Chiking
Latest News

നെയ്യാറ്റിന്‍കര കൊലപാതകത്തിന്റെ അന്വേഷണം ക്രൈംബ്രാഞ്ച് ഇന്ന് ഏറ്റെടുത്തേക്കും; ഹരികുമാര്‍ കീഴടങ്ങിയേക്കുമെന്ന് സൂചന

Web Desk
Indian Telegram Android App Indian Telegram IOS App

തിരുവനന്തപുരം: നെയ്യാറ്റിന്‍കര സ്വദേശി സനല്‍കുമാര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ അന്വേഷണം ക്രൈംബ്രാഞ്ച് ഇന്ന് ഏറ്റെടുത്തേക്കും. മുന്‍കൂര്‍ ജാമ്യം ലഭിക്കാനിടയില്ലെന്ന നിയമോപദേശത്തിന്റെ അടിസ്ഥാനത്തില്‍ ഹരികുമാര്‍ കീഴടങ്ങിയേക്കുമെന്നും സൂചനയുണ്ട്.

ഉന്നത പൊലീസ് ഉദ്യോഗസ്ഥന്‍ പ്രതിയായ കേസായതിനാലാണ് അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറിയത്. ഒളിവില്‍ പോയ ഡിവൈഎസ്പി ഹരികുമാറിനായി രാജ്യത്തെ വിമാനത്താവളങ്ങളിലും ലുക്കൗട്ട് നോട്ടീസ് പതിച്ചിട്ടുണ്ട്. സംഭവ സ്ഥലത്ത് നിന്ന് ഹരികുമാറിനെ രക്ഷപ്പെടാന്‍ സഹായിച്ച കൊടങ്ങാവിള സ്വദേശി ബിനുവും ഒളിവിലാണ്. ബിനുവിന്റെ വീടിന് സംരക്ഷണം ഏര്‍പ്പെടുത്തിയ പൊലീസ് നടപടിക്കെതിരെ നാട്ടുകാര്‍ ഇന്നലെ പ്രതിഷേധവുമായി രംഗത്തെത്തി.

കൊടങ്ങാവിളയില്‍ തിങ്കളാഴ്ച രാത്രിയാണ് വാക്കുതര്‍ക്കത്തെ തുടര്‍ന്ന് കാവുവിള സ്വദേശി സനല്‍കുമാര്‍(32) കൊല്ലപ്പെട്ടത്. കൊടങ്ങാവിളയിലെ സുഹൃത്തിന്റെ വീട്ടിലെത്തിയ ഡിവൈഎസ്പി തന്റെ വാഹനത്തിന് തടസമായി കാര്‍ പാര്‍ക്ക് ചെയ്തതില്‍ പ്രകോപിതനായി സനലിനെ മര്‍ദ്ദിക്കുകയായിരുന്നു. സനലിനെ ഡിവൈഎസ്പി റോഡിലേക്ക് തള്ളിയിട്ടെന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു. പിന്നാലെ എതിരെ വന്ന വാഹനം സനലിനെ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. സനലിനെ ആശുപത്രിയിലെത്തിക്കാന്‍ നില്‍ക്കാതെ ഡിവൈഎസ്പി സ്ഥലത്ത് നിന്ന് രക്ഷപ്പെട്ടു. ഹരികുമാര്‍ ഒളിവില്‍ പോവുകയായിരുന്നു. സംഭവത്തില്‍ ഡിവൈഎസ്പിക്കെതിരെ കൊലക്കുറ്റം ചുമത്തിയിരുന്നു. എന്നാല്‍ ഇതുവരെ ഡിവൈഎസ്പിയെ കണ്ടെത്താന്‍ അന്വേഷണ സംഘത്തിന് കഴിഞ്ഞില്ല.

Top