Chiking
Latest News

ശ്രുതി ഹരിഹരന്‍ വിവാഹിതയോ?; രഹസ്യം പുറത്തായത് അര്‍ജുനെതിരെ പരാതി നല്‍കിയതോടെ

Web Desk
Indian Telegram Android App Indian Telegram IOS App

ചെന്നൈ: നടന്‍ അര്‍ജുന്‍ സര്‍ജക്കെതിരെ ശ്രുതി ഹരിഹരന്‍ നല്‍കിയ പരാതിയില്‍, വ്യക്തി വിവരങ്ങള്‍ നല്‍കിയതില്‍ വിവാഹിത എന്ന് രേഖപ്പെടുത്തിയതായി റിപ്പോര്‍ട്ട്. ശ്രുതി വിവാഹിതയാണെന്ന വിവരം പുറം ലോകം അറിഞ്ഞിരുന്നില്ല. സാമൂഹിക മാധ്യമങ്ങളില്‍ ഇതു സംബന്ധിച്ച് മുന്‍പ് പ്രചരണം ഉണ്ടായിരുന്നുവെങ്കിലും അതെല്ലാം നിരസിച്ച് നടി രംഗത്ത് വന്നതോടെ വിവാദം കെട്ടടങ്ങുകയായിരുന്നു. വാര്‍ത്തകളില്‍ സത്യമില്ലെന്നും താന്‍ വിവാഹം കഴിക്കാന്‍ ഉദ്ദേശിക്കുന്നുവെങ്കില്‍ അത് എല്ലാവരോടും തുറന്ന് പറയുമെന്നും അന്ന് ശ്രുതി വ്യക്തമാക്കിയിരുന്നു.

അര്‍ജുനെതിരെ നല്‍കിയ പരാതിയില്‍ ഭര്‍ത്താവിന്റെ പേര് രാം കുമാര്‍ എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നതെന്ന് ഇന്ത്യാ ടുഡേ റിപ്പോര്‍ട്ട് ചെയ്തു.

മീ ടൂ ക്യാമ്പയിന്റെ ഭാഗമായാണ് ശ്രുതി അര്‍ജുനെതിരെ രംഗത്ത് വന്നത്. സിനിമാ സെറ്റില്‍ വച്ച് അര്‍ജുന്‍ മോശമായി പെരുമാറി എന്നായിരുന്നു ആരോപണം. നിബുണന്‍ എന്ന കന്നട സിനിമയുടെ സെറ്റില്‍ വച്ചായിരുന്നു സംഭവം. ആരോപണങ്ങള്‍ നിഷേധിച്ച അര്‍ജുന്‍, ശ്രുതിക്കെതിരെ അഞ്ച് കോടി രൂപയുടെ മാനനഷ്ടക്കേസ് നല്‍കി. ബെംഗളൂരൂ സിറ്റി സിവിന്‍ കോടതിയിലാണ് നടന്‍ മാനനഷ്ടക്കേസ് ഫയല്‍ ചെയ്തത്.

തുടര്‍ന്ന് ശ്രുതി അര്‍ജുനെതിരെ പൊലീസില്‍ പരാതി നല്‍കി. ജാമ്യമില്ലാ വകുപ്പുകള്‍ ഉള്‍പ്പെടുത്തി നടനെതിരെ കബണ്‍പാര്‍ക്ക് പൊലീസ് കേസെടുക്കുകയും ചെയ്തു. ലൈംഗികാരോപണ പരാതിയില്‍ തനിക്കെതിരെയുള്ള കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് നടന്‍ അര്‍ജുന്‍ ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്.

നടിയുടെ പരാതിയില്‍ സംസ്ഥാന വനിതാ കമ്മിഷന്‍ സ്വമേധയാ കേസെടുത്തു. പരാതിയെക്കുറിച്ചുള്ള വിശദ വിവരങ്ങള്‍ 15 ദിവസത്തിനുള്ളില്‍ ലഭ്യമാക്കാന്‍ വനിതാ കമ്മിഷന്‍ ചെയര്‍പേഴ്‌സണ്‍ നാഗലക്ഷ്മി ഭായി സിറ്റി പൊലീസ് കമ്മിഷണര്‍ ടി. സുനീല്‍കുമാറിനോട് ആവശ്യപ്പെട്ടു.

Top