചിട്ടുണ്ടെന്നാണ്. അതില്‍ പാടണമെന്നും പറഞ്ഞു. കൂടുതല്‍ പാട്ടുകളും തനിക്കായി ഉണ്ടെന്നും ഗോപീസുന്ദര്‍ പറഞ്ഞു.എന്നാല്‍ അതിനു മുമ്പായി എന്റെ വീട്ടില്‍ വരണമെന്നായിരുന്നു അദ്ദേഹം ആവശ്യപ്പെട്ടത്. തുടര്‍ന്ന് നമുക്ക് വിശദമായി ചര്‍ച്ച ചെയ്യാമെന്നും ചോദിച്ചു. അന്നു ചോദിച്ചത് ഞാനൊരു കന്യകയാണോ എന്നാണ്.

നാനാ പടേക്കര്‍

Image result for nana patekar

പത്ത് വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഹോണ്‍ ഓകെ പ്ലീസ് എന്ന ബോളിവുഡ് ചിത്രത്തിന്റെ ഷൂട്ടിംഗിനിടെ നാനാ പടേക്കര്‍ തന്നോട് അപമര്യാദയായി പെരുമാറിയെന്നായിരുന്നു തനുശ്രീ ദത്തയുടെ വെളിപ്പെടുത്തല്‍. ചിത്രത്തിലെ ഒരു ഗാനചിത്രീകരണത്തിനിടെ നാന പടേക്കര്‍ തന്റെ കൈയില്‍ കടന്നുപിടിച്ചെന്നും നൃത്തം ചെയ്യേണ്ട രീതി ഇതാണെന്ന് പറഞ്ഞ് കാണിച്ചു തന്നുവെന്നും തനുശ്രീ പറഞ്ഞു. അഭിനയം പൂര്‍ത്തിയാക്കും മുന്‍പ് പിന്മാറിയ ചിത്രത്തിന് വാങ്ങിയ അഡ്വാന്‍സ് തിരിച്ചുകൊടുത്തതിന് പിന്നാലെ രാജ് താക്കറെയുടെ എംഎന്‍എസ് പാര്‍ട്ടിയില്‍ നിന്നുള്ള ഗുണ്ടകളെ വരുത്തി തന്നെ ഭീഷണിപ്പെടുത്തിയതായും അവര്‍ ആരോപിച്ചിരുന്നു. നാന പടേക്കര്‍ നടത്തുന്ന കാരുണ്യ പ്രവര്‍ത്തനങ്ങള്‍ സ്വന്തം മോശം പ്രവര്‍ത്തികള്‍ക്ക് മറയാക്കാന്‍ അദ്ദേഹം ചെയ്യുന്നതാണെന്നും തനുശ്രീ ആരോപിച്ചു. പടേക്കറിനെതിരെ വനിതാ കമ്മീഷന്‍ കേസ് എടുത്തു.

വിവേക് അഗ്നിഹോത്രി

Image result for vivek agnihotri

2005ല്‍ ചോക്ലേറ്റ് എന്ന സിനിമയുടെ ചിത്രീകരണത്തിനിടെ സംവിധായകന്‍ വിവേക് അഗ്നിഹോത്രി മോശമായി പെരുമാറിയെന്ന് ആരോപിച്ചത് തനുശ്രീ ദത്ത തന്നെയാണ്. തുണിയഴിച്ച് നൃത്തം ചെയ്യാന്‍ അഗ്‌നിഹോത്രി ആവശ്യപ്പെട്ടെന്നും ആ സമയത്ത് നടന്മാരായ സുനില്‍ ഷെട്ടിയും ഇന്‍ഫാന്‍ ഖാനുമാണ് തനിക്ക് പിന്തുണ നല്‍കിയതെന്നും തനുശ്രീയുടെ വെളിപ്പെടുത്തല്‍.

വികാസ് ബാല്‍

Image result for vikas bahl queen

സ്ത്രീ ശാക്തീകരണത്തെക്കുറിച്ച് സംസാരിക്കുന്ന 2014ലെ ബോളിവുഡ് ചിത്രം ക്വീനിലെ നായിക കങ്കണ റണാവത്താണ് തിന്റെ സംവിധായകന്‍ വികാസ് ബാലിനെതിരേ ആരോപണവുമായി രംഗത്തെത്തിയത്. ക്വീന്‍ ചിത്രീകരണത്തിനിടെ തന്നെ കാണുമ്പോഴൊക്കെ വികാസ് കെട്ടിപ്പിടിച്ച് അഭിവാദ്യം ചെയ്യാറുണ്ടായിരുന്നെന്നും കഴുത്തിലും മുടിയിലും മുഖമമര്‍ത്താറുണ്ടായിരുന്നുവെന്നും കങ്കണയുടെ വെളിപ്പെടുത്തല്‍. ബലം പ്രയോഗിച്ചുള്ള ആലിംഗനത്തില്‍ നിന്ന് രക്ഷപെടാന്‍ തനിക്ക് ബലം പ്രയോഗിക്കേണ്ടി വന്നിരുന്നെന്നും.

അനുരാഗ് കാശ്യപ് സംവിധാനം ചെയ്ത ബോംബെ വെല്‍വെറ്റ് എന്ന ചിത്രത്തിന്റെ ഷൂട്ടിംഗിനിടെ വികാസ് പീഡിപ്പിച്ചെന്ന് ഒരു യുവതി ആരോപിച്ചതിന് പിന്നാലെയായിരുന്നു കങ്കണയുടെയും തുറന്നുപറച്ചില്‍. വികാസ് ബാല്‍, അനുരാഗ് കാശ്യപ്, വിക്രമാദിത്യ മോട്‌വാനെ എന്നീ സംവിധായകരും മധു മണ്ടേന എന്ന നിര്‍മ്മാതാവും ചേര്‍ന്ന് 2011ല്‍ ആരംഭിച്ച നിര്‍മ്മാണ കമ്പനി കഴിഞ്ഞ ദിവസം പിരിച്ചുവിട്ടിരുന്നു. വികാസ് ബാലിനെതിരായ മീ ടൂ ആരോപണങ്ങള്‍ക്ക് പിന്നാലെയായിരുന്നു കമ്ബനി പിരിച്ചുവിടാനുള്ള തീരുമാനം.

ഉത്സവ് ചക്രവര്‍ത്തി

Image result for utsav chakraborty

മുംബൈ ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന സ്റ്റാന്റ് അപ് കൊമേഡിയന്‍ ഉത്സവ് ചക്രവര്‍ത്തിക്കെതിരായ ക്യാംപെയ്ന്‍ ട്വിറ്ററിലാണ് ആരംഭിച്ചത്. ടോപ്‌ലെസ് ചിത്രങ്ങള്‍ അയച്ചുതരാന്‍ പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടികളോടടക്കം ആവശ്യപ്പെട്ടുവെന്ന് നിരവധി പേര്‍ ആരോപണവുമായെത്തി. ഒപ്പം നിരന്തരം ഇയാളില്‍ നിന്ന് ചാറ്റ് ബോക്‌സുകളിലൂടെ അശ്ലീല സന്ദേശങ്ങള്‍ വന്നിരുന്നുവെന്നും. തുടക്കത്തില്‍ ആരോപണങ്ങളെ നിഷേധിച്ച ഉത്സവ് അവസാനം ട്വിറ്ററില്‍ ഇങ്ങനെ കുറിച്ചു: ‘ഈ ചെകുത്താനെ നേരിടാനാണ് ഇക്കാലമത്രയുമുള്ള ജീവിതത്തില്‍ ഞാന്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നത്.’

ചേതന്‍ ഭഗത്

Image result for chetan bhagat

ഫൈവ് പോയിന്റ് സംവണ്‍, വണ്‍ നൈറ്റ് അറ്റ് ദി കോള്‍ സെന്റര്‍ തുടങ്ങിയ നോവലുകളിലൂടെ ഇന്ത്യന്‍ യുവത്വത്തെ ആരാധകരാക്കിയ എഴുത്തുകാരന്‍. ചേതന്‍ ഭഗത്തുമായുള്ള വാട്‌സ് ആപ് ചാറ്റിന്റെ സ്‌ക്രീന്‍ ഷോട്ടുകളുമായാണ് ഒരു യുവതി ആരോപണവുമായി എത്തിയത്. ചേതന്‍ ഭഗത് വിവാങാഭ്യര്‍ഥന നടത്തിയെന്നായിരുന്നു യുവതിയുടെ ആരോപണം. സംഭവം വിവാദമായതോടെ മാപ്പ് പറഞ്ഞ് ചേതന്‍ രംഗത്തെത്തി. സംഭവം ശരിയാണെന്ന് സ്ഥിരീകരിച്ച് യുവതിയോടും സ്വന്തം ഭാര്യയോടും ചേതന്‍ ഭഗത് ക്ഷമാപണം നടത്തി.

രജത് കപൂര്‍

Image result for rajat kapoor

ഒരു മാധ്യമപ്രവര്‍ത്തകയടക്കം രണ്ട് സ്ത്രീകളാണ് നടന്‍ രജത് കപൂറിനെതിരേ ആരോപണവുമായി രംഗത്തെത്തിയത്. രജത് കപൂറുമായി നടത്തിയ ഒരു ടെലിഫോണ്‍ അഭിമുഖത്തില്‍ നേരിട്ട മോശം അനുഭവമാണ് മാധ്യമപ്രവര്‍ത്തക പങ്കുവച്ചത്. ശബ്ദം കേള്‍ക്കുന്നതുപോലെ സെക്‌സി ആണോ എന്നും തന്റെ ഉടലളവുകളും ആരാഞ്ഞെന്നായിരുന്നു മാധ്യമപ്രവര്‍ത്തകയുടെ വെളിപ്പെടുത്തല്‍. എന്നാല്‍ രജത് കപൂര്‍ പിന്നീട് ക്ഷമാപണം നടത്തി. തന്റെ നടപടി ആരെയെങ്കിലും വേദനിപ്പിച്ചുവെങ്കില്‍ ഹൃദയത്തിന്റെ അടിത്തട്ടില്‍ നിന്ന് ക്ഷമ ചോദിക്കുന്നുവെന്നും ജീവിതത്തില്‍ ഇനി കൂടുതല്‍ നല്ല മനുഷ്യനാവാന്‍ ശ്രമിക്കുമെന്നുമായിരുന്നു ട്വീറ്റ്.

കൈലാഷ് ഖേര്‍

Image result for kailash kher

ഗായകനും സംഗീത സംവിധായകനുമായ കൈലാഷിനെതിരേ ഒരു മാധ്യമപ്രവര്‍ത്തകയാണ് ആരോപണവുമായെത്തിയത്. അനവസരത്തില്‍ തന്റെ തുടയില്‍ അയാള്‍ കൈവച്ചു എന്നായിരുന്നു ആരോപണം. എന്നാല്‍ ഇത് നിഷേധിക്കുകയായിരുന്നു കൈലാഷ് ഖേര്‍. മനുഷ്യരെ, വിശേഷിച്ച് സ്ത്രീകളെ എത്രത്തോളം ബഹുമാനിക്കുന്നയാളാണ് ഞാനെന്ന് എന്നെ പരിചയമുള്ളവര്‍ക്ക് അറിയാം. കൈലാഷ് ഐഎഎന്‍എസിനോട് പ്രതികരിച്ചു.

അലോക് നാഥ്

Image result for alok nath

ടി.വി അവതാരകയും, എഴുത്തുകാരിയും, സംവിധായികയുമായ വിന്റ നന്ദയാണ് അലോക് നാഥിനെതിരെ ആരോപണമുന്നയിച്ചിരിക്കുന്നത്. 1990ല്‍ ഇറങ്ങിയിരുന്ന ‘താര’ എന്ന ടെലിവിഷന്‍ പ്രോഗ്രാമിലൂടെയാണ് വിന്റ ശ്രദ്ധേയയായത്. തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ പേര് പരാമര്‍ശിക്കാതെയാണ് ആദ്യം വിന്റ കാര്യങ്ങള്‍ തുറന്നുപറഞ്ഞത്. എന്നാല്‍ പിന്നീട് വാര്‍ത്താ ഏജന്‍സിയായ ഐഎഎന്‍എസിനോട് അലോക് നാഥാണ് തന്നെ പീഡിപ്പിച്ചതെന്ന് ഇവര്‍ തുറന്നുപറയുകയായിരുന്നു.

20 വര്‍ഷം മുമ്പ് നടന്ന ഒരു പാര്‍ട്ടിക്കിടെയാണ് സംഭവം. പാര്‍ട്ടിയില്‍ പങ്കെടുത്തുകൊണ്ടിരിക്കുമ്പോള്‍ അലോക് തനിക്ക് ശീതളപാനീയത്തില്‍ മദ്യം കലര്‍ത്തി നല്‍കി, തുടര്‍ന്ന് ബോധം നഷ്ടപ്പെട്ടപ്പെടാന്‍ തുടങ്ങിയ തന്നെ കാറില്‍ ലിഫ്റ്റ് നല്‍കാമെന്നേറ്റ് കയറ്റി. പിറ്റേന്ന് ഉണര്‍ന്നപ്പോഴാണ് താന്‍ പീഡിപ്പിക്കപ്പെട്ടുവെന്ന് മനസ്സിലായത് നടി പറയുന്നു. സുഹൃത്തുക്കളില്‍ പലരോടും നേരത്തേ ഇക്കാര്യം പറഞ്ഞിരുന്നുവെങ്കിലും അവരെല്ലാം അത് വിട്ടുകളയാനാണ് ഉപദേശിച്ചിരുന്നതെന്നും വിന്റ പറയുന്നു.

വൈരമുത്തു

Image result for vairamuthu

പ്രശസ്ത കവിയും ഗാനരചയിതാവുമായ വൈരമുത്തുവിനെതിരെയും ലൈംഗികാരോപണം. മാധ്യമപ്രവര്‍ത്തക സന്ധ്യ മേനോനുമായി പേര് വെളിപ്പെടുത്താനാഗ്രഹിക്കാത്ത ഒരു യുവതി പങ്കുവെച്ച സംഭവങ്ങളാണ് ഇപ്പോള്‍ പുറത്തെത്തിയിരിക്കുന്നത്. സംവിധായകന്‍ സിഎസ് അമുദന്‍, ഗായിക ചിന്മയി എന്നിവര്‍ ഇതിന് പിന്തുണയുമായി രംഗത്തെത്തി.

അയാള്‍ എന്നെ വന്ന് കെട്ടിപ്പിടിച്ചു, ചുംബിച്ചു, എന്താണ് ചെയ്യേണ്ടത് എന്നറിയാതെ അദ്ദേഹത്തിന്റെ വീട്ടില്‍ നിന്നും ഓടി രക്ഷപ്പെടുകയായിരുന്നു. അദ്ദേഹത്തിന്റെ വീടും ഓഫീസും ഒന്നാണ്. കോടമ്പാക്കത്താണ് സ്ഥിതി ചെയ്യുന്നത്. എന്റെ ഓര്‍മ ശരിയാണെങ്കില്‍ ആളുകളോട് അവിടെ വന്ന് കാണാനാണ് അദ്ദേഹം ആവശ്യപ്പെടാറുള്ളത്.വൈരമുത്തു ഒരു വേട്ടക്കാരനാണെന്നും സിനിമാ ഇന്‍ഡട്രിയിലെ പരസ്യമായ ഒരു രഹസ്യമാണിതെന്നും ഇവര്‍ ആരോപിക്കുന്നു. അദ്ദേഹത്തിനുള്ള രാഷ്ട്രീയ ബന്ധങ്ങള്‍ ശക്തമായതിനാല്‍ ആരും പരാതിപ്പെടാന്‍ മുതിരില്ലെന്നും അവര്‍ വ്യക്തമാക്കുന്നു.

ചിത്രങ്ങള്‍ കാണാന്‍ പിക്ടോറിയല്‍ മെനുവില്‍ പോകുക.

Top