Chiking
Latest News

എം.ടി.വാസുദേവന്‍ നായരുടെ രണ്ടാമൂഴം തിരക്കഥ സിനിമയ്ക്ക് ഉപയോഗിക്കുന്നതിന് വിലക്ക്; സംവിധായകന്‍ ശ്രീകുമാര്‍ മേനോനും നിര്‍മ്മാണക്കമ്പനിക്കും നോട്ടീസ്

Web Desk
Indian Telegram Android App Indian Telegram IOS App

കോഴിക്കോട്: എം.ടി.വാസുദേവന്‍ നായരുടെ രണ്ടാമൂഴം തിരക്കഥ സിനിമയ്ക്ക് ഉപയോഗിക്കുന്നതിന് കോടതിയുടെ വിലക്ക്. എം.ടി.വാസുദേവന്‍ നായരുടെ ഹര്‍ജിയില്‍ കോഴിക്കോട് മുന്‍സിഫ് കോടതിയുടേതാണ് ഉത്തരവ്. സംവിധായകന്‍ ശ്രീകുമാര്‍ മേനോനും നിര്‍മ്മാണക്കമ്പനിക്കും നോട്ടീസ് അയക്കും. തിരക്കഥ തിരികെ വേണമെന്നാണ് എം.ടി.വാസുദേവന്‍ നായരുടെ ആവശ്യം. കാലാവധി കഴിഞ്ഞിട്ടും സിനിമ തിരക്കഥയാക്കിയില്ലെന്ന് ആരോപിച്ചാണ് എം.ടി.ഹര്‍ജി നല്‍കിയത്. കേസ് 25ന് പരിഗണിക്കും.

രണ്ടാമൂഴം സിനിമയില്‍ നിന്ന് പിന്‍മാറിയത് സംവിധായകന്‍ കരാര്‍ ലംഘിച്ചതിനാലെന്ന് എംടി  വ്യക്തമാക്കിയിരുന്നു. മൂന്നുവര്‍ഷത്തിനകം തിരക്കഥ  സിനിമയാക്കണമെന്നായിരുന്നു കരാര്‍. നാലുവര്‍ഷമായിട്ടും തുടങ്ങിയില്ല. സംവിധായകനുമായി വഴക്കിട്ട് പിരിഞ്ഞതല്ലെന്നും മറ്റാരെങ്കിലും സമീപിച്ചാല്‍ തിരക്കഥ നല്‍കുന്നകാര്യം ആലോചിക്കുമെന്നും എം.ടി. വിശദീകരിച്ചു. സംവിധായകന്‍ വി.എ. ശ്രീകുമാര്‍ മേനോനുമായുള്ള കരാര്‍ അവസാനിച്ചെന്നും തിരക്കഥ തിരികെ കിട്ടണമെന്നും ആവശ്യപ്പെട്ടാണ് എം.ടി ഹര്‍ജി നല്‍കിയത്.

അതേസമയം രണ്ടാമൂഴം സിനിമക്കായുള്ള തിരക്കഥ എം.ടി. വാസുദേവന്‍ നായര്‍ തിരിച്ചു വാങ്ങുന്നതിനെ കുറിച്ച് ഒന്നും അറിയില്ലെന്ന് നിര്‍മ്മാതാവ് ഡോ. ബി.ആര്‍ ഷെട്ടി പറഞ്ഞു. തിരക്കഥ ആരുടേതാണെന്നത് എന്റെ വിഷയമല്ല. മഹാഭാരതം പോലുള്ള വലിയൊരു കഥ ലോകത്തിന് മുന്നില്‍ അവതരിപ്പിക്കുക എന്നതാണ് എന്റെ ലക്ഷ്യം. ഒരു യഥാര്‍ത്ഥ ഇന്ത്യക്കാരന്‍ എന്ന നിലയില്‍ അത് എന്റെ കടമയാണെന്ന് കരുതുന്നുവെന്നും ഷെട്ടി പറഞ്ഞു.

‘ആയിരം കോടിയിലേറെ രൂപ മുതല്‍ മുടക്കില്‍ മഹാഭാരതം സിനിമയാക്കാനാണ് ആഗ്രഹിച്ചത്. ഇതു സംബന്ധിച്ച പ്രാഥമിക ചര്‍ച്ചകളെല്ലാം പൂര്‍ത്തിയായിക്കഴിഞ്ഞു. സംവിധായകന്‍ ശ്രീകുമാര്‍ മേനോന്‍ ഇതുമായി മുന്നോട്ട് പോകുന്നുണ്ട്. മലയാളവും ഹിന്ദിയും ഉള്‍പ്പെടെ പല ഭാഷകളിലായി സിനിമ നിര്‍മ്മിക്കും. ഇക്കാര്യത്തിലൊന്നും ഇപ്പോഴും ഒരു മാറ്റവും ഇല്ല. തിരക്കഥയുടെ കാര്യത്തില്‍ എനിക്ക് പ്രത്യേകിച്ച് നിര്‍ബന്ധമൊന്നുമില്ല. ഇതുസംബന്ധിച്ച് ഇപ്പോള്‍ എം.ടി നടത്തിയ പ്രസ്താവനയെ കുറിച്ചും എനിക്ക് അറിയില്ല. ഞാന്‍ ഒരു സിനിമാക്കാരനല്ല. സിനിമാ രംഗത്തെ പൊളിറ്റിക്‌സിനെ കുറിച്ചും എനിക്ക് യാതൊന്നും അറിയില്ല. മഹാഭാരതത്തിന് വേണ്ടി പണം മുടക്കാന്‍ തയ്യാറായ ഒരു ഇന്ത്യക്കാരന്‍ മാത്രമാണ് ഞാന്‍. സിനിമ നിര്‍മ്മാണം എന്റെ ജോലിയല്ല. എന്നാല്‍ മഹാഭാരതം എന്ന മഹത്തായ കൃതിയെ സിനിമയിലൂടെ വരും തലമുറക്ക് വേണ്ടി ചരിത്രമാക്കി ബാക്കിവെക്കണം എന്നതാണ് എന്റെ സ്വപ്നം. ആ സ്വപ്ന പദ്ധതിയില്‍ നിന്ന് മാറിയിട്ടില്ല. അത് യാഥാര്‍ത്ഥ്യമാക്കുക തന്നെ ചെയ്യും. ഇവിടെ ആരുടെ തിരക്കഥ എന്നത് വിഷയമാവുന്നില്ല. മഹാഭാരതം എന്ന സിനിമയല്ലാതെ രണ്ടാമതൊരു സിനിമ നിര്‍മ്മിക്കുകയുമില്ല. ഒരു യഥാര്‍ത്ഥ ഇന്ത്യക്കാരനാണ് ഞാന്‍. ആ ചിന്ത മാത്രമാണ് സിനിമക്ക് പിന്നിലുള്ള പ്രചോദനം’,ബി.ആര്‍ ഷെട്ടി വ്യക്തമാക്കി.

വാര്‍ത്ത വന്നതിന് പിന്നാലെ സംവിധായകന്‍ വി.എ.ശ്രീകുമാര്‍ മേനോന്‍ തനിക്ക് വീഴ്ച സംഭവിച്ചെന്ന് പറഞ്ഞ് ഫെയ്‌സ്ബുക്കില്‍ പോസ്റ്റിട്ടിരുന്നു. രണ്ടാമൂഴം നടക്കുമെന്നും എം.ടിയെ നേരില്‍ ചെന്ന് കണ്ട് കാര്യങ്ങള്‍ വ്യക്തമാക്കുമെന്നുമാണ് ശ്രീകുമാര്‍ മേനോന്‍ പറഞ്ഞത്.

വി.എ.ശ്രീകുമാര്‍ മേനോന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:

രണ്ടാമൂഴം നടക്കും!

എം. ടി. സാറിനെ പ്രോജക്ടിന്റെ പുരോഗതി കൃത്യമായി അറിയിക്കാന്‍ കഴിയാഞ്ഞത് എന്റെ വീഴ്ച്ചയാണ്. ഞാന്‍ അദ്ദേഹത്തെ നേരില്‍ ചെന്ന് കണ്ട് കാര്യങ്ങള്‍ വ്യക്തമാക്കും. അദ്ദേഹത്തിന് എത്രയും വേഗം രണ്ടാമൂഴം സിനിമയായി കാണണം എന്ന ആഗ്രഹമുണ്ട്. ആ ആഗ്രഹം ഞാന്‍ നിറവേറ്റും. തിരക്കഥ എഴുതി കൊടുക്കുന്നതിന് മുന്‍പും, തിരക്കഥ എന്റെ കൈകളില്‍ വച്ച് തരുമ്പോഴും ഞാന്‍ ആ കാലുകള്‍ തൊട്ട് വന്ദിച്ചു കൊടുത്ത വാക്കാണ്.

ഒരുപാട് അന്താരാഷ്ട്ര കരാറുകളും, സങ്കീര്‍ണ്ണമായ സാമ്പത്തിക പ്ലാനുകളും ആവശ്യമായി വന്നു. ആയതിനാല്‍ ഞാന്‍ പ്രതീക്ഷിച്ചതിലും ഏറെ സമയം എടുത്തു. നിര്‍മ്മാതാവ് ബി ആര്‍ ഷെട്ടിയും ഞാനും ഇതിനോടനുബന്ധിച്ച് കഴിഞ്ഞ മാസം യു. എസ് സന്ദര്‍ശിച്ചിരുന്നു.

മുന്‍പ് സ്ഥിരമായി എം. ടി സാറിനെ കാണുകയോ, അല്ലെങ്കില്‍ ഫോണ്‍ വഴി അദ്ദേഹത്തെ പ്രോജെക്ക്റ്റിന്റെ പുരോഗതിയെ കുറിച്ചും മറ്റും അറിയിക്കാറുണ്ടായിരുന്നു. എന്നാല്‍ ഒടിയന്റെ പോസ്റ്റ് പ്രൊഡക്ഷന്‍ നടക്കുന്നതിനാല്‍ കഴിഞ്ഞ കുറച്ച് ആഴ്ച്ചകളായി അതിനു കഴിഞ്ഞിരുന്നില്ല. ഇതില്‍ അദ്ദേഹത്തിന് ആശങ്ക ഉണ്ടായിരുന്നിരിക്കും എന്ന് ഞാന്‍ മനസ്സിലാക്കുന്നു. അതിനിടയാക്കിയതില്‍ ഞാന്‍ അദ്ദേഹത്തെ നേരിട്ട് കണ്ട് ക്ഷമ ചോദിക്കും.

പ്രീ പ്രൊഡക്ഷന്‍ വര്‍ക്കുകള്‍ അതിന്റെ അവസാന ഘട്ടത്തിലാണ്. എത്രയും വേഗം ചിത്രത്തിന്റെ ഔദ്യോഗികമായ അറിയിപ്പും, 2019 ജൂലൈയില്‍ ചിത്രത്തിന്റെ ഷൂട്ടിങ് ആരംഭിക്കുന്നതിന് വേണ്ടിയുള്ള ഒരുക്കങ്ങളും നടത്തുന്നതായിരിക്കും.

മലയാളികളുടെ അഭിമാനമായ എം. ടി സാറിന്റെ രണ്ടാമൂഴത്തിനെ അന്തര്‍ദേശീയ നിലവാരത്തില്‍ ചലച്ചിത്രമായി പുറത്തു കൊണ്ടുവരിക എന്നതാണ് ഞാന്‍ കൊടുത്ത വാക്ക്. അത് നിറവേറ്റാന്‍ ബി. ആര്‍. ഷെട്ടിയെ പോലൊരു നിര്‍മ്മാതാവ് കൂടെയുള്ളപ്പോള്‍ അത് അസംഭവ്യമാകും എന്ന് ഞാന്‍ ഭയപ്പെടുന്നില്ല.

തിരക്കഥ നല്‍കി നാലുവര്‍ഷം പിന്നിട്ടിട്ടും ചിത്രീകരണം ആരംഭിക്കാത്തതില്‍ പ്രതിഷേധിച്ചാണ് എം.ടി. കോടതിയില്‍ ഹര്‍ജി നല്‍കിയത്. തിരക്കഥ കൈമാറുമ്പോള്‍ മുന്‍കൂറായി വാങ്ങിയ പണം തിരികെ നല്‍കുമെന്നും എം.ടിയുടെ ഹര്‍ജിയില്‍ പറയുന്നു.

താന്‍ വര്‍ഷങ്ങളുടെ ഗവേഷണം നടത്തിയാണ് തിരക്കഥ പൂര്‍ത്തിയാക്കിയത്. എന്നാല്‍, ഈ ആത്മാര്‍ഥത ചിത്രത്തിന്റെ അണിയറക്കാര്‍ കാണിച്ചില്ലെന്നും എം.ടി പറഞ്ഞു. സിനിമയുടെ സംവിധായകന്‍ വി എ ശ്രീകുമാര്‍ മേനോന്‍ ആണ്. നിര്‍മാതാവ് ബി.ആര്‍ ഷെട്ടിയും. 2019 ജൂലൈയില്‍ സിനിമയുടെ ചിത്രീകരണം ആരംഭിക്കുമെന്നാണ് ഏറ്റവും ഒടുവില്‍ നിര്‍മാതാവ് അറിയിച്ചിരുന്നത്. ഇന്ത്യന്‍ സിനിമയില്‍ ചരിത്രം കുറിച്ച് ആയിരം കോടി രൂപ ചെലവിലാണ് ചിത്രം ഒരുങ്ങുന്നതെന്നും അദ്ദേഹം പറഞ്ഞു.

എം ടിയുടെ വിഖ്യാതമായ നോവലാണ് രണ്ടാമൂഴം. മഹാഭാരത കഥ ആസ്പദമാക്കി രചിച്ച ഈ നോവലില്‍ ഭീമനാണ് കേന്ദ്രകഥാപാത്രം. നാല് വര്‍ഷം മുമ്പാണ് ചര്‍ച്ചകള്‍ക്ക് ശേഷം എം ടി വാസുദേവന്‍ നായര്‍ ചിത്രത്തിന്റെ തിരക്കഥ കൈമാറിയത്. മൂന്നുവര്‍ഷത്തേക്കായിരുന്നു തിരക്കഥയുടെ കരാര്‍. ഇക്കാലയളവിനുള്ളില്‍ സിനിമ പൂര്‍ത്തിയാക്കുമെന്നായിരുന്നു സംവിധായകന്‍ പറഞ്ഞിരുന്നത്. എന്നാല്‍ മൂന്നുവര്‍ഷത്തിനു ശേഷവും സിനിമയുടെ ചിത്രീകരണം പോലും തുടങ്ങിയില്ല. തുടര്‍ന്ന് ഒരു വര്‍ഷത്തേയ്ക്ക് കൂടി കരാര്‍ നീട്ടിയെങ്കിലും ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തനങ്ങള്‍ക്ക് കാര്യമായ തുടക്കം ഉണ്ടായില്ല. ഇതോടെയാണ് ചിത്രത്തില്‍ നിന്ന് പിന്‍മാറാന്‍ തീരുമാനിച്ചത്. മലയാളത്തിലും ഇംഗ്ലീഷിലുമുള്ള തിരക്കഥയാണ് എം ടി സംവിധായകന് കൈമാറിയത്. പ്രധാനകഥാപാത്രമായ ഭീമസേനനെ മോഹന്‍ലാലായിരുന്നു അവതരിപ്പിക്കാനിരുന്നത്. ഇതിനിടെ ചിത്രത്തിന്റെ നിര്‍മ്മാണത്തില്‍ നിന്നും ബി ആര്‍ ഷെട്ടി പിന്‍വാങ്ങുമെന്നും സൂചനയുണ്ട്.

മഹാഭാരത് എന്ന പേരില്‍ രണ്ട് ഭാഗങ്ങളായി 1000 കോടി രൂപ ചെലവിടുന്ന സിനിമ ഇന്ത്യയിലെതന്നെ ഏറ്റവും ചെലവേറിയതാകുമെന്നാണ് കരുതിയിരുന്നത്. ഒടിയന്‍ സിനിമയ്ക്ക് ശേഷം രണ്ടാമൂഴത്തിന്റെ അണിയറ പ്രവര്‍ത്തനം തുടങ്ങുമെന്ന് ശ്രീകുമാര്‍ മേനോന്‍ അറിയിച്ചിരുന്നു. എന്നാല്‍ മോഹന്‍ലാല്‍ അടക്കമുള്ളവര്‍ക്ക് ഇതേ കുറിച്ച് യാതൊരു അറിയിപ്പും ഉണ്ടായിരുന്നില്ല.

1977ല്‍ ഒരു നവംബര്‍ മാസത്തില്‍ മരണം തന്റെ സമീപത്തെത്തി പിന്മാറിയെന്നും അതിനു ശേഷം എഴുതി പൂര്‍ത്തിയാക്കിയ നോവലാണ് രണ്ടാമൂഴമെന്നും എം ടി നേരത്തെ വിശദീകരിച്ചിരുന്നു. ജീവിതത്തിലെ രണ്ടാമൂഴത്തില്‍ സര്‍ഗാത്മകതയുടെ ഈറ്റു നോവേറെയനുഭവിച്ചെഴുതിയ കൃതിയായതിനാലാവും നോവലുകളിലെന്നും വായിക്കപ്പെടേണ്ട ഒന്നായി രണ്ടാമൂഴം മാറിയത്. അതുകൊണ്ട് കൂടിയാണ് എംടിയുടെ എക്കാലത്തേയും മികച്ച നോവല്‍ സിനിമയാകുന്നതിനെ പ്രതീക്ഷയോടെ മലയാളികള്‍ കണ്ടത്.

ശ്രീകുമാര്‍ മേനോന്റെ ആദ്യ ചിത്രമായ ഒടിയന്‍ ഡിസംബറില്‍ റിലീസാകും. വലിയ പ്രതീക്ഷകളാണ് ഒടിയനില്‍ ശ്രീകുമാര്‍ മേനോനുള്ളത്. അതിന് ശേഷം രണ്ടാമൂഴത്തിലേക്ക് കടക്കുമെന്നും അറിയിച്ചിരുന്നു. എംടിയോടുള്ള ആരാധന കാരണമാണ് ബി ആര്‍ ഷെട്ടി ചിത്രത്തിന്റെ നിര്‍മ്മാണം ഏറ്റെടുത്തത്.

Top