Chiking
Latest News

പട്ടിയെ പേടിച്ച് ഓടുന്ന നായകനോ; ‘ഞാന്‍ പ്രകാശ’ന്റെ പോസ്റ്റര്‍ റിലീസ് ചെയ്തു

Web Desk
Indian Telegram Android App Indian Telegram IOS App

തിരുവനന്തപുരം: സത്യന്‍ അന്തിക്കാട് ഫഹദ് ഫാസിലിനെ നായകനാക്കി സംവിധാനം ചെയ്യുന്ന ‘ഞാന്‍ പ്രകാശന്‍’ എന്ന ചിത്രത്തിന്റെ പോസ്റ്റര്‍ റിലീസ് ചെയ്തു. സത്യന്‍ അന്തിക്കാട് തന്റെ ഫെയ്‌സ്ബുക്ക് പേജിലൂടെയാണ് പോസ്റ്റര്‍ ആരാധകര്‍ക്ക് എത്തിച്ചിരിക്കുന്നത്. ‘കുരച്ചു ചാടി ഒരു കൂറ്റന്‍ നായ പുറകെ വന്നാല്‍ ഏത് സൂപ്പര്‍സ്റ്റാറും ജീവനും കൊണ്ട് ഓടും. പിന്നെയല്ലേ പ്രകാശന്‍ !’ എന്ന ടാഗ്‌ലൈനോട് കൂടിയാണ് പോസ്റ്റര്‍ പങ്കു വച്ചിരിക്കുന്നത്.

‘ഒരു ഇന്ത്യന്‍ പ്രണയകഥ’യെന്ന വിജയചിത്രത്തിനു ശേഷം സത്യന്‍ അന്തിക്കാടും ഫഹദ് ഫാസിലും കൈകോര്‍ക്കുന്ന ചിത്രമാണ് ‘ഞാന്‍ പ്രകാശന്‍’. പതിനാറ് വര്‍ഷങ്ങള്‍ക്ക് ശേഷം ശ്രീനിവാസന്റെ തിരക്കഥയില്‍ സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്യുന്ന സിനിമ എന്ന സവിശേഷതയും ഈ ചിത്രത്തിന് അവകാശപ്പെടാനുണ്ട്.

‘മലയാളിക്ക് കണ്ടു പരിചയമുള്ള ഒരു ടിപ്പിക്കല്‍ മലയാളി യുവാവാണ് പ്രകാശന്‍’ എന്നാണ് സംവിധായകന്‍ ‘പ്രകാശ’നെ വിശേഷിപ്പിച്ചത്. ഗസറ്റില്‍ പരസ്യം ചെയ്ത് പ്രകാശന്‍ എന്ന പേര് ‘പി.ആര്‍.ആകാശ് ‘ എന്ന് പരിഷ്‌കരിക്കുന്ന കഥാപാത്രമായാണ് ഫഹദ് എത്തുന്നത്.’അരവിന്ദന്റെ അതിഥികള്‍’, ‘ലവ് 24X7’ എന്നീ ചിത്രങ്ങളിലൂടെ മലയാളിക്ക് സുപരിചിതയായ നിഖില വിമല്‍ ആണ് ചിത്രത്തിലെ നായിക. സലോമി എന്ന കഥാപാത്രത്തെയാണ് നിഖില അവതരിപ്പിക്കുന്നത്. ചിത്രത്തില്‍ ഒരു പ്രധാന റോളില്‍ ശ്രീനിവാസനും എത്തുന്നുണ്ട്. ഗോപാല്‍ജി എന്നാണ് ശ്രീനിവാസന്റെ കഥാപാത്രത്തിന്റെ പേര്.

ഫുള്‍ മൂണ്‍ സിനിമയുടെ ബാനറില്‍ സേതു മണ്ണാര്‍ക്കാട് നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ ക്യാമറാമാന്‍ എസ്.കുമാറാണ്. ഷാന്‍ റഹ്മാന്റേതാണ് സംഗീതം. ചിത്രം ക്രിസ്മസിന് തിയേറ്ററുകളിലെത്തും.

Top