Chiking
Latest News

ചിക്കിംഗ് മാനേജിംഗ് ഡയറക്ടര്‍ എ.കെ മന്‍സൂറിനെതിരായ പാസ്‌പോര്‍ട്ട് കേസ് ഹൈക്കോടതി റദ്ദാക്കി

Web Desk
Indian Telegram Android App Indian Telegram IOS App

കൊച്ചി: ചിക്കിംഗ് ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ എ.കെ.മന്‍സൂറിനെതിരായ പാസ്‌പോര്‍ട്ട് കേസ് കേരള ഹൈക്കോടതി റദ്ദാക്കി. എ.കെ മന്‍സൂറിനെതിരെ നെടുമ്പാശ്ശേരി പൊലീസ് രജിസ്റ്റര്‍ ചെയ്ത ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 468,471 പാസ്‌പോര്‍ട്ട് നിയമത്തിലെ 12 (B) 12 (D) വകുപ്പുകള്‍ പ്രകാരമുള്ള കേസാണ് ഹൈക്കോടതി റദ്ദു ചെയ്തത്.

എ.കെ.മന്‍സൂര്‍ 2016 മെയ് 23 ന് നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ നിന്നും വ്യാജ പാസ്‌പോര്‍ട്ട് ഉപയോഗിച്ച് ദുബായിലേക്ക് യാത്ര ചെയ്തു എന്നാരോപിച്ച് തിരുവനന്തപുരം സ്വദേശി ആഷിക് മുഹമ്മദ് താജുദ്ദീന്‍ നല്‍കിയ പരാതിയിലാണ് നെടുമ്പാശ്ശേരി പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തിയത്. എറണാകുളം ജില്ലാ ക്രൈംബ്രാഞ്ചിനു വേണ്ടി സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ഹൈക്കോടതിയില്‍ ഫയല്‍ ചെയ്ത റിപ്പോര്‍ട്ടില്‍ എ.കെ.മന്‍സൂര്‍ ക്യാന്‍സല്‍ ചെയ്ത പാസ്‌പോര്‍ട്ട് ഉപയോഗിച്ച് യാത്ര ചെയ്തു എന്നാണ് പറഞ്ഞിരിക്കുന്നത്. ഈ റിപ്പോര്‍ട്ട് സത്യമാണെങ്കില്‍ തന്നെയും ഒരു കുറ്റകൃത്യവും ഇത് വെളിപ്പെടുത്തുന്നില്ല എന്നും ക്യാന്‍സല്‍ ചെയ്ത പാസ്‌പോര്‍ട്ടില്‍ യാത്ര ചെയ്യാന്‍ എ.കെ.മന്‍സൂറിനെ എയര്‍പോര്‍ട്ട് അധികൃതര്‍ അനുവദിക്കരുതായിരുന്നുവെന്നും യാത്ര ചെയ്ത ദിവസം എ.കെ.മന്‍സൂറിന് സാധുവായ പാസ്‌പോര്‍ട്ട് ഉണ്ടായിരുന്നതായും ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ടില്‍ കാണാനാകുമെന്നും ഹൈക്കോടതി നിരീക്ഷിച്ചു.

അസിസ്റ്റന്റ് സോളിസിറ്റര്‍ ജനറല്‍ ഫയല്‍ ചെയ്ത റിപ്പോര്‍ട്ടിലും യാത്ര ചെയ്ത ദിവസം എ.കെ മന്‍സൂറിന് സാധുവായ പാസ്‌പോര്‍ട്ട് ഉണ്ടായിരുന്നതായി രേഖപ്പെടുത്തിയിട്ടുണ്ട്. എ.കെ മന്‍സൂറിന്റെ ക്യാന്‍സല്‍ ചെയ്ത പാസ്‌പോര്‍ട്ടും സാധുവായ പാസ് പോര്‍ട്ടും ഒരുമിച്ച് പിന്‍ ചെയ്ത് ഉപയോഗിച്ചിരുന്നതായും എയര്‍പോര്‍ട്ട് അധികൃതര്‍ ക്യാന്‍സല്‍ ചെയ്ത പാസ്‌പോര്‍ട്ടില്‍ തെറ്റായി സീല്‍ വയ്ക്കുകയാണ് ഉണ്ടായതെന്നുമുള്ള എ.കെ. മന്‍സൂറിന്റെ അഭിഭാഷകന്‍ ബി.രാമന്‍പിള്ളയുടെ വാദമുഖങ്ങള്‍ മുഖവിലക്കെടുത്താണ് ഹൈക്കോടതി ജഡ്ജി കെ. എബ്രഹാം മാത്യു കേസ് റദ്ദ് ചെയ്തത്.

ഹൈക്കോടതി ഉത്തരവിന്റെ പൂര്‍ണരൂപം കാണാന്‍ പിക്ടോറിയല്‍ മെനുവില്‍ പോകുക.

Top