Chiking
Latest News

ഒടുവില്‍ അനൂപ് മേനോന്റെ വിവാദ ശബ്ദത്തിനുടമയെ കിട്ടി

Web Desk
Indian Telegram Android App Indian Telegram IOS App

തൃശ്ശൂര്‍: കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ആരോ പ്രസംഗിക്കുന്ന ഒരു ശബ്ദരേഖ വാട്‌സ്ആപ്പ് വഴി കറങ്ങി നടക്കുന്നു. ശബരിമലയാണ് സംസാരത്തിലെ വിഷയമെങ്കിലും ആ ശബ്ദം കേട്ടു പരിജയം തോന്നിയവര്‍ ആളെ മനസ്സിലാക്കി. നടന്‍ അനൂപ് മേനോന്‍ തന്നെ. പിന്നെ ഒട്ടും വൈകിയില്ല ഗ്രൂപ്പുകളായ ഗ്രൂപ്പുകളിലേക്ക് ഷെയര്‍ ചെയ്യാനുള്ള തിടുക്കമായിരുന്നു. ‘ശബരിമല വിഷയത്തില്‍ അനൂപ് മേനോന്റെ കിടിലം മറുപടി’ എന്ന തലകെട്ടും കൊടുത്തപ്പോള്‍ ഷെയറുകളുടെ എണ്ണവും കൂടി. എന്നാല്‍ ശബ്ദം വൈറലായതോടെ പലരും അനൂപിനെ തന്നെ നേരിട്ട് വിളിച്ച് കാര്യം അന്വേഷിക്കാന്‍ തുടങ്ങി. കോളുകള്‍ കൊണ്ട് മടുത്ത അനൂപ് തന്നെ ആ ശബ്ദത്തിനുടമ വെളിച്ചത്ത് വരണമെന്ന്  പറഞ്ഞു ഫെയ്‌സ്ബുക്കിലൂടെ രംഗത്തു വന്നു. അപ്പോഴാണ് യാഥാര്‍ത്ഥ്യം എന്താണെന്ന് അറിയാന്‍ ‘ഷെയര്‍കാര്‍ക്ക്’ താല്‍പര്യമായത്. ഒടുവില്‍ അനൂപ് മേനോന്റെ ശബ്ദത്തിന്റെ ഉടമയെ എല്ലാവരും കൂടി കണ്ടെത്തി.

ശബരിമല സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട് നടന്‍ അനൂപ് മേനോന്റെ ശബ്ദമായി പ്രചരിപ്പിച്ച ഓഡിയോ ക്ലിപ്പിന്റെ ഉടമ ഹിന്ദു ഐക്യവേദി നേതാവ് രാജേഷ് നാദാപുരത്തിന്റേതാണ്. രാജേഷ് നാദാപുരത്തിന്റെ ശബ്ദത്തിനും അനൂപ് മേനോന്റെ ശബ്ദത്തിനും ഏറെ സാമ്യമുണ്ട്. ഇതാണ് ‘ഷെയറുകാരെ’ പ്രകോപിപ്പിച്ചത്. ഇത്രയും ഭംഗിയായി സംസാരിക്കുന്ന ഒരാളെ ‘അത് അനൂപ് മേനോനാണെന്ന്’ പറഞ്ഞും, പ്രചരിപ്പിച്ചും അയാളുടെ വ്യക്തിത്വം ഇല്ലാതാക്കാതെ, അയാളുടെ ശബ്ദം അയാള്‍ക്ക് തിരിച്ചുകൊടുക്കുക എന്ന് അനൂപ് ഫെയ്‌സ്ബുക്കില്‍ അഭ്യര്‍ത്ഥിച്ചിരുന്നു. എന്തായാലും അനൂപ് നേരിട്ട് ഫെയ്‌സ്ബുക്കില്‍ വന്നത് നന്നായി എന്നാണ് ആരാധകര്‍ പറയുന്നത്. ഇല്ലെങ്കില്‍ ആ ഉടമ ഇപ്പോഴും മറഞ്ഞിരുന്നേനേ.

ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം:

പ്രിയപ്പെട്ടവരേ,

‘അനൂപ് മേനോന്റെ കിടിലം മറുപടി’ എന്ന പേരിലൊരു ഓഡിയോ ക്ലിപ്പ് കറങ്ങി നടക്കുന്നത് ശ്രദ്ധയില്‍പ്പെട്ടത് കൊണ്ടാണ് ഇങ്ങനെയൊരു കുറിപ്പ്.ജാതിമതസംബന്ധിയായും, വിശിഷ്യാ ശബരിമലവിവാദത്തെ അടിസ്ഥാനപ്പെടുത്തിയുമാണ് പ്രസ്തുതവോയ്‌സ്‌നോട്ടിന്റെ ഉള്ളടക്കം. ആ തലക്കെട്ടിലെ കിടിലം എന്ന വാക്ക് എനിക്കിഷ്ടമായെങ്കിലും, ആ ശബ്ദത്തിന്റെ ഉടമ ഞാനല്ല എന്ന് വ്യക്തമാക്കട്ടെ. ആ ശബ്ദത്തിന്റെ ഭാഷാരീതിയനുസരിച്ച് അത് കണ്ണൂര്‍/കോഴിക്കോട് ഭാഗത്ത് നിന്നുള്ള ആരോ ആവാനാണ് സാദ്ധ്യത. നല്ല ഭാഷാപ്രാവീണ്യവും, ആധികാരികതയുമുള്ള ആരോ ഒരാള്‍. ഇവിടെ ഈ സൈബറിടത്തിലും, പുറത്തും പലര്‍ക്കുമറിയാവുന്നത് പോലെ മതത്തിലോ, രാഷ്ട്രീയത്തിലോ ഒട്ടും താല്‍പര്യമില്ലാത്ത ഒരാളാണ് ഞാനെന്ന് ഒന്ന് കൂടി ഓര്‍മ്മിപ്പിക്കട്ടെ.അതു കൊണ്ട് തന്നെ ആ പ്രാസംഗികന്‍ വെളിച്ചത്ത് വന്ന് സ്വന്തം ശബ്ദം ഏറ്റെടുക്കണം എന്ന് വിനയപൂര്‍വ്വം ഞാനപേക്ഷിക്കുന്നു.

ഇനി പറയാനുള്ളത് മെസേജ് ഫോര്‍വേഡ് ചെയ്യുന്നവരോടാണ്:

നിങ്ങള്‍ വിശ്വസിക്കുന്ന ഒരു ആശയം പ്രചരിപ്പിക്കാന്‍ എന്റെ പേരുപയോഗിക്കുന്നതില്‍ എന്ത് മാത്രം ധാര്‍മ്മികതയുണ്ടെന്ന് ഒന്നാലോചിക്കുക. ഇത്രയും ഭംഗിയായി സംസാരിക്കുന്ന ഒരാളെ ‘അത് അനൂപ് മേനോനാണെന്ന്’ പറഞ്ഞും, പ്രചരിപ്പിച്ചും അയാളുടെ വ്യക്തിത്വം ഇല്ലാതാക്കാതെ, അയാളുടെ ശബ്ദം അയാള്‍ക്ക് തിരിച്ചുകൊടുക്കുക.

സ്‌നേഹപൂര്‍വ്വം
അനൂപ് മേനോന്‍

വീഡിയോ കാണുന്നതിനായി വീഡിയോ മെനുവില്‍ പോവുക

Top