ആറാം തമ്പുരാനിലെ ആ പാട്ടു സീന്‍ സംവിധാനം ചെയ്തത് ഷാജി കൈലാസ് അല്ല; മറ്റൊരു സംവിധായകന്
Web Desk
തിരുവനന്തപുരം: ഒരു സിനിമയില്‍ രണ്ട് സംവിധായകരുണ്ടെന്ന് പറഞ്ഞാല്‍ വിശ്വസിക്കാന്‍ സാധിക്കുമോ? അതും മലയാളികള്‍ എത്രവട്ടം കണ്ടെന്ന് പോലും എണ്ണി തിട്ടപ്പെടുത്താന്‍ കഴിയാത്ത മലയാളികളുടെ മനസ്സില്‍ കയറിയിരിക്കുന്ന ഷാജി കൈലാസ്- മോഹന്‍ലാല്‍ ചിത്രം ആറാം തമ്പുരാന്. 1997ല്‍ പുറത്തിറങ്ങിയ ആറാം തമ്പുരാന് കാണാത്ത ഒരു മലയാളി പോലും ഉണ്ടാകില്ല. എന്നാല്‍ അതിലെ ഒരു പ്രധാന ഗാനം സംവിധാനം ചെയ്തത് മലയാളത്തിലെ തന്നെ മറ്റൊരു സൂപ്പര്‍ സംവിധായകന് ആണെന്ന് പറഞ്ഞാല്‍ വിശ്വസിക്കാന്‍ സാധിക്കുമോ?
ചിത്രത്തിലെ പ്രധാന ആകര്‍ഷണമായ ‘ഹരിമുരളീരവം…’ എന്ന ഗാനം ചിത്രീകരിക്കുന്ന സമയം. ചിത്രത്തിലെ മോഹന്‍ലാലിന്റെ കഥാപാത്രം ജഗന്നാഥന്റെ ഭൂതകാലവും പ്രകടമാകുന്ന ഗാന രംഗം ഷൂട്ട് ചെയ്യേണ്ട ദിവസമായിരുന്നു അന്ന്. ഒരുപാട് നര്‍ത്തകര്‍ പങ്കെടുക്കുന്ന ഗാനത്തില്‍ തെരുവിലെ ഘോഷയാത്രയും അവിടെ ഉണ്ടാകുന്ന സംഘര്‍ഷവും ഗാനത്തിനിടയില്‍ വരുന്ന രീതിയിലാണ് ചിത്രീകരിക്കേണ്ടത്. മഹാബലിപുരത്ത് സെറ്റിട്ടു. ഗാന ചിത്രീകരണത്തിനുള്ള എല്ലാ തയാറെടുപ്പുകളും പൂര്‍ത്തിയായി. അപ്പോഴാണ് ഷാജി കൈലാസിന് നാട്ടില്‍ നിന്ന് ഒരു ഫോണ്‍ കാള്‍. ‘ഭാര്യ ആനിയെ പ്രസവത്തിനായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുന്നു’. കടിഞ്ഞൂല്‍ പ്രസവമാണ് പോയേ പറ്റൂ. പക്ഷേ, ഷൂട്ടിങ് മുടക്കാനും പറ്റില്ല. എന്തു ചെയ്യും? വളരെ നിര്‍ണ്ണായകമായ ഘട്ടമായിരുന്നു അത് ഷാജി കൈലാസിന്.
അപ്പോഴാണ് സെറ്റിലേക്ക് അപ്രതീക്ഷിതമായി പ്രിയദര്ശന് എത്തുന്നത്. മോഹന്‍ലാലിനെ കാണാന്നും ലൊക്കേഷനില്‍ ഒരു സൗഹൃദ സന്ദര്‍ശനത്തിനുമായാണ് പ്രിയദര്ശന് എത്തിയത്. ഷാജി കൈലാസിന്റെ ധര്‍മ്മസങ്കടം അറിഞ്ഞ പ്രിയദര്ശന് പറഞ്ഞു; ‘നീ ധൈര്യമായി നാട്ടില്‍ പോ… നീ അവിടെ വേണ്ട സമയമാ ഇപ്പോള്‍. സോംഗ് ഒക്കെ ഞാന്‍ എടുത്തോളാം’.
ഷാജി കൈലാസ് ആശ്വാസത്തോടെ അടുത്ത ഫ്ലൈറ്റിനു തന്നെ നാട്ടിലേക്ക് പറന്നു. അങ്ങനെ, പ്രിയദര്ശന് ചിത്രീകരിച്ച ഗാനരംഗമാണ് ആറാം തമ്പുരാനിലെ ‘ഹരിമുരളീരവം’. അന്ന് തന്നെ ഷാജി കൈലാസിനു ഒരു ആണ്‍കുഞ്ഞ് പിറന്നു. കടിഞ്ഞൂല്‍ കണ്മണിക്ക് ഷാജി കൈലാസ് ഇട്ട പേര് ജഗന് എന്നാണ്.