നവകേരള നിര്‍മാണത്തിന് തിരിച്ചടി; കെപിഎംജി നിര്‍ദേശങ്ങള്‍ ലക്ഷ്യം കണ്ടില്ല; സര്‍ക്കാര്‍ പുതിയ ഏജന്‍സിയെ തേടി
Web Desk
തിരുവനന്തപുരം: ക്രൗഡ് ഫണ്ടിംഗ് ചെയ്യുന്നതില്‍ കെപിഎംജി പരാജയപ്പെട്ടെന്ന ആരോപണം ഉയര്‍ന്നതോടെ പുതിയ കണ്‍സള്‍ട്ടന്റിനെ തേടി സര്‍ക്കാര്‍. നേരത്തെ കരിമ്പട്ടികയില്‍ ഇടം നേടിയിരുന്ന കെപിഎംജിയെ സര്‍ക്കാര്‍ നിയോഗിച്ചത് ഏറെ വിവാദമായിരുന്നു. പ്രളയം കഴിഞ്ഞ് മൂന്നു മാസം കഴിഞ്ഞിട്ടും ക്രൗഡ് ഫണ്ടിംഗ് വഴി ഇതുവരെ സമാഹരിക്കാനായത് നിസാര തുക മാത്രം. ഇതെതുടര്‍ന്ന് ചീഫ് സെക്രട്ടറി ഉയര്‍ന്ന ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചു.
പ്രളയാനന്തര പുനര്‍നിര്‍മാണത്തിന് കെപിഎംജിയെ മുഖ്യ കണ്‍സള്‍ട്ടന്‍സിയായി തെരഞ്ഞെടുത്തത് മന്ത്രിസഭാ യോഗത്തിലെടുത്ത തീരുമാനത്തിലൂടെയായിരുന്നു.
ലോക ബാങ്ക് ഉള്‍പ്പെടെ ഏജന്‍സികളുടെ സഹായം ലഭിക്കുന്നതിനു കെപിഎംജി പോലെ ഈ മേഖലയിലെ വിദഗ്ധരുടെ റിപ്പോര്‍ട്ട് അനിവാര്യമാണെന്നായിരുന്നു അന്ന് സര്‍ക്കാരിന്റെ നിലപാട്.
പുനര്നിര്മാണപ്രവര്ത്തനങ്ങള്ക്കു നേതൃത്വം നല്‍കാനുള്ള മറ്റു കമ്പനികളെ കണ്ടെത്തുക, അവരുടെ ജോലികള്‍ നിശ്ചയിക്കുക, പ്രവര്ത്തനമാര്ഗരേഖയ്ക്കു രൂപം നല്‍കുക, കമ്പനികളുടെ പ്രവര്‍ത്തനം വിലയിരുത്താനുളള മാര്‍ഗരേഖ തയ്യാറാക്കുക എന്നിവയായിരുന്ന കെപിഎംജിയുടെ ചുമതല.
പുനര്‍ നിര്‍മാണ പദ്ധതി കെപിഎംജിയെ ഏല്‍പ്പിക്കുന്നതിനെതിരെ പ്രതിപക്ഷവും നേരത്തെ രംഗത്തെത്തിയിരുന്നു. കെപിഎംജിയുടെ വിശ്വാസ്യതയും പശ്ചാത്തലവും പരിശോധിക്കണമെന്ന് വി.എം.സുധീരന് ആവശ്യപ്പെട്ടിരുന്നു. കെപിഎംജി പല രാജ്യങ്ങളിലും ക്രമക്കേട് നടത്തിയിട്ടുണ്ട്. ദക്ഷിണാഫ്രിക്ക, ബ്രിട്ടണ് തുടങ്ങിയ രാജ്യങ്ങളില്‍ നടത്തിയ ക്രമക്കേടിനെ കുറിച്ച് പരാതിയുണ്ട്. വിവാദമുണ്ടാക്കാനല്ല, സദുദ്ദേശത്തോടെയാണ് ഇക്കാര്യം പറയുന്നതെന്നും വി.എം.സുധീരന് അന്ന് പറഞ്ഞിരുന്നു.