Chiking
Latest News

ശബരിമലയില്‍ പ്രതിഷേധവുമായെത്തിയ ഭക്തരെ നിയന്ത്രിക്കാന്‍ രംഗത്തെത്തിയത് ആര്‍എസ്എസ് നേതാവ് വത്സന്‍ തില്ലങ്കേരി; പതിനെട്ടാം പടിയില്‍ ഇരുമുടിക്കെട്ടില്ലാതെ നിന്ന് പ്രസംഗിച്ചത് വിവാദമായി; ഇടപെട്ടത് സംഘര്‍ഷം ഒഴിവാക്കാനെന്ന് വത്സന്‍ തില്ലങ്കേരി (വീഡിയോ)

Web Desk
Indian Telegram Android App Indian Telegram IOS App

പത്തനംതിട്ട: ശബരിമല ദര്‍ശനത്തിനെത്തിയ 52 വയസ്സുകാരിക്ക് നേരെ പ്രതിഷേധം ഉണ്ടായതിനെ തുടര്‍ന്ന് ഭക്തരെ നിയന്ത്രിക്കാന്‍ രംഗത്തെത്തിയത് ആര്‍എസ്എസ് നേതാവ് വത്സന്‍ തില്ലങ്കേരി. ചെറുമകന്റെ ചോറൂണിനെത്തിയ 52 വയസ്സുകാരി ലളിതയ്ക്കു നേരെ പ്രതിഷേധം ശക്തമായതിനെ തുടര്‍ന്നു പ്രവര്‍ത്തകരെ ശാന്തരാക്കാന്‍ പൊലീസിന്റെ മൈക്കിലൂടെയാണ് വത്സന്‍ തില്ലങ്കേരി സംസാരിച്ചത്.

വന്‍ സുരക്ഷാസന്നാഹം സന്നിധാനത്ത് പൊലീസ് ഒരുക്കിയിട്ടും പ്രതിഷേധങ്ങള്‍ തണുപ്പിക്കാന്‍ ബിജെപി നേതാക്കളുടെ സഹായം തേടുകയയിരുന്നു പൊലീസ് . യുവതീ പ്രവേശം സംശയിച്ചു ഭക്തര്‍ പ്രതിഷേധം ശക്തമാക്കിയപ്പോള്‍ അതിന്റെ മുന്‍നിരയില്‍ വത്സല്‍ തില്ലങ്കേരി ഉണ്ടായിരുന്നു. എന്നാല്‍ ദര്‍ശനത്തിന് എത്തിയ സ്ത്രീകള്‍ക്ക് 50 വയസു കഴിഞ്ഞെന്ന് ബോധ്യപ്പെട്ടതോടെ പ്രതിഷേധക്കാരെ ശാന്തരാക്കാനും വത്സന്‍ മുന്നിട്ടിറങ്ങി. പൊലീസിന്റെ അനൗണ്‍സ്‌മെന്റ് മൈക്കിലൂടെ വേണ്ട നിര്‍ദേശങ്ങള്‍ ഭക്തര്‍ക്കു നല്‍കി. പൊലീസ് നിസ്സഹായരായി നോക്കിനില്‍ക്കുമ്പോഴായിരുന്നു തില്ലങ്കേരിയുടെ ഇടപെടല്‍.

‘നമ്മള്‍ ഇവിടെ വന്നിരിക്കുന്നത് ഭക്തന്‍മാര്‍ ആയിട്ടാണ്. ഇവിടെ ചിലയാളുകള്‍ ഈ കൂട്ടത്തില്‍ കുഴപ്പമുണ്ടാക്കണമെന്ന് ഉദ്ദേശിച്ചു വന്നിട്ടുണ്ട്. അവരുടെ കുതന്ത്രത്തില്‍ വീണു പോകാന്‍ പാടില്ല. നമ്മള്‍ ശാന്തമായി, സമാധാനമായി ദര്‍ശനം നടത്തണം. ദര്‍ശനം നടത്താന്‍ പ്രായപരിധിക്കു പുറത്തുള്ളവര്‍ വന്നാല്‍ അവര്‍ക്കു സഹായവും ചെയ്തുകൊടുക്കണം. പ്രായപരിധിയിലുള്ളവരെ തടയാന്‍ വേണ്ടിയിട്ടുള്ള സംവിധാനം ഇവിടെയുണ്ട്. ആചാരലംഘനം ഇവിടെ നടക്കില്ല. അതിന് ഇവിടെ പൊലീസുണ്ട്. നമ്മുടെ വൊളന്റിയര്‍മാരുണ്ട്. അവിടെ പമ്പ മുതല്‍ അതിനുള്ള സംവിധാനം ഉണ്ട്. അത് കടന്നിട്ട് ആര്‍ക്കും ഇങ്ങോട്ട് വരാന്‍ പറ്റില്ല’തില്ലങ്കേരി പറഞ്ഞു.

‘നമ്മള്‍ ആവശ്യമില്ലാതെ വികാരാധീനരാകേണ്ടതില്ല. ശബരിമല കലാപകേന്ദ്രമാക്കണം എന്നു പ്രചരണം നടത്തുന്ന ആളുകള്‍ക്ക് ഇന്ന് എന്തെങ്കിലും ഒരു പ്രശ്‌നം ഉണ്ടായിക്കിട്ടണമെന്ന് ആഗ്രഹമുണ്ട്. അവരുടെ കെണിയില്‍ വീഴാനാണോ ഉദ്ദേശിക്കുന്നത്? സ്വയം വൊളന്റിയര്‍മാരായി ശാന്തമായ രീതിയില്‍ നടയിറങ്ങാന്‍ സാധിക്കണം. പ്രശ്‌നം ഉണ്ടാക്കാന്‍ ശ്രമിക്കുന്നവരുടെ കെണിയില്‍ വീഴാന്‍ പാടില്ല. നമ്മള്‍ ശാന്തമായി ഇരുന്നാല്‍ മതി. എല്ലാവരെയും ആവശ്യമായി വരേണ്ട സന്ദര്‍ഭം വരികയാണെങ്കില്‍ വിളിക്കും. അപ്പോള്‍ വന്നാല്‍ മതി. ഇങ്ങനെ ആവര്‍ത്തിച്ചുപറയുന്നതു നമുക്കു മോശമാണ്. അതിന് ഇടയാക്കരുത്’ എന്നും അദ്ദേഹം വ്യക്തമാക്കി.

എന്നാല്‍ സംഭവത്തിന് ശേഷം വത്സന്‍ തില്ലങ്കേരി ഇരുമുടിക്കെട്ടില്ലാതെ പതിനെട്ടാം പടി ചവിട്ടിയത് വിവാദമായി മാറുകയായിരുന്നു. അദ്ദേഹത്തിനെതിരെ വിവിധ കോണുകളില്‍ നിന്ന് പ്രതിഷേധവും ഉയര്‍ന്നു. അതിനു പുറകേ അദ്ദേഹം വിശദീകരണവുമായെത്തി. സംഘര്‍ഷമുണ്ടാകുമ്പോള്‍ അത് ഒഴിവാക്കാന്‍ നേതൃത്വത്തിനു ചുമതലയുണ്ടെന്നും അതുകൊണ്ടാണു തൃശൂര്‍ സ്വദേശിനി ലളിതാ രവി ശബരിമലയിലെത്തിയ സമയത്തു ഭക്തര്‍ക്ക് ആവശ്യമായ നിര്‍ദേശങ്ങള്‍ നല്‍കിയതെന്നാണ് അദ്ദേഹം വിശദീകരണം നല്‍കിയത്. പൊലീസ് പരാജയപ്പെട്ടിട്ടില്ല. പൊലീസിനെ സഹായിക്കാനാണു ഭക്തജനങ്ങള്‍ അങ്ങനെ ചെയ്തത്. എല്ലാവരും ചേര്‍ന്നാണു ശബരിമലയില്‍ സമാധാനം ഉണ്ടാക്കിയത് എന്നും തില്ലങ്കേരി പറഞ്ഞു. ആരോ മൈക്ക് തന്നശേഷം ഭക്തകരോടു ശാന്തരാകണമെന്നു പറയാന്‍ ആവശ്യപ്പെട്ടതുകൊണ്ടാണു മൈക്കുപയോഗിച്ചതെന്നും അദ്ദേഹം പറഞ്ഞു.

പതിനെട്ടാം പടി ചവിട്ടിയത് ഇരുമുടിക്കെട്ടുമായാണ്. സംശയമുണ്ടെങ്കില്‍ ആര്‍ക്കും വിഡിയോ ദൃശ്യങ്ങള്‍ പരിശോധിക്കാം. ഇരുമുടിക്കെട്ടുമായി പടികയറി മുകളിലെത്തിയപ്പോഴാണു താഴെ വലിയ പ്രശ്‌നം നടക്കുന്നതായി കാണുന്നത്. ആദ്യം ഇരുമുടിക്കെട്ട് കയ്യില്‍ വച്ചുകൊണ്ടു തന്നെ എല്ലാവരോടും ശാന്തരാകാന്‍ ആവശ്യപ്പെട്ടു. അതിനുശേഷം ഇരുമുടികെട്ട് അടുത്തു നിന്നയാള്‍ക്കു കൊടുത്തശേഷം എല്ലാവരെയും രണ്ടു കയ്യും ഉയര്‍ത്തി ശാന്തമാകാന്‍ ആവശ്യപ്പെട്ടതാണ്. അയ്യപ്പഭക്തനായ താന്‍ ആചാരലംഘനം നടത്തിയെന്നു പറയുന്ന അവാസ്തവമായ പ്രചാരണം വേദനയുണ്ടാക്കുന്നുവെന്നും വല്‍സന്‍ തില്ലങ്കേരി കൂട്ടിച്ചേര്‍ത്തു.

യുവതീപ്രവേശത്തെ എതിര്‍ക്കുന്ന തീവ്രനിലപാടു സ്വീകരിക്കുന്നവരും ശബരിമലയില്‍ വന്നിട്ടുണ്ട്. ശബരിമലയെ കലാപകേന്ദ്രമാക്കാന്‍ വരുന്നവരുണ്ടെന്നു പൊലീസിനുമറിയാം. അത്തരക്കാരുടെ കുതന്ത്രങ്ങളില്‍പെടരുതെന്നാണു ഞങ്ങള്‍ പറഞ്ഞത്. ആരാധനാലയങ്ങളുടെ പവിത്രത സംരക്ഷിക്കാനാണു സംഘപരിവാര്‍ പ്രവര്‍ത്തകര്‍ വന്നത്. എക്കാലവും സംഘപരിവാര്‍ പ്രവര്‍ത്തകര്‍ നിലകൊണ്ടതും അതിനുവേണ്ടി തന്നെയാണ്. വൈകാരികമായ വിഷയമാണെന്നതിനാല്‍ ഭക്തര്‍ പെട്ടെന്നു പ്രകോപിതരാകാനുള്ള സാധ്യതയുണ്ട്. അത്തരം പ്രശ്‌നം ഒഴിവാക്കുന്നതിനാണു താനുള്‍പ്പെടെയുള്ള നേതൃത്വം ശബരിമലയിലെത്തിയതെന്നും തില്ലങ്കേരി പറഞ്ഞു.

ഭക്തര്‍ക്കു നേരിട്ട ബുദ്ധിമുട്ടുകളില്‍ അവര്‍ നിരാശരാണ്. ആദ്യ ദിവസം ബസ് ഉണ്ടായിട്ടും എരുമേലിയില്‍നിന്നു ഭക്തരെ നിലയ്ക്കലേക്കു കൊണ്ടുവന്നില്ല. നിലയ്ക്കലില്‍ 17 ബസ് ഉണ്ടായിട്ടും ഭക്തര്‍ക്കായി നല്‍കിയില്ല. ഭക്തജനങ്ങളുടെ വാഹനം പിടിച്ചു വച്ചു. എന്നാല്‍ ബസ് വിട്ടതുമില്ല. ആയിരത്തോളം ആളുകള്‍ നടക്കേണ്ടിവന്നു. ഇരുമുടിക്കെട്ട് അഴിച്ചുപോലും പരിശോധിച്ചു പമ്പയില്‍. ഇതൊക്കെ കരുതിക്കൂട്ടി ചെയ്തതാണെന്ന തോന്നലാണ് ഭക്തരെ പ്രകോപിപ്പിച്ചത് എന്നും വല്‍സന്‍ തില്ലങ്കേരി പറഞ്ഞു.

വീഡിയോ കാണാന്‍ വീഡിയോ മെനുവില്‍ പോകുക.

Top