ഈ കുട്ടിയെ കണ്ടെത്താന്‍ എന്നെ സഹായിക്കുമോ; ബ്ലാസ്റ്റേഴ്സുമായുള്ള മത്സരത്തിന് കൊച്ചിയിലെത്തുമ്പോള്‍ തന്റെ കുട്ടി ആരാധകന് കിടിലന്‍ സമ്മനം നല്‍കുമെന്ന് മാഴ്സലീഞ്ഞോ
Web Desk
കൊച്ചി: കേരളാ ബ്ലാസ്റ്റേഴ്സും എഫ്.സി പൂനെ സിറ്റിയും തമ്മില്‍ നടന്ന മത്സരത്തിന് ശേഷം ഏറെ ശ്രദ്ധിക്കപ്പെട്ടത് ഒരു കുട്ടി ആരാധകനാണ്. പൂനെ ജേഴ്സിയുടെ നിറത്തില്‍ ശരീരം മുഴുവന്‍ ചായം പൂശി സൂപ്പര്‍ താരം മാഴ്സലീന്യോയുടെ പേര് ശരീരത്ത് എഴുതിയെത്തിയ ആ കുട്ടി ആരാധകന് അന്ന് ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. കളിക്ക് ശേഷം കുട്ടിയുടെ ഫോട്ടോ സമൂഹ മാധ്യമങ്ങളില്‍ വൈറലായി.
ഇപ്പോളിതാ ആ ചിത്രം സാക്ഷാല്‍ മാഴ്സലീന്യോയുടെ അടുത്തെത്തിയിരിക്കുകയാണ്. തന്നെ ഇത്രയേറെ സ്നേഹിക്കുന്ന ആ കുട്ടി ആരാധകന്റെ ചിത്രം കണ്ടതോടെ അതാരാണെന്ന അന്വേഷണത്തിലാണ് മാഴ്സലീന്യോ. അതിനായി തന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെ ആ കുട്ടിയുടെ ചിത്രം പങ്ക് വെച്ച് കൊണ്ട് മാഴ്സലീന്യോ ഒരു പോസ്റ്റും ഇട്ടു. ഞാന്‍ കൊച്ചിയിലേക്ക് പോവുകയാണ്. ഈ കുട്ടിക്ക് തന്റെ ജേഴ്സി സമ്മാനിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. കുട്ടിയെ കണ്ടെത്താന്‍ എന്നെ സഹായിക്കൂ, കേരളാ ബ്ലാസ്റ്റേഴ്സും എഫ്.സി പൂനെ സിറ്റിയും തമ്മിലുള്ള മത്സരത്തിനിടെ സ്റ്റേഡിയത്തില്‍ ഈ കുട്ടിയെ കണ്ടാല്‍ ഞാന്‍ എന്റെ ജേഴ്സി അവന് നല്‍കും. എന്നാണ് മാഴ്സലീന്യോ തന്റെ ഫെയ്സ്ബുക്കില്‍ കുറിച്ചത്.
മാഴ്സലീന്യോയുടെ ഈ പോസ്റ്റ് കണ്ടതേടെ ആ കുട്ടി ആരാധകനെ കണ്ടെത്താനുള്ള നെട്ടോട്ടത്തിലാണ് ഇപ്പോള്‍ മലയാളി ഫുട്ബോള്‍ പ്രേമികള്‍. വെള്ളിയാഴ്ചയാണ് എഫ് സി പൂനെ സിറ്റിയും കേരളാ ബ്ലാസ്റ്റേഴ്സും തമ്മിലുള്ള മത്സരം.