Chiking
Latest News

രക്ഷാപ്രവര്‍ത്തനത്തില്‍ രാഷ്ട്രീയം കലര്‍ത്തിയവര്‍ ഘോരഘോരം പ്രസംഗിക്കുന്നുവെന്ന് സജി ചെറിയാന്‍; സാലറി ചലഞ്ച് തകര്‍ത്തത് യുഡിഎഫുകാരെന്നും ആരോപണം; സജി ചെറിയാന്റെ പ്രസ്താവനയ്‌ക്കെതിരെ പ്രതിപക്ഷ പ്രതിഷേധം (വീഡിയോ)

Web Desk
Indian Telegram Android App Indian Telegram IOS App

തിരുവനന്തപുരം: പ്രളയ ദുരിതാശ്വാസത്തില്‍ സർക്കാരിന് വ്യാപകമായി പാളിച്ച പറ്റിയെന്നാരോപിച്ച് വി ഡി സതീശന്‍ അവതരിപ്പിച്ച അടിയന്തര പ്രമേയത്തിന്മേല്‍ നിയമസഭയില്‍ ചര്‍ച്ച തുടരുന്നു. പ്രളയകാലത്ത് സമാനതകളില്ലാത്ത പ്രവർത്തനമാണ് സർക്കാർ ചെയ്തതെന്ന് ചെങ്ങന്നൂര്‍ എംഎല്‍എ സജി ചെറിയാൻ നിയമസഭയില്‍ പറഞ്ഞു.

മുഖ്യമന്ത്രി, വകുപ്പുമന്ത്രിമാർ, എംഎൽഎമാർ, സന്നദ്ധസംഘടനകൾ, മത്സ്യത്തൊഴിലാഴികൾ, ഉദ്യോഗസ്ഥർ എന്നിവരുടെ നേതൃത്വത്തിൽ സമാനതകളില്ലാത്ത രക്ഷാപ്രവർത്തനമാണ് നടന്നതെന്ന് സജി ചെറിയാന്‍ പറഞ്ഞു. പതിനാറ് ലക്ഷം പ്രളയബാധിതരെയാണ് രക്ഷപ്പെടുത്തി ക്യാമ്പുകളിലേക്കെത്തിച്ചത്. മന്ത്രിമാർക്ക് ദുരന്തമുഖത്ത് ക്യാമ്പ് ചെയ്ത് രക്ഷാപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി. ഉദ്യോഗസ്ഥ തലത്തിൽ എല്ലാ വകുപ്പുകളും ശ്ലാഘനീയമായ പ്രവർത്തനം നടത്തിയെന്നും സജി ചെറിയാന്‍ പറഞ്ഞു.

എന്നാല്‍, രക്ഷാപ്രവർത്തനത്തിന്റെ സമയത്ത് രാഷ്ട്രീയം കലർത്തി, സഹായിക്കാൻ മുന്നോട്ടുവരാതെ യുഡിഎഫ് ഇപ്പോൾ സഭയിൽ ദീർഘനേരം പ്രസംഗിക്കുകയാണെന്നും സജി ചെറിയാൻ ആരോപിച്ചു. സജി ചെറിയാന്റെ ഈ പരാമർശത്തെ തുടർന്ന് സഭാതലം പ്രതിപക്ഷബഹളത്തിൽ മുങ്ങി. തന്റെ മണ്ഡലത്തിൽ മാത്രം 600 മത്സ്യത്തൊഴിലാളി വള്ളങ്ങളാണ് രക്ഷാപ്രവർത്തനത്തിനായി വന്നത്. ഒരു യുഡിഎഫ് നേതാവിന്റെയും നേതൃത്വത്തിൽ ഒറ്റവള്ളം പോലും എത്തിയില്ല. ദുരിതാശ്വാസ ക്യാമ്പുകൾ സിപിഐഎം ക്യാമ്പുകളാണെന്ന് ആരോപിച്ച് ക്യാമ്പുകളെ തകർക്കാനാണ് യുഡിഎഫ് ശ്രമിച്ചതെന്നും സജി ചെറിയാന്‍ പറഞ്ഞു.

രക്ഷാപ്രവർത്തനത്തിന് നേതൃത്വം കൊടുത്ത ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തി. നാടൊന്നായി ശുചീകരണത്തിനായി ഇറങ്ങിയപ്പോൾ ഫോട്ടോ എടുക്കൽ അല്ലാതെ ഒരു പങ്കാളിത്തവും യുഡിഎഫ് പ്രവർത്തകർ ചെയ്തില്ല. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നാടുമുഴുവൻ പ്രചാരണം നടത്തിയവരാണ് യുഡിഎഫുകാർ. സാലറി 25,000 കോടി കിട്ടുമായിരുന്ന ചലഞ്ച് പൊളിച്ചവരാണ് യുഡിഎഫുകാർ. ദുരന്തസമയത്ത് കേരളത്തിലുണ്ടായ ഐക്യം തകർക്കാൻ വർഗ്ഗീയ ശക്തികളുമായി കൂട്ടുകൂടിയവരാണ് യുഡിഎഫുകാർ. ആയിരം വീടുകൾ നിർ‍മ്മിച്ചുനൽകുമെന്ന് പ്രഖ്യാപിച്ച കോൺഗ്രസുകാർ ഇതുവരെ ഒറ്റ വീടിന് ഇതുവരെ തറക്കല്ലിട്ടിട്ടുണ്ടോ എന്നും സജി ചെറിയാൻ ചോദിച്ചു.

മറുപടി പറയുന്നതിനിടെ, സര്‍ക്കാര്‍ നടത്തിയ പ്രളയ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളെ കുറിച്ച് സജി ചെറിയാന്‍ എടുത്തു പറഞ്ഞു. വെള്ളമിറങ്ങിയതിന് ശേഷം ആയിരക്കണക്കിന് സന്നദ്ധരപ്രവർത്തനങ്ങളെ ശുചീകരണ പ്രവർത്തനങ്ങൾക്കായി ഏകോപിപ്പിച്ചു. പഞ്ചായത്ത് വാർഡുകൾക്ക് 25,000 രൂപയും മുനിസിപ്പൽ വാർഡുകൾക്ക് 50,000 രൂപയും ശുചീകരണത്തിനായി അനുവദിച്ചു. മുഴുവൻ പ്രളയാനന്തര മാലിന്യവും സംസ്കരിച്ചു. ലക്ഷക്കണക്കിന് ആളുകളെ ദുരിതാശ്വാസ ക്യാമ്പുകളിൽ പാർപ്പിച്ച് സംരക്ഷിച്ചു. ഭക്ഷണം, വസ്ത്രം, മരുന്ന്, സമാന്തര ആരോഗ്യ കേന്ദ്രങ്ങൾ എന്നിവ കൃത്യമായി ഒരുക്കി. ക്യാമ്പിൽ നിന്ന് വീടുകളിലേക്ക് മടങ്ങിയ മുഴുവൻ പേർക്കും 1000 രൂപ വിലയുള്ള കിറ്റുകൾ കൊടുത്തുവിട്ടു. മരണമടഞ്ഞ 435 പേരുടെ ആശ്രിതർക്ക് നാല് ലക്ഷം രൂപ വീതം അനുവദിച്ചു. 6,80,000 പേർക്ക് പതിനായിരം രൂപ വീതം നൽകി.

പട്ടികജാതി വിഭാഗത്തിൽപ്പെട്ട ദുരിതബാധിതർക്ക് ഇത് കൂടാതെ 5000 രൂപ വീതം അധികസഹായം കൊടുത്തു. മത്സ്യത്തൊഴിലാളികളുടെ നഷ്ടപ്പെട്ട വള്ളങ്ങൾക്കും വസ്തുവകകൾക്കും പകരം പുതിയവ വാങ്ങിനൽകി. 16,000 വീടുകൾ പൂർണ്ണമായും തകർന്നു. ഇവയിൽ 4635 വീടുകൾക്ക് പുതിയ വീട് നിർമ്മിക്കാനുള്ള ആദ്യഘഡു തുക നൽകി. സഹകരണവകുപ്പ് 2000 വീടുകൾ നിർമ്മിക്കാനുള്ള ആദ്യഘഡു നൽകി. ഭാഗികമായി തകർന്ന 1936 വീടുകൾ പുതുക്കിപ്പണിയുന്നതിനുള്ള ആദ്യഘഡു ധനസഹായം നൽകി.

കൃഷിയും വളർത്തുമൃഗങ്ങളും നഷ്ടമായവർക്ക് ആകെ 49 കോടി രൂപയുടെ ധനസഹായം നൽകി. പ്രളയം ബാധിച്ച കുട്ടനാട്ടിലെയും അപ്പർ കുട്ടനാടിലേയും മുഴുവൻ സ്ഥലത്തും കൃഷി തുടങ്ങി. 38,441 പേർക്കായി 309 കോടി രൂപയാണ് കുടുംബശ്രീ പ്രവർത്തകർക്ക് പ്രളയത്തിന് ശേഷം ആകെ പലിശരഹിത വായ് നൽകിയെന്നും സജി ചെറിയാൻ പറഞ്ഞു. ഡിസംബർ വരെ പ്രളയബാധിതർക്ക് സൗജന്യറേഷൻ ലഭ്യമാക്കി.

തകർന്ന റോഡുകൾ, പാലങ്ങൾ, തോടുകൾ എന്നിവ നന്നാക്കാൻ യുദ്ധകാല അടിസ്ഥാനത്തിൽ പ്രവർത്തനം നടന്നുവരുന്നു. ഗ്രാമീണ റോഡുകളുടെപുനർനിർമ്മാണത്തിനായി 1250 കോടി രൂപയുടെ പ്രവർത്തനങ്ങൾ നടന്നുവരുന്നു. കാലാവസ്ഥാമുന്നറിയിപ്പ് സംവിധാനങ്ങൾ മെച്ചപ്പെടുത്തുന്നതിനുള്ള നടപടി സ്വീകരിച്ചു. മാനസികമായി തകർന്ന കുട്ടികൾക്കും സ്ത്രീകൾക്കും കൗൺസിലിംഗ് നടത്തി.

എന്നാൽ കേരളം സാമ്പത്തികമായി ബുദ്ധമുട്ടുകയാണ്. ദേശീയ ദുരന്ത പ്രതികരണ നിധിയുടെ മാനദണ്ഡത്തിൽ നിന്ന് 5616.77 കോടി രൂപയും ഇതിനു പുറമേ 5000 കോടി രൂപ പ്രത്യേക ധനസഹായവും ലഭിക്കണമെന്നാണ് കേരളം ആവശ്യപ്പെട്ടത്. എന്നാൽ കേവലം 600 കോടി രൂപ മാത്രമാണ് കേന്ദ്രം നൽകിയത്. പ്രളയസഹായമായി തന്ന അരിയുടെ വിലയായി 236 കോടി രൂപയും രക്ഷാപ്രവർ‍ത്തനത്തിന് ഹെലികോപ്റ്റർ വന്ന വകയിൽ 30 കോടി രൂപയും കേരളം തിരിച്ചുകൊടുക്കണമെന്നാണ് കേന്ദ്രം ഇപ്പോൾ ആവശ്യപ്പെടുന്നത്.

ഇതു കൂടാതെ യുഎഇ വാഗ്ദാനം ചെയ്ത 700 കോടി രൂപ വാങ്ങേണ്ട എന്ന് കേന്ദ്രം തീരുമാനിച്ചു. ജർമനി വാഗ്ദാനം ചെയ്ത സഹായം വാങ്ങേണ്ട എന്ന് തീരുമാനിച്ചു. പ്രവാസി മലയാളികളുടെ സഹായം ശേഖരിക്കാൻ വിദേശത്ത് പോകാൻ മുഖ്യമന്ത്രി ഒഴികെയുള്ള മന്ത്രിമാരെ അനുവദിച്ചില്ല. വായ്പാ പരിധി ഒരു രൂപ പോലും വർദ്ധിപ്പിച്ചുതരാൻ തയ്യാറായില്ല. ഈ സാഹചര്യത്തിൽ സാമ്പത്തികമായ വലിയ പ്രതിസന്ധി കേരളത്തിനുണ്ട്.

പ്രളയ ദുരിതാശ്വാസത്തില്‍ സർക്കാരിന് വ്യാപകമായി പാളിച്ച പറ്റിയെന്ന് അടിയന്തര പ്രമേയ നോട്ടീസ് അവതരിപ്പിച്ച വി ഡി സതീശന്‍ എംഎല്‍എ ആരോപിച്ചു. 100 ദിവസമായിട്ടും അര്‍ഹര്‍ക്ക് സഹായം കിട്ടിയിട്ടില്ല. യുഡിഎഫില്‍ നിന്ന് 10ഉം എല്‍ഡിഎഫിൽ നിന്ന് 5 എംഎൽഎമാരും സംസാരിക്കും.

Top