Chiking
Latest News

‘വില്ലന്‍ന്മാരുടെ വാഹനം’ ഒമ്‌നി യാത്ര നിര്‍ത്തുന്നു

Web Desk
Indian Telegram Android App Indian Telegram IOS App

ന്യൂഡല്‍ഹി: ഒരുകാലത്ത് മലയാള സിനിമയിലെ വില്ലന്മാരുടെ പ്രധാന വാഹനമായ മാരുതി സുസുക്കി കുടുംബാംഗം ‘ഒമ്‌നി’ യാത്ര നിര്‍ത്തുന്നു. 34 വര്‍ഷത്തെ നീണ്ട യാത്രയ്ക്ക് ശേഷമാണ് ഒമ്‌നി റോഡ് ഉപേക്ഷിക്കുന്നത്.

2020 ഒക്ടോബറോടെ BNVSAP (ഭാരത് ന്യൂ വെഹിക്കിള്‍ സേഫ്റ്റി അസെസ്‌മെന്റ് പ്രോഗ്രാം) രാജ്യത്തു നടപ്പിലാകുന്നതോടുകൂടി ‘ഒമ്‌നി’ പിന്‍മാറുമെന്ന വാര്‍ത്തയാണ് മാരുതി സുസുക്കി ചെയര്‍മാന്‍ ആര്‍ സി ഭാര്‍ഗവ അറിയിച്ചിരിക്കുന്നത്. BNVSAP (ഭാരത് ന്യൂ വെഹിക്കിള്‍ സേഫ്റ്റി അസെസ്‌മെന്റ് പ്രോഗ്രാം) സുരക്ഷാ ചട്ടങ്ങള്‍ നിര്‍ബന്ധമാക്കുന്ന സാഹചര്യത്തിലാണ് ഒമ്‌നി കളം വിടാന്‍ തയ്യാറെടുക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.

എന്നും വാഹനത്തിന്റെ സുരക്ഷയ്ക്ക് പ്രാധാന്യം നല്‍കുന്നവരാണ് മാരുതി. എന്നാല്‍ പുതിയ സുരക്ഷാ ചട്ടങ്ങള്‍ പാലിക്കുന്നതിന് മാരുതി കുടുംബത്തിലെ ചില കാറുകള്‍ക്ക് കഴിയില്ല. വാഹനത്തിന്റെ മോഡലിന് എത്രത്തോളം പ്രശസ്തിയുണ്ടെങ്കിലും അതിന്റെ സുരക്ഷാ നിലപാടുകളില്‍ കമ്പനി മയം വരുത്തില്ല. ഇതുകൊണ്ടാണ് ഒമ്‌നി പിന്‍വലിക്കുന്നതെന്ന് ആര്‍സി ഭാര്‍ഗവ അറിയിച്ചു.സുരക്ഷയെ മുന്‍നിറുത്തിയാണ് മാരുതി 800 പിന്‍വലിച്ചത്.

1984 ലാണ് ഇന്ത്യയിലേക്ക് ഒമ്‌നിയുടെ കടന്നു വരവ്. 34 വര്‍ഷമായ ഒമ്‌നിയെ രണ്ടുതവണ മാത്രമെ കമ്പനി പരിഷ്‌കരിച്ചിട്ടുള്ളൂ. ഒന്നു 1998 ലും, ഒന്നു 2005 ലും. പരന്ന മുന്‍ഭാഗവും ചതുര ആകാരവുമാണ് കാലങ്ങള്‍ക്കിപ്പുറം ഒമ്‌നിക്ക് വിനയാവുന്നത്. പുതിയ ക്രാഷ് ടെസ്റ്റ് നിര്‍ദ്ദേശങ്ങള്‍ക്ക് മുന്നില്‍ പിടിച്ചുനില്‍ക്കാന്‍ ഒമ്‌നിക്ക് കഴിയില്ല. ബോഡി ഘടനയ്ക്കു ദൃഢത കുറവായതുതന്നെ കാരണം. പൂര്‍ണ്ണ ഫ്രണ്ടല്‍ ഇംപാക്ട്, ഓഫ്‌സെറ്റ് ഫ്രണ്ടല്‍ ഇംപാക്ട്, സൈഡ് ഇംപാക്ട് പരിശോധനകള്‍ BNVSAP ക്രാഷ് ടെസ്റ്റില്‍ ഉള്‍പ്പെടും.

കാലങ്ങള്‍ക്കിപ്പുറം ഒമ്‌നി പിന്‍മാറുമ്പോള്‍ സിനിമയിലെ ‘വില്ലന്‍ കാര്‍കഥാപാത്രത്തിന്റെ’ റിട്ടെയര്‍മെന്റ് ആരാധകര്‍ക്ക് ശരിക്കും നിരാശ നല്‍കും എന്ന് തീര്‍ച്ച.

Top