Chiking
Latest News

ബുലന്ദ്ശഹറില്‍ പശുക്കളെ കശാപ്പ് ചെയ്തതിന്റെ പേരില്‍ കുട്ടികളടക്കം ഏഴ് പേര്‍ക്കെതിരെ കേസെടുത്തു

Web Desk
Indian Telegram Android App Indian Telegram IOS App

ബുലന്ദ്ശഹര്‍: ഉത്തര്‍പ്രദേശിലെ ബുലന്ദ്ശഹറില്‍ പശുക്കളെ കശാപ്പ് ചെയ്തതിന്റെ പേരില്‍ കുട്ടികളടക്കം മുസ്ലീം വിഭാഗത്തില്‍പ്പെട്ട ഏഴ് പേര്‍ക്കെതിരെ പൊലീസ് കേസെടുത്തു. 11ഉം 12ഉം വയസ്സുള്ള കുട്ടികള്‍ക്കെതിരെയാണ് കേസെടുത്തത്. ഇരുവരും കുടുംബാംഗങ്ങളാണ്. പശുവിനെ കശാപ്പ് ചെയ്‌തെന്നാരോപിച്ച് പൊലീസ് ഓഫീസര്‍ അടക്കം രണ്ടുപേരുടെ മരണത്തിനിടയാക്കിയ കലാപം പൊട്ടിപ്പുറപ്പെട്ട സാഹചര്യത്തിലാണ് കേസ്. ബജ്‌റംഗ്ദള്‍ ജില്ലാ അധ്യക്ഷന്‍ യോഗേഷ് രാജ് നല്‍കിയ പരാതിയിലാണ് പശു കശാപ്പിന് കേസെടുത്തിരിക്കുന്നത്.

സംഭവവുമായി യാതൊരു ബന്ധവുമില്ലാത്തവരെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തതെന്ന് ബന്ധുക്കളും നാട്ടുകാരും ആരോപിച്ചു. വീടുകളിലെത്തി കുട്ടികളെ ചോദ്യംചെയ്യുകയും കുട്ടികളെ കൊണ്ടുപോകുകയുമായിരുന്നെന്ന് പൊലീസ് കസ്റ്റഡിയിലെടുത്ത കുട്ടികളുടെ ബന്ധുക്കള്‍ പറയുന്നു. കുട്ടികളുടെ ബന്ധുക്കളിലൊരാളെയും പൊലീസ് ഒപ്പം കൊണ്ടുപോയി. സ്‌റ്റേഷനില്‍ വെച്ച് കുട്ടികളുടെ പേരുവിവരങ്ങള്‍ ചോദിച്ചറിയുകയും പിന്നീട് വിട്ടയയ്ക്കുകയും ചെയ്തതായും ബന്ധു പറയുന്നു. സംഭവം നടക്കുന്ന ദിവസങ്ങളില്‍ കുട്ടികള്‍ ഗ്രാമത്തില്‍ ഉണ്ടായിരുന്നില്ലെന്ന് കുട്ടികളിലൊരാളുടെ പിതാവ് പറഞ്ഞു.

പൊലീസ് ഇന്‍സ്‌പെക്ടര്‍ സുബോധ് കുമാര്‍ കൊല്ലപ്പെടാനിടയാക്കിയ കലാപം ആസൂത്രണം ചെയ്‌തെന്ന കേസില്‍ പ്രതിയാണ് പരാതി നല്‍കിയ യോഗേഷ് രാജ്. കലാപത്തിനു ശേഷം ഇയാള്‍ ഒളിവിലാണ്.

കേസില്‍ ഉള്‍പ്പെടുത്തിയിരിക്കുന്ന മറ്റു പ്രതികളില്‍ ഒരാള്‍ മറ്റൊരു ഗ്രാമത്തില്‍ ജീവിക്കുന്ന ആളാണ്. കേസില്‍ ഉള്‍പ്പെട്ടിട്ടുള്ള മറ്റു പ്രതികള്‍ ഏതു നാട്ടുകാരാണെന്നു പോലും അറിയില്ലെന്നും ഗ്രാമവാസികള്‍ പറയുന്നു. കുട്ടികളെയടക്കം അറസ്റ്റ് ചെയ്ത നടപടിയെക്കുറിച്ച് പ്രതികരിക്കാന്‍ പൊലീസ് തയ്യാറായിട്ടില്ല.

പശു കശാപ്പിനെതിരെ കര്‍ശന നടപടിയെടുക്കുമ്പോഴും പൊലീസ് ഉദ്യോഗസ്ഥന്‍ മരിക്കാനിടയായ കലാപത്തെക്കുറിച്ച് മുഖ്യമന്ത്രി നിശബ്ദത പാലിക്കുകയാണെന്ന് ആക്ഷേപം ഉയരുന്നുണ്ട്. തെരഞ്ഞെടുപ്പിന് മുന്നോടിയായി സാമുദായിക കലാപം സൃഷ്ടിക്കുന്നതിനുള്ള ആസൂത്രിത ശ്രമമാണ് കലാപത്തിനും കൊലപാതകത്തിനും പിന്നിലെന്ന് പ്രതിപക്ഷം ആരോപിച്ചിട്ടുണ്ട്.

മഹൗ ഗ്രാമത്തിലുള്ള വനപ്രദേശത്ത് മുപ്പതിലധികം പശുക്കളുടെ തലയും മറ്റവശിഷ്ടങ്ങളും കണ്ടെത്തിയതിനെത്തുടര്‍ന്നാണ് ഒരുകൂട്ടമാളുകള്‍ തിങ്കളാഴ്ച രാവിലെമുതല്‍ പ്രദേശത്ത് അക്രമം അഴിച്ചുവിട്ടത്. സയ്‌നയിലെ പൊലീസ് പോസ്റ്റ് നശിപ്പിച്ച ഇവര്‍ പൊലീസുകാര്‍ക്കെതിരെ കല്ലെറിഞ്ഞു. ചിംഗാര്‍വതി പൊലീസ് ചൗക്കിയിലുണ്ടായിരുന്ന വാഹനങ്ങള്‍ തീവെച്ചു നശിപ്പിച്ചു. ഗോവധത്തെക്കുറിച്ച് അന്വേഷിക്കാമെന്ന് സ്ഥലത്തെത്തിയ ജില്ലാ മജിസ്‌ട്രേറ്റ് അടക്കമുള്ള ഉന്നത ഉദ്യോഗസ്ഥര്‍ ഉറപ്പുനല്‍കിയെങ്കിലും ജനക്കൂട്ടം വ്യാപകമായ അക്രമത്തിന് മുതിരുകയായിരുന്നു.

ബുലന്ദ്ശഹര്‍ കലാപത്തിനുപിന്നില്‍ ബജ്രംഗ്ദള്‍ അടക്കമുള്ള സംഘടനകളാണെന്ന് വാര്‍ത്തകള്‍ പുറത്തുവന്നിട്ടുണ്ട്. കൊലപാതകത്തിനും കലാപമുണ്ടാക്കിയതിനും അടക്കം ബജ്രംഗ്ദളിന്റെ ബുലന്ദ്ശഹര്‍ ജില്ലാ കണ്‍വീനര്‍ യോഗേഷ് രാജ് അടക്കം 27 പേര്‍ക്കെതിരെ കേസെടുത്തു. തിരിച്ചറിഞ്ഞിട്ടില്ലാത്ത അറുപതോളം പേര്‍ക്കെതിരെയും കേസെടുത്തിട്ടുണ്ട്. നാലുപേര്‍ ഇതിനകം അറസ്റ്റിലായി. യോഗേഷ് രാജിനെ പിടികൂടാനായിട്ടില്ല.

Top