Chiking
Latest News

എം.ടി രമേശിന്റേത് വൈകാരിക പ്രകടനം; കോടതിയെ സമീപിക്കാനുള്ള തീരുമാനം വ്യക്തിപരമായെടുത്തത്: ശ്രീധരന്‍ പിള്ള

Web Desk
Indian Telegram Android App Indian Telegram IOS App


വടകര: ധൈര്യമുണ്ടെങ്കില്‍ അറസ്റ്റ് ചെയ്യട്ടെ എന്ന എംടി രമേശിന്റെ വെല്ലുവിളി വൈകാരിക പ്രകടനമാണെന്ന് ശ്രീധരന്‍ പിള്ള. കോടതിയെ സമീപിക്കാനുള്ള തീരുമാനം വ്യക്തിപരമായെടുത്തതാണ് അതിന് പാര്‍ട്ടിയുടെ അനുമതി വേണ്ട. മൗലികാവകാശം ഉപയോഗിച്ചാണ് കോടതിയില്‍ പോയതെന്നും ശ്രീധരന്‍ പിള്ള പറഞ്ഞു.

പൊലീസിന് ധൈര്യമുണ്ടെങ്കില്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ പി.എസ്.ശ്രീധരന്‍പിള്ളയെ അറസ്റ്റ് ചെയ്യട്ടെയെന്നായിരുന്നു എം.ടി.രമേശ് പറഞ്ഞത്. ശ്രീധരന്‍ പിള്ളക്കെതിരെ കേസെടുത്ത കസബ സ്റ്റേഷന് മുന്നിലൂടെ രഥയാത്ര കടന്നുപോയപ്പോളാണ് രമേശ് വെല്ലുവിളിച്ചത്.

ശബരിമലയിലെ സംഘര്‍ഷം ബിജെപി പദ്ധതിയായിരുന്നുവെന്ന വിവാദ വെളിപ്പെടുത്തലില്‍ ശ്രീധരന്‍പിള്ളയ്‌ക്കെതിരെ പൊലീസ് കേസെടുത്തിരുന്നു. കോഴിക്കോട് കസബ പൊലീസ് ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കേസെടുത്തത്. കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് ശ്രീധരന്‍പിള്ള കോടതിയെ സമീപിച്ചു. ഹര്‍ജി അടുത്തയാഴ്ച പരിഗണിക്കും.

കോഴിക്കോട്ട് യുവമോര്‍ച്ച വേദിയില്‍ ശ്രീധരന്‍പിള്ള നടത്തിയ പ്രസംഗമാണ് പരാതിക്ക് അടിസ്ഥാനം. പ്രസംഗം കലാപത്തിന് ആഹ്വാനം ചെയ്യുന്നതെന്നായിരുന്നു പരാതി. ഒരു പൊതുപ്രവര്‍ത്തകനാണു പരാതി നല്‍കിയത്. പ്രസംഗത്തിന്റെ വീഡിയോ സമൂഹമാധ്യമത്തിലൂടെ പ്രചരിച്ചിരുന്നു.

നട അടച്ചിടുമെന്ന് തന്ത്രി പറഞ്ഞതു തന്നോടു സംസാരിച്ചശേഷമാണെന്നാണ് ശ്രീധരന്‍ പിള്ള പറഞ്ഞത്. തുലാമാസ പൂജയ്ക്കായി നട തുറന്നസമയത്തു യുവതികള്‍ സന്നിധാനത്തിന് അടുത്തുവരെ എത്തിയിരുന്നു. അപ്പോഴാണു തന്ത്രി തന്നെ വിളിച്ചു കോടതി അലക്ഷ്യമാവില്ലേയെന്നു ചോദിച്ചത്. നട അടയ്ക്കുമെന്ന് നിലപാടെടുത്താല്‍ അതിന് ആയിരങ്ങളുടെ പിന്തുണയുണ്ടാകുമെന്നു താന്‍ ഉറപ്പുനല്‍കിയിരുന്നുവെന്നും ശ്രീധരന്‍പിള്ള പറഞ്ഞിരുന്നു.

Top