Chiking
Latest News

ബുലന്ദ്ഷഹര്‍ സംഘര്‍ഷത്തില്‍ ഗൂഢാലോചനയെന്ന് ഡിജിപി

Web Desk
Indian Telegram Android App Indian Telegram IOS App

ബുലന്ദ്ഷഹര്‍: ഉത്തര്‍പ്രദേശിലെ ബുലന്ദ്ഷഹറിലുണ്ടായ സംഘര്‍ഷത്തില്‍ ഗൂഢാലോചനയുണ്ടെന്ന് യുപി ഡിജിപി ഒപി സിങ്. പശുക്കളെ അറുത്തത് ആദ്യം അന്വേഷിക്കുമെന്ന് ഒപി സിങ് അറിയിച്ചു. സംഭവവുമായി ബന്ധപ്പെട്ട് പ്രത്യേക അന്വേഷണ സംഘം ഇന്ന് റിപ്പോര്‍ട്ട് സമര്‍പ്പിക്കും. ദാദ്രിയില്‍ അഖ്‌ലാഖിനെ അടിച്ചുകൊന്ന കേസ് അന്വേഷണത്തിനിടയിലാണ് സുബോധ് കുമാറിന്റെ കൊല നടന്നത്. അതിനാല്‍ കൊലക്ക് പിന്നില്‍ ഗൂഢാലോചനയുണ്ടെന്ന് ആരോപണമുയര്‍ന്നിട്ടുണ്ട്. ഇതിനിടെ പശുവധ സംഭവത്തിലെ കുറ്റക്കാര്‍ക്കെതിരെ ശക്തമായ നടപടിയെടുക്കാന്‍ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഉത്തരവിട്ടു.

ബുലന്ദ്ഷഹര്‍ സംഘര്‍ഷത്തില്‍ പ്രത്യേക അന്വേഷണസംഘം ഇന്ന് റിപ്പോര്‍ട്ട് സമര്‍പ്പിക്കും. ഗോരക്ഷകര്‍ നടത്തിയ അക്രമങ്ങളിലും സംസ്ഥാനത്തെ ക്രമസമാധാന പ്രശ്‌നങ്ങളിലും ദേശീയ മനുഷ്യവകാശ കമ്മിഷന്‍ യുപി പൊലീസിന് നോട്ടീസ് അയച്ചിട്ടുണ്ട്. മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെതിരെ ബിജെപിയില്‍ നിന്ന് തന്നെ സമ്മര്‍ദം ശക്തമാകുകയാണ്. സര്‍ക്കാര്‍ കാര്യക്ഷമമായി ഇടപെടണമെന്നും ആദിത്യനാഥ് സംഘര്‍ഷപ്രദേശത്തെത്തണമെന്നും ആവശ്യപ്പെട്ട് കൊല്ലപ്പെട്ട പൊലീസ് ഉദ്യോഗസ്ഥന്റെ ബന്ധുക്കള്‍ പ്രതിഷേധം കടുപ്പിക്കുകയാണ്.

പശുക്കളുടെ ശരീരാവശിഷ്ടങ്ങള്‍ കണ്ടെത്തിയതിനെത്തുടര്‍ന്നുണ്ടായ സംഘര്‍ഷത്തിലാണ് തിങ്കളാഴ്ച്ച ഇന്‍സ്‌പെക്ടര്‍ സുബോധ് കുമാര്‍ സിങ്ങും സുമിത് കുമാറെന്ന യുവാവും കൊല്ലപ്പെട്ടത്. ദാദ്രിയില്‍ അഖ്‌ലാഖിനെ അടിച്ചുകൊലപ്പെടുത്തിയ കേസ് അന്വേഷിച്ചിരുന്ന സുബോധ് കുമാറിനെ സംഘര്‍ഷത്തിന്റെ മറവില്‍ ആസൂത്രിതമായി കൊലപ്പെടുത്തിയതാണെന്ന് സംശയമുണ്ട്. പൊലീസിനും ഗൂഢാലോചനയില്‍ പങ്കുണ്ടെന്നാണ് സഹോദരി ആരോപിക്കുന്നത്.

ഇന്റലിജന്‍സ് എഡിജിപി എസ്.ബി ശിരോദ്ക്കറിന്റെ നേതൃത്വത്തിലുള്ള ആറംഗ പ്രത്യേക സംഘമാണ് ഇക്കാര്യങ്ങളില്‍ അന്വേഷണം നടത്തുന്നത്. യുപിയിലെ ക്രമസമാധാന പ്രശ്‌നങ്ങളുയര്‍ത്തി യോഗി ആദിത്യനാഥിനെതിരെ ബിജെപിയില്‍ തന്നെ പട നീക്കം കരുത്താര്‍ജിക്കുകയാണ്. കേന്ദ്രമന്ത്രി ഉമ ഭാരതിയടക്കം യോഗിയെ പരസ്യമായി വിമര്‍ശിച്ചു. സംഘര്‍ഷമേഖകളിലേയ്ക്ക് യോഗി തിരിഞ്ഞുനോക്കാത്തതാണ് ഏറെപ്പേരെയും ചൊടിപ്പിച്ചിട്ടുള്ളത്.

അക്രമത്തിനിടെ കൊല്ലപ്പെട്ട സുമിത് നിരപരാധിയാണെന്ന് ബന്ധുക്കള്‍ പറയുന്നു. പ്രതിഷേധത്തെത്തുടര്‍ന്ന് സുമിത്തിന്റെ പേര് എഫ്െഎആറില്‍ നിന്ന് നീക്കി. കുടുംബത്തിന് 50 ലക്ഷം രൂപ നഷ്ടപരിഹാരവും മാതാപിതാക്കള്‍ക്ക് പെന്‍ഷനും കുടുംബത്തിലൊരാള്‍ക്ക് ജോലിയും സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുണ്ട്.

Top