Chiking
Latest News

കുട്ടിക്കഥയെഴുതൂ; ഷാര്‍ജ രാജ്യാന്തര പുസ്തകമേളയില്‍ സമ്മാനം നേടൂ

Web Desk
Indian Telegram Android App Indian Telegram IOS App

ഷാര്‍ജ: ഷാര്‍ജ രാജ്യാന്തര പുസ്തകമേളയോടനുബന്ധിച്ച് കുട്ടികള്‍ക്കായി കഥാരചനാ മത്സരമൊരുക്കി ഷാര്‍ജ ഇന്‍വെസ്റ്റ്‌മെന്റ് ആന്‍ഡ് ഡെവലപ്‌മെന്റ് അതോറിറ്റി (ശുറൂഖ്). ഏഴു മുതല്‍ പതിമൂന്നു വയസ്സ് വരെയുള്ള കുട്ടികള്‍ക്കായുള്ള മത്സരത്തിലെ വിജയികളെ കാത്തിരിക്കുന്നത് രാജ്യാന്തരപുസ്തക മേളാ വേദിയിലെ അംഗീകാരമടക്കം നിരവധി സമ്മാനങ്ങളാണ്.

‘യര്‍ബോയ അഡ്‌വെഞ്ചേഴ്‌സ് സ്റ്റോറി’ എന്ന മത്സരത്തില്‍, ‘ഐ ലവ് ഷാര്‍ജ’ ബ്രാന്‍ഡിന്റെ ഭാഗ്യചിഹ്നമായ ‘യര്‍ബോയ’യെക്കുറിച്ചാണ് കഥയെഴുതേണ്ടത്. കങ്കാരുവിനോട് രൂപസാദൃശ്യമുള്ള ഈ മൃഗം യുഎഇയിലെ സ്ഥിരം കാഴ്ചയാണ്. കഥയുടെ പശ്ചാത്തലവും കഥാപാത്രങ്ങളും പൂര്‍ണമായും ഷാര്‍ജ അടിസ്ഥാനമാക്കിയുള്ളതാവണം.

തുടക്കം, മധ്യഭാഗം, ഒടുക്കം എന്നിങ്ങനെ സമ്പൂര്‍ണതയുള്ള നവീന രചനകളാണ് മത്സരത്തിലേക്ക് പരിഗണിക്കപ്പെടുക. ഇംഗ്ലീഷിലോ അറബിയിലോ കഥകളെഴുതാം. പരമാവധി 2000 വാക്കുകളില്‍ ഒതുങ്ങുന്നതായിരിക്കണം. കുട്ടികളിലെ നൈസര്‍ഗിക വാസനകള്‍ വളര്‍ത്താനും അവര്‍ക്ക് രാജ്യാന്തപുസ്തകമേള പോലുള്ള മികച്ച വേദികളിലെ പരിചയമുണ്ടാക്കാനും ലക്ഷ്യം വെച്ചാണ് ഇത്തരമൊരു മത്സരം സംഘടിപ്പിക്കപ്പെടുന്നത്.

തെരഞ്ഞെടുക്കപ്പെടുന്ന കഥയ്ക്ക് 5000 ദിര്‍ഹംസ് സമ്മാനമായി ലഭിക്കും. അതോടൊപ്പം യര്‍ബോയ പശ്ചാത്തലമായുള്ള പുസ്തക പരമ്പരയില്‍ കഥ പ്രസിദ്ധീകരിക്കുകയും ചെയ്യും. ഇംഗ്ലീഷ്, അറബിക് ഭാഷകളില്‍ നിന്നായി ഓരോ കഥകളാണ് തെരഞ്ഞെടുക്കുക. കലിമത് പബ്ലിഷിംഗ് ഹൗസ്, ശുറൂഖ് എന്നിവരടങ്ങുന്നതാണ് ജഡ്ജിങ് കമ്മിറ്റി.

സ്‌കൂളില്‍ നിന്ന് ഒരുമിച്ചോ ഓരോരുത്തരായോ മത്സരത്തില്‍ പങ്കെടുക്കാം. ഷാര്‍ജ രാജ്യാന്തര പുസ്തകമേളയില്‍ ഏഴാം നമ്പര്‍ ഹാളിലെ ഐ ലവ് ഷാര്‍ജ പവലിയനില്‍ നേരിട്ടോ info@ilovesharah.ae എന്ന വിലാസത്തിലേക്ക് ഇമെയില്‍ രൂപത്തിലോ കഥകള്‍ സമര്‍പ്പിക്കാം. നവംബര്‍ 5 വൈകുന്നേരം അഞ്ചു മണി വരെ രചനകള്‍ സ്വീകരിക്കും. തെരഞ്ഞെടുക്കപ്പെടുന്ന കഥകള്‍ നവംബര്‍ ഏഴിന് പ്രഖ്യാപിക്കും. രാജ്യാന്തരപുസ്തക മേളയുടെ സമാപന ചടങ്ങില്‍ വെച്ച് വിജയികള്‍ക്കുള്ള സമ്മാനം വിതരണം ചെയ്യും.

Top