Chiking
Latest News

ട്രംപിന് തിരിച്ചടിയായി യുഎസ് ജനപ്രതിനിധിസഭ ഡെമോക്രാറ്റുകള്‍ പിടിച്ചു

Web Desk
Indian Telegram Android App Indian Telegram IOS App

വാഷിങ്ടന്‍: ഡൊണാള്‍ഡ് ട്രംപിന് തിരിച്ചടിയായി യുഎസ് ജനപ്രതിനിധിസഭ (ഹൗസ്) ഡെമോക്രാറ്റുകള്‍ പിടിച്ചെടുത്തു. സെനറ്റില്‍ റിപ്പബ്ലിക്കന്‍ മേധാവിത്വം തുടരുമെങ്കിലും പ്രസിഡന്റ് ട്രംപിന് വിവാദനയങ്ങളുമായി മുന്നോട്ടുപോകാന്‍ ബുദ്ധിമുട്ടാകും. 435 അംഗ ഹൗസില്‍ 222 സീറ്റുകളാണ് ഡെമോക്രാറ്റുകള്‍ നേടിയത്. ട്രംപിന്റെ റിപ്പബ്ലിക്കന്‍ പാര്‍ട്ടി 196 സീറ്റ് നേടി. കേവല ഭൂരിപക്ഷത്തിനു വേണ്ടത് 218 ആണ്.

4 ഡെമോക്രാറ്റ് സീറ്റുകള്‍ പിടിച്ചെടുത്തതുള്‍പ്പെടെ സെനറ്റില്‍ നിലവിലുണ്ടായിരുന്ന നേരിയ ഭൂരിപക്ഷം മെച്ചപ്പെടുത്താനായതാണ് റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ നേട്ടം. ജനപ്രതിനിധി സഭ കൈവിട്ടുപോയിട്ടും ‘ഗംഭീരവിജയത്തിന്റെ രാത്രി’യെന്നാണ് ട്രംപ് ട്വീറ്റ് ചെയ്തത്. പക്ഷേ, 435 അംഗ ജനപ്രതിനിധിസഭയില്‍ 8 വര്‍ഷത്തിനുശേഷം ഡെമോക്രാറ്റുകള്‍ ആധിപത്യം നേടിയതോടെ, പ്രസിഡന്റിനെ ഇംപീച് ചെയ്യാനുള്ള നടപടികളിലേക്കുവരെ നീങ്ങിയേക്കാവുന്ന വഴിത്തിരിവുകള്‍ക്കാണു കളമൊരുങ്ങിയിരിക്കുന്നത്. 36 സംസ്ഥാനങ്ങളിലെ ഗവര്‍ണര്‍ സ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പിലും ഡെമോക്രാറ്റ് മുന്നേറ്റമുണ്ട്.

ജനപ്രതിനിധി സഭയിലെ മുതിര്‍ന്ന ഡെമോക്രാറ്റ് നേതാവ് നാന്‍സി പെലോസി സ്പീക്കറാകും. ട്രംപ്, പെലോസിയെ വിളിച്ച് അഭിനന്ദനമറിയിച്ചു. തെരഞ്ഞെടുപ്പു ഫലം റഷ്യ-യുഎസ് ബന്ധം മെച്ചപ്പെടുത്തുമെന്ന പ്രതീക്ഷ നല്‍കുന്നില്ലെന്നു റഷ്യന്‍ പ്രസിഡന്റ് വ്‌ലാഡിമിര്‍ പുടിന്റെ വക്താവ് ദിമിത്രി പെസ്‌കോവ് പറഞ്ഞു.

ഇടക്കാല തെരഞ്ഞെടുപ്പിലൂടെ ചരിത്രത്തിലാദ്യമായി യുഎസ് പാര്‍ലമെന്റില്‍ രണ്ടു മുസ്‌ലിം വനിതകളെത്തി- റഷീദ താലിബും ഇല്‍ഹാന്‍ ഉമറും. ഇരുവരും മല്‍സരിച്ചതു ഡെമോക്രാറ്റ് ടിക്കറ്റിലാണ്. റഷീദ മിഷിഗനില്‍ നിന്നും ഇല്‍ഹാന്‍ മിനസോട്ടയില്‍നിന്നുമാണു ജയിച്ചത്. കോണ്‍ഗ്രസില്‍ ശിരോവസ്ത്രമണിഞ്ഞെത്തുന്ന ആദ്യ അംഗം കൂടിയാകും ഇല്‍ഹാന്‍.

സൊമാലി വംശജയായ ഇവര്‍ കുട്ടിക്കാലത്ത് ആഭ്യന്തരയുദ്ധത്തില്‍പെട്ട് അഭയാര്‍ഥി ക്യാംപില്‍ കഴിഞ്ഞിട്ടുണ്ട് പലസ്തീനില്‍ നിന്നുള്ള കുടിയേറ്റക്കാരായ ദമ്പതികളുടെ മകളായ റഷീദ രാഷ്ട്രീയത്തിലിറങ്ങും മുന്‍പ് അഭിഭാഷകയും സാമൂഹിക പ്രവര്‍ത്തകയുമായിരുന്നു.

Top