Chiking
Latest News

വിഐപി വരുമ്പോഴും ആളുകള്‍ മരിച്ചാലും മാത്രമാണോ റോഡ് നന്നാക്കുന്നത്; സര്‍ക്കാരിന് ഹൈക്കോടതിയുടെ രൂക്ഷവിമര്‍ശനം

Web Desk
Indian Telegram Android App Indian Telegram IOS App

കൊച്ചി: സംസ്ഥാനത്തെ റോഡിന്റെ ശോച്യാവസ്ഥയില്‍ സര്‍ക്കാരിന് ഹൈക്കോടതിയുടെ രൂക്ഷവിമര്‍ശം. സംസ്ഥാനത്തെ റോഡിന്റെ എല്ലാം അവസ്ഥ വളരെ മോശമാണെന്നും, വി.ഐ.പികള്‍ വന്നാല്‍ മാത്രമെ റോഡ് നന്നാക്കുകയുള്ളോ എന്നും കോടതി ചോദിച്ചു. ആ സ്ഥിതി മാറേണ്ടതാണെന്നും മികച്ച റോഡുകള്‍ നിര്‍മ്മിക്കുന്നതിനുള്ള നടപടി എത്രയും പെട്ടെന്ന് സ്വീകരിക്കണമെന്നും കോടതി നിര്‍ദ്ദേശിച്ചു.

റോഡുകളുടെ ശോചനീയാവസ്ഥ പരിഹരിക്കുന്നതിന് ചീഫ് ജസ്റ്റിസ് ഇടപെടണമെന്നാവശ്യപ്പെട്ട് ഹൈക്കോടതി ജഡ്ജിമാര്‍ നല്‍കിയ കത്ത് പൊതുതാത്പര്യ ഹര്‍ജിയായി സ്വീകരിച്ചതിന് ശേഷമായിരുന്നു കോടതിയുടെ വിമര്‍ശം. ദീര്‍ഘവീഷണമില്ലാതെയാണ് ഇവിടെ റോഡുകള്‍ പണിയുന്നത്. പേരിന് റോഡുകള്‍ നന്നാക്കിയാല്‍ പോരാ. റോഡ് നന്നാക്കാന്‍ ആളുകള്‍ മരിക്കണമോയെന്നും കോടതി ചോദിച്ചു.

കൊച്ചി കാക്കനാട് സിവിലയിന്‍ റോഡിന്റെ ദുരവസ്ഥയെക്കുറിച്ച് ജസ്റ്റിസുമാര്‍ ഇന്നലെയാണ് ചീഫ് ജസ്റ്റിസിന് കത്ത് നല്‍കിയത്. കേരളത്തിലെ ഭൂപ്രകൃതിയാണ് മോശം റോഡുകള്‍ക്ക് കാരണമെന്ന സര്‍ക്കാര്‍ വിശദീകരിച്ചപ്പോള്‍ പല ആളുകളും നിശബ്ദമായി സഹിക്കുകയാണെന്നാണ് കോടതി പറഞ്ഞത്.ടാറിംഗ് വൈകുന്നതിന് മഴ കാരണമെന്ന സര്‍ക്കാര്‍ വാദം അംഗീകരിക്കാന്‍ കഴിയില്ലെന്നും സര്‍ക്കാര്‍ ഇങ്ങനെ മുന്നോട്ട് പോയാല്‍ പോരെന്നും ഹൈക്കോടതി വിമര്‍ശിച്ചു. ഒരാഴ്ചക്കുള്ളില്‍ എന്തു നടപടി സ്വീകരിച്ചുവെന്ന് അറിയിക്കണമെന്നും ഹൈക്കോടതി ആവശ്യപ്പെട്ടു.

Top