Chiking
Latest News

ഡോക്ടര്‍മാരോട് ആത്മഹത്യാശ്രമമെന്ന് പറഞ്ഞു; ബന്ധുക്കളോട് മരണ വിവരം മറച്ചു വെച്ചു; മരിച്ചിട്ടും സനലിനോട് ക്രൂരത കാട്ടി പൊലീസ്

Web Desk
Indian Telegram Android App Indian Telegram IOS App

തിരുവനന്തപുരം: സനലിനോട് പൊലീസുകാര്‍ കാട്ടിയ ക്രൂരത ആംബുലന്‍സ് വഴിതിരിച്ചുവിട്ടതിലും അവസാനിച്ചില്ല. സനലിനെ മെഡിക്കല്‍ കോളജാശുപത്രിയില്‍ എത്തിച്ച പൊലീസുകാര്‍ ആത്മഹത്യാശ്രമം എന്നാണ് ഡോക്ടര്‍മാരെ അറിയിച്ചത്. ആവര്‍ത്തിച്ച് ചോദിച്ചപ്പോള്‍ വാഹനം ഇടിച്ചതാണെന്ന് മാറ്റിപ്പറയുകയും ചെയ്തു. മരണം സ്ഥിരീകരിച്ചതിന് തൊട്ടുപിന്നാലെ ഇവര്‍ സ്ഥലംവിടുകയും ചെയ്തു.

സംഭവം ഇങ്ങനെ: രാത്രി പതിനൊന്നുമണിക്ക് ശേഷം സനലിനെ അതീവഗുരുതരാവസ്ഥയില്‍ രണ്ട് പൊലീസുകാര്‍ ആംബുലന്‍സില്‍ തിരുവനന്തപുരം മെഡിക്കല്‍ കോളജാശുപത്രിയില്‍ എത്തിച്ചു. വിവരം തിരക്കിയ സുരക്ഷാജീവനക്കാരോട് പൊലീസുകാര്‍ തട്ടിക്കയറുകയും തുടര്‍ന്ന് സനലിനെ ഡോക്ടര്‍മാര്‍ക്കരികില്‍ എത്തിക്കുകയും ചെയ്തു.

സനല്‍ ആത്മഹത്യ ചെയ്യാന്‍ ശ്രമിച്ചുവെന്ന് ആദ്യം പരിശോധിച്ച പിജി ഡോക്ടര്‍മാരോട് പൊലീസുകാര്‍ പറഞ്ഞു. എന്നാല്‍ മുറിവിന്റെ സ്വഭാവത്തില്‍ ഡോക്ടര്‍ക്ക് സംശയം തോന്നി. തുടര്‍ന്ന് ആവര്‍ത്തിച്ച് ചോദിച്ചപ്പോള്‍ വാഹനമിടിച്ചതാണെന്ന് വെളിപ്പെടുത്തി. ഉടന്‍തന്നെ സര്‍ജറി വിഭാഗത്തിലേക്ക് മാറ്റുകയും ചെയ്തു. ഈ സമയം സനലിന്റെ ബന്ധുക്കള്‍ കാഷ്വാല്‍റ്റിയിലെത്തിയെങ്കിലും മരണവിവരം പൊലീസുകാര്‍ മറച്ചുവച്ചു. മെഡിക്കല്‍ കോളജ് എസ്‌ഐയും ആശുപത്രിയിലുണ്ടായിരുന്നു. സിഐ ഉള്‍പ്പെടെയുള്ള മേലുദ്യോഗസ്ഥരെ എസ്‌ഐ വിവരം അറിയിച്ചില്ല. ഡോക്ടര്‍മാര്‍ മരണം സ്ഥിരീകരിക്കുകയും ബന്ധുക്കളെ വിവരം അറിയിക്കുകയും ചെയ്തതിന് തൊട്ടുപിന്നാലെ പൊലീസുകാരും എസ്‌ഐയും മുങ്ങി.

മരണം സ്ഥിരീകരിച്ച് പൊലീസുകാര്‍ സ്ഥലംവിട്ടതിനുതൊട്ടുപിന്നാലെയാണ് പ്രതിയായ ഡിവൈഎസ്പി ഹരികുമാറിന്റെ മൊബൈല്‍ ഫോണുകള്‍ നിശ്ചലമായത്. എസ്‌ഐയുടെ നിസംഗത രക്ഷപെടാന്‍ പ്രതിക്ക് സാവകാശം ഒരുക്കുകയും ചെയ്തു.

സനലിനെ കാറിനുമുന്നില്‍ തള്ളിയിട്ട ഡിവൈഎസ്പി ചെയ്തതിനൊപ്പം ഗുരുതരമായ കുറ്റകൃത്യമാണ് കൂട്ടുനിന്ന പൊലീസുകാര്‍ ചെയ്തതെന്ന് വ്യക്തം. ഇതിന്മേല്‍ ശക്തമായ തുടര്‍നടപടി ഉറപ്പാക്കേണ്ട ഉത്തരവാദിത്തം പൊലീസ് നേതൃത്വത്തിനാണ്.

Top