Chiking
Latest News

ശബരിമലയിലെ നിരോധനാജ്ഞ ശരിവെച്ച് സര്‍ക്കാര്‍ ഹൈക്കോടതിയില്‍; നിരോധനാജ്ഞ ഭക്തര്‍ക്ക് തടസമായിട്ടില്ലെന്ന് കോടതി

Web Desk
Indian Telegram Android App Indian Telegram IOS App

കൊച്ചി: ശബരിമലയിൽ ഏർപ്പെടുത്തിയ  നിരോധനാജ്ഞ ഭക്തർക്ക് തടസമല്ലെന്ന് ഹൈക്കോടതി. സുഗമമായ തീർഥാടനം ശബരിമലയിൽ സാധ്യമാകുന്നുണ്ടന്ന്  മൂന്നംഗ നിരീക്ഷണസമിതി അറിയിച്ചുവെന്നും കോടതി വ്യക്തമാക്കി.

ശബരിമല നിരീക്ഷണ കമ്മീഷന്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് കോടതി സംസ്ഥാന സര്‍ക്കാരിനെ പിന്തുണയ്ക്കുന്ന നിലപാടെടുത്തത്. ശബരിമലയില്‍ വിശ്വാസികള്‍ക്ക് യാതൊരു ബുദ്ധിമുട്ടുമില്ലെന്നും ബുധനാഴ്ച്ച മാത്രം 80000 പേര്‍ ശബരിമലയില്‍ എത്തിയെന്ന് നിരീക്ഷണ സമിതി അറിയിച്ച കാര്യവും കോടതി പ്രത്യേകം എടുത്തുപറഞ്ഞു. ശബരിമലയില്‍ വിശ്വാസികള്‍ക്ക് സുഗമമായി ദര്‍ശനം നടത്തുന്നതിന് യാതൊരു ബുദ്ധിമുട്ടുമില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.

നിലയ്ക്കലെയും പമ്പയിലെയും സൗകര്യങ്ങള്‍ ഉള്‍പ്പെടെ ശബരിമലയിലെ സാഹചര്യങ്ങളില്‍ പൂര്‍ണ തൃപ്തിയാണ് നിരീക്ഷണ സമിതി കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിലുള്ളതെന്നാണ് സൂചന. നിരോധനാജ്ഞ കൊണ്ട് ശബരിമലയില്‍ എന്ത് ദോഷമാണ് ഉണ്ടായതെന്നും കോടതി ചോദിച്ചു. പ്രതിപക്ഷവും ബിജെപിയും സര്‍ക്കാറിനെ പ്രതിക്കൂട്ടില്‍ നിര്‍ത്തുമ്പോഴാണ് കോടതിയുടെ ഭാഗത്ത് നിന്ന് സര്‍ക്കാറിനെ പിന്തുണയ്ക്കുന്ന പരാമര്‍ശങ്ങള്‍ ഉണ്ടായത്.

അതേസമയം ശബരിമലയിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചതിനെ ശക്തമായി ന്യായീകരിച്ച് സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. നിരോധനാജ്ഞയെ ചോദ്യം ചെയ്തു കൊണ്ട് ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് സംസ്ഥാന സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കിയത്. ഭക്തരുടെ സുരക്ഷ ഉറപ്പാക്കാനായത് നിരോധനാജ്‌ഞ പ്രഖ്യാപിച്ചതിനാലാണെന്നും  ശബരിമലയിൽ ക്രമസമാധാനം ഉറപ്പാക്കാൻ നിരോധനാജ്ഞ വേണമെന്നും റിപ്പോര്‍ട്ടില്‍ സര്‍ക്കാര്‍ ചൂണ്ടിക്കാട്ടുന്നു.

ഉചിതമായ ബോധ്യത്തിന്റെ അടിസ്ഥാനത്തിലാണ് നിരോധനാജ്ഞ ഉത്തരവ് പുറപ്പെടുവിച്ചതെന്നും പത്തനംതിട്ട എഡിഎം തയ്യാറാക്കിയ റിപ്പോര്‍ട്ടിലുണ്ട്.  ശബരിമലയിലെ ക്രമസമാധാന പാലനത്തിന് നിരോധനാജ്ഞ തുടരേണ്ടതുണ്ട്  ചില രാഷ്ട്രീയ പാർട്ടികൾ ഗൂഢ ലക്ഷ്യത്തോടെ ശബരിമല കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്നുണ്ട്. സുപ്രീം കോടതി വിധിയെ ഇവര്‍ മാനിക്കുന്നില്ല. തീര്‍ത്ഥാടകരായ സ്ത്രീകളെ ആക്രമിക്കുന്ന സാഹചര്യം സന്നിധാനത്ത് ഉണ്ടായി. ഈ അവസരത്തില്‍ 144 തുടരണമെന്ന് സർക്കാർ വാദിച്ചു. ഹര്‍ജിയില്‍ വ്യാഴാഴ്ച്ചയും വാദം തുടരും.

ശബരിമലയില്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങളുമായി ബന്ധപ്പെട്ട് നേരത്തെ കോടതി വാക്കാല്‍ സര്‍ക്കാരിനെ വിമര്‍ശിച്ചിരുന്നു. എന്നാല്‍ കോടതി ഏര്‍പ്പെടുത്തിയ മൂന്നംഗ കമ്മീഷന്‍ ശബരിമല സന്ദര്‍ശിച്ച ശേഷം എല്ലാം സുഗമമായി മുന്നോട്ട് പോകുന്നുവെന്നാണ് കോടതിയെ അറിയിച്ചത്.

Top