Chiking
Latest News

സ്വന്തം കാണികള്‍ക്ക് മുന്നില്‍ കളിമറന്ന് ബ്ലാസ്റ്റേഴ്സ് , ഗോകുലം നേരെമറിച്ചും; കണക്കുകള്‍ ഇങ്ങനെ

Web Desk
Indian Telegram Android App Indian Telegram IOS App

കൊച്ചി: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ സ്വന്തം കാണികള്‍ക്ക് മുന്നില്‍ കളിക്കുന്നതിന്റെ ആനുകൂല്യം കേരളാ ബ്ലാസ്റ്റേഴ്‌സ് മുതലാക്കാതെ പോകുമ്പോള്‍ ഗോകുലം കേരള എഫ് സി നേരെ തിരിച്ചാണ്. കോഴിക്കോടെ തങ്ങളുടെ സ്വന്തം തട്ടകത്തില്‍ മികച്ച റെക്കോര്‍ഡാണ് ഈ സീസണില്‍ ഗോകുലത്തിന്റേതെങ്കില്‍ കൊച്ചിയിലെ മഞ്ഞക്കടലിന് മുന്നില്‍ ദയനീയ പ്രകടനമാണ് കേരളാ ബ്ലാസ്റ്റേഴ്‌സ് പുറത്തെടുക്കുന്നത്.

രണ്ട് ടീമുകളുടേയും നാല് വീതം ഹോം മത്സരങ്ങളാണ് ഇക്കുറി ഇതേ വരെ കഴിഞ്ഞിരിക്കുന്നത്. സ്വന്തം മണ്ണില്‍ എതിരാളികള്‍ക്കെതിരെ ബ്ലാസ്റ്റേഴ്‌സ് പതറുന്നതിനാണ് ആരാധകര്‍ ഇത്തവണ സാക്ഷ്യം വഹിച്ചത്. 4 ഹോം മത്സരങ്ങളില്‍ ഒരെണ്ണത്തില്‍ പോലും ജയിക്കാന്‍ കഴിയാതിരുന്ന ബ്ലാസ്റ്റേഴ്‌സ്, രണ്ട് വീതം മത്സരങ്ങളില്‍ സമനിലയും, പരാജയവും ഏറ്റുവാങ്ങി. ഏറ്റവും അവസാനം കളിച്ച രണ്ട് ഹോം മത്സരങ്ങളില്‍ ബെംഗളൂരു എഫ് സി ക്കെതിരെയും, എഫ് സി ഗോവയ്‌ക്കെതിരെയും ദയനീയ പ്രകടനമാണ് കേരളാ ബ്ലാസ്റ്റേഴ്‌സ് പുറത്തെടുത്തത്. പ്രകടനം മോശമായതോടെ സ്റ്റേഡിയത്തിലെത്തുന്ന കാണികളുടെ എണ്ണത്തിലും ഗണ്യമായ കുറവുണ്ടായി. നാല് ഹോം മത്സരങ്ങളില്‍ കേവലം 2 പോയിന്റാണ് ബ്ലാസ്റ്റേഴ്‌സിന്റെ ഇത് വരെയുള്ള നേട്ടം.

അതേ സമയം കോഴിക്കോട്ടെ ഇഎംഎസ് സ്റ്റേഡിയത്തില്‍ ഗോകുലത്തിന്റെ ഓരോ മത്സരത്തിലും കാണികളുടെ എണ്ണം വര്‍ധിക്കുകയാണ്. ആദ്യ മത്സരത്തില്‍ 28000 ലധികം കാണികള്‍ എത്തിയെങ്കില്‍ ഇന്നലെ മിനര്‍വ്വ പഞ്ചാബിനെതിരായ പോരാട്ടം കാണാനെത്തിയത് മുപ്പതിനായിരത്തിലധികം പേരാണ്. സീസണില്‍ ഇതേ വരെ കളിച്ച നാല് മത്സരങ്ങളില്‍ രണ്ടെണ്ണത്തില്‍ ഗോകുലം ജയിച്ചപ്പോള്‍, ഒരെണ്ണത്തില്‍ സമനില നേടി. പരാജയപ്പെട്ടത് ഒറ്റ മത്സരത്തില്‍ മാത്രം. നാല് ഹോം മത്സരങ്ങളില്‍ ഏഴ് പോയിന്റാണ് ഗോകുലം ഇതേ വരെ നേടിയിരിക്കുന്നത്. ഒരു സ്ഥലത്ത് തങ്ങളുടെ ഹോം ആനുകൂല്യം മുതലാക്കി ഗോകുലം കുതിക്കുമ്പോള്‍, മറ്റൊരു സ്ഥലത്ത് സ്വന്തം കാണികള്‍ക്ക് മുന്നില്‍പ്പോലും കളിമറക്കുകയാണ് ബ്ലാസ്റ്റേഴ്‌സ്.

Top