Chiking
Latest News

ബുലന്ദ്ഷഹര്‍ പൊലീസ് ഇന്‍സ്‌പെക്ടറുടെ കൊലപാതകം: മുഖ്യപ്രതിയായ ബജ്‌രംഗ്ദള്‍ നേതാവ് യോഗേഷ് രാജ് അറസ്റ്റില്‍

Web Desk
Indian Telegram Android App Indian Telegram IOS App

ലഖ്‌നൗ: ബുലന്ദ്ഷഹറിലെ പൊലീസ് ഇന്‍സ്‌പെക്ടറുടെ കൊലപാതകവുമായി ബന്ധപ്പെട്ട് മുഖ്യപ്രതി അറസ്റ്റില്‍. ബജ്‌രംഗ്ദള്‍ നേതാവ് യോഗേഷ് രാജ് ആണ് അറസ്റ്റിലായത്. പ്രതി രണ്ട് ദിവസമായി ഒളിവില്‍ കഴിയുകയായിരുന്നു.

പൊലീസ് ഇന്‍സ്‌പെക്ടറായ സുബോധ് കുമാര്‍ മൂന്ന് ദിവസം മുമ്പാണ് ആള്‍ക്കൂട്ട ആക്രമണത്തില്‍ വെടിയേറ്റ് കൊല്ലപ്പെട്ടത്. പശുവിന്റെ ജഡം കണ്ടെത്തിയതിനെ തുടര്‍ന്നുണ്ടായ കലാപത്തില്‍ 400 പേരോളം വരുന്ന ആള്‍ക്കൂട്ടത്തെ നിയന്ത്രിക്കാന്‍ പോയതായിരുന്നു സുബോധ് കുമാര്‍ സിങ്. ആള്‍ക്കൂട്ടത്തെ നേരിടുന്നതിനിടെ കല്ലേറുണ്ടായി. അതിനിടയില്‍ വെടിയേറ്റാണ് സുബോധ് സിങ് കൊല്ലപ്പെടുന്നത്. 20കാരനായ പ്രദേശവാസിയും കലാപത്തില്‍ കൊല്ലപ്പെട്ടിട്ടുണ്ട്.

അഖ്‌ലാഖ് വധക്കേസിലെ മുന്‍ അന്വേഷണ ഉദ്യോഗസ്ഥനായ സുബോധ് കുമാറിനെ ആസൂത്രിതമായി കൊലപ്പെടുത്തിയതാണെന്നാണ് ആരോപണം. ആക്രമണങ്ങളെ കുറിച്ച് മൗനംപാലിച്ചിരുന്ന യോഗി ആദിത്യനാഥ് ഗോവധത്തിനെതിരെ കര്‍ശന നപടിയെടുക്കുമെന്ന് പറഞ്ഞത് വലിയ വിമര്‍ശനത്തിനിടയാക്കിയിരുന്നു.

ഇതിനെ തുടര്‍ന്ന് യോഗി ആദിത്യനാഥ് സുബോധ് കുമാറിന്റെ കുടുംബവുമായി കൂടിക്കാഴ്ച്ച നടത്തി. സുബോധ് കുമാറിന്റെ ഭാര്യയും രണ്ടു മക്കളും സഹോദരിയും ലഖ്‌നൗവിലെ യോഗി ആദിത്യനാഥിന്റെ വസതിയിലെത്തി കാണുകയായിരുന്നു. യുപി ഡിജിപി ഒ.പി.സിങും ഇവര്‍ക്കൊപ്പം മുഖ്യമന്ത്രിയെ കാണാനെത്തിയിരുന്നു. മുഖ്യമന്ത്രി സുബോധ് കുമാറിന്റെ കുടുംബത്തിന് നീതി ലഭ്യമാക്കുമെന്ന് ഉറപ്പുനല്‍കിയതായും ഉന്നതതല അന്വേഷണത്തിന് ഉത്തരവിട്ടതായും ഒ.പി.സിങ് കൂടിക്കാഴ്ചക്ക് ശേഷം പറഞ്ഞു.

ബുലന്ദ്ഷഹര്‍ കലാപത്തില്‍ പൊലീസുകാരന്‍ കൊല്ലപ്പെട്ടതിന് പിന്നില്‍ വലിയ ഗൂഢാലോചന നടന്നിട്ടുണ്ടെന്ന് ഉത്തര്‍പ്രദേശ് പൊലീസ് മേധാവി ഒ.പി. സിങ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ‘ബൂലന്ദ്ഷഹറിലുണ്ടായ സംഭവം വലിയ ഗൂഢാലോചനയാണ്. ഇത് വെറുമൊരു ക്രമസമാധാന പ്രശ്‌നം മാത്രമല്ല. എങ്ങനെയാണ് പശുവിന്റെ ജഡം ഇവിടെ എത്തിയത്. ആര് കൊണ്ടു വന്നു?. എന്തിന് ഏത് സാഹചര്യത്തില്‍?’, പൊലീസ് ഡയറക്ടര്‍ ജനറല്‍ ഒപി സിങ് ചോദിക്കുന്നു. തെരഞ്ഞെടുപ്പ് പശ്ചാത്തലത്തില്‍ മനപ്പൂര്‍വ്വം സാമുദായിക കലാപം സൃഷ്ടിക്കാനുള്ള ശ്രമമായിരുന്നോ എന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്.

പശുക്കളെ അറുത്തത് ആദ്യം അന്വേഷിക്കുമെന്ന് ഒപി സിങ് അറിയിച്ചു. ദാദ്രിയില്‍ അഖ്‌ലാഖിനെ അടിച്ചുകൊന്ന കേസ് അന്വേഷണത്തിനിടയിലാണ് സുബോധ് കുമാറിന്റെ കൊല നടന്നത്. അതിനാല്‍ കൊലക്ക് പിന്നില്‍ ഗൂഢാലോചനയുണ്ടെന്ന് ആരോപണമുയര്‍ന്നിട്ടുണ്ട്. സുരക്ഷാ അവലോകന യോഗം രാവിലെ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് വിളിച്ചു ചേര്‍ത്തെങ്കിലും പൊലീസ് ഇന്‍സ്‌പെക്ടര്‍ കൊല്ലപ്പെട്ടതില്‍ പ്രസ്താവന നടത്താന്‍ അദ്ദേഹം തയ്യാറായില്ല. പശുവിന്റെ ജഡത്തിന്റെ പഴക്കം എത്രയെന്ന് ഉടന്‍ നിര്‍ണയിക്കുമെന്ന് യുപി പൊലീസ് മേധാവി അറിയിച്ചു.

പിടിയിലായ യോഗേഷ് രാജ്, മഹാവില്‍നിന്ന് നാലു കിലോമീറ്റര്‍ അകലെയുള്ള നയാബാസ് ഗ്രാമക്കാരനാണ്. യോഗേഷ് ഉള്‍പ്പെടെ മഹാവിന് പുറത്തുനിന്നുള്ളവരായിരുന്നു പ്രതിഷേധക്കാരില്‍ ഭൂരിപക്ഷവും.പശുവിന്റെ അവശിഷ്ടം കണ്ടെത്തിയതിന്റെ പേരിലുണ്ടായ സംഘര്‍ഷം വന്‍ വര്‍ഗ്ഗീയ കലാപമായി മാറാതിരുന്നത് പൊലീസിന്റെ സമയോചിതമായ ഇടപെടലിനെത്തുടര്‍ന്നാണ്. ബജ്‌റംഗ്ദളിന്റെ നേതൃത്വത്തിലുള്ള പ്രതിഷേധം മറ്റിടങ്ങളിലേക്ക് വ്യാപിക്കാതെ തടഞ്ഞത് പൊലീസിന്റെ ഇടപെടലാണെന്ന് പ്രദേശവാസികള്‍ പറയുന്നു.

Main Accused in Bulandshahr Cops Murder arrested by up police

ഗോഹത്യയുടെ പേരിലുള്ള പ്രതിഷേധം സംഘര്‍ഷത്തിലേക്ക് മാറിയത് തിങ്കളാഴ്ച ഉച്ചയ്ക്ക് 12ഓടെയായിരുന്നു. ബുലന്ദ്ഷഹറില്‍ നടന്നുവന്ന ‘തബ് ലീഗ് ജമായത്ത്’ സമ്മേളനം കഴിഞ്ഞ് ആളുകള്‍ മടങ്ങുന്ന സമയവും അതായിരുന്നു. ഇവരെ ലക്ഷ്യമിട്ട് ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകര്‍ ദേശീയപാതയില്‍ ഗതാഗതം തടഞ്ഞു. എന്നാല്‍, പൊലീസുകാരും സാമൂഹിക പ്രവര്‍ത്തകരും ചേര്‍ന്ന് ഇവരെ വഴിതിരിച്ചുവിട്ടതോടെ വലിയ സംഘര്‍ഷം ഒഴിവായി. അതിന് പുറമെ നാട്ടുകാരനായ സുമിത്തും ഇന്‍സ്‌പെക്ടറും കൊല്ലപ്പെട്ടതോടെ ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകര്‍ പ്രതിരോധത്തിലായി. അതോടെ, ഗോഹത്യയുടെ പേരിലുള്ള പ്രചാരണവും പ്രതിഷേധവും അവസാനിപ്പിക്കേണ്ടിയും വന്നു.ബൈക്കില്‍ കൂട്ടുകാരനെ കൊണ്ടുവിടാന്‍ വന്നപ്പോഴാണ് ചിംഗ്‌രാവതിയില്‍നിന്ന് അരക്കിലോമീറ്റര്‍ അകലെ താമസിക്കുന്ന ബിരുദവിദ്യാര്‍ഥിയായ സുമിത്തിന് വെടിയേറ്റതെന്നും പ്രദേശവാസികള്‍ പറയുന്നു.

മുസ്ലിം ജനസംഖ്യ ഏറെയുള്ള ബുലന്ദ്ഷഹര്‍ പട്ടണവും പരിസരപ്രദേശങ്ങളും കനത്ത കാവലിലാണ്. അനിഷ്ടസംഭവങ്ങള്‍ ഒഴിവാക്കാന്‍ അര്‍ധസൈനികര്‍ ഉള്‍പ്പെടെ നിയോഗിച്ചിട്ടുണ്ട്. കൊല്ലപ്പെട്ട സുമിത്തിന്റെ സംസ്‌കാരച്ചടങ്ങുകള്‍ നടക്കുന്നതിനാല്‍ സംഘര്‍ഷസ്ഥലത്തേക്ക് ചൊവ്വാഴ്ച പുറത്തുനിന്നുള്ള ആരെയും പ്രവേശിപ്പിച്ചില്ല.

ബുലന്ദ്ഷഹറിന് 40 കിലോമീറ്റര്‍ ദൂരത്തുള്ള സ്യാന താലൂക്കിലെ മഹാവ് ഗ്രാമത്തിലെ കരിമ്പുപാടത്താണ് കന്നുകാലി അവശിഷ്ടം കണ്ടെത്തിയത്. വയലുടമ ഉടന്‍ പൊലീസിനെ അറിയിക്കുകയും അവര്‍ എത്തുകയും ചെയ്തു. എന്നാല്‍, വൈകാതെതന്നെ ഗ്രാമത്തിനു പുറത്തുനിന്നും ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകര്‍ എത്തുകയായിരുന്നു. വയലുടമ അറിയിച്ചാണ് എത്തിയതെന്നാണ് പ്രതിഷേധക്കാര്‍ പറഞ്ഞതെങ്കിലും താന്‍ ആരെയും വിളിച്ചുവരുത്തിയിട്ടില്ലെന്നാണ് അയാളുടെ വിശദീകരണം.

പശുവിനെ അറുത്തെന്ന് പറഞ്ഞാണ് ബജ്‌റംഗ്ദളുകാര്‍ പ്രശ്‌നമുണ്ടാക്കിയത്. എന്നാല്‍, അറവുകാര്‍ ഉപേക്ഷിക്കുന്നപോലുള്ള അവശിഷ്ടമല്ല വയലില്‍ കണ്ടെത്തിയതെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. ആ ഗ്രാമത്തിന്റെ സമീപപ്രദേശങ്ങളിലൊന്നും അറവുശാലകളില്ലെന്ന് മഹാവ് ഗ്രാമത്തിന് അകലെയല്ലാതെ താമസിക്കുന്ന സത്യപാല്‍ സിങ് പറഞ്ഞു. മഹാവില്‍നിന്നും ചിംഗ് രാവതി പൊലീസ് പോസ്റ്റിനു സമീപത്തെത്തിയ ബജ്‌റംഗ്ദളുകാര്‍ കേസെടുക്കാന്‍ ആവശ്യപ്പെട്ടു പ്രതിഷേധം തുടങ്ങി. പിന്നീട് പൊലീസും പ്രതിഷേധക്കാരും തമ്മില്‍ സംഘര്‍ഷമായി. ഇരുഭാഗത്തുനിന്നും വെടിവെപ്പുണ്ടായി. ഇന്‍സ്‌പെക്ടര്‍ സുബോധ് കുമാറിനെ ലക്ഷ്യമിട്ട അക്രമികള്‍ അയാളെ പിടിക്കൂ, വെടിവയ്ക്കൂവെന്ന് ആക്രോശിക്കുന്ന ദൃശ്യങ്ങളും പ്രാദേശിക ചാനലുകള്‍ക്ക് ലഭിച്ചു. ദാദ്രിയിലെ അഖ് ലാഖ് വധം അന്വേഷിച്ച ഇന്‍സ്‌പെക്ടര്‍ സുബോധിനെ അക്രമികള്‍ ലക്ഷ്യമിട്ടതിന് ഈ ദൃശ്യങ്ങളാണ് സാക്ഷി.

ഇതിനിടെ പശുവധ സംഭവത്തിലെ കുറ്റക്കാര്‍ക്കെതിരെ ശക്തമായ നടപടിയെടുക്കാന്‍ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഉത്തരവിട്ടു. ഗോരക്ഷകര്‍ നടത്തിയ അക്രമങ്ങളിലും സംസ്ഥാനത്തെ ക്രമസമാധാന പ്രശ്‌നങ്ങളിലും ദേശീയ മനുഷ്യവകാശ കമ്മീഷന്‍ യുപി പൊലീസിന് നോട്ടീസ് അയച്ചിട്ടുണ്ട്. മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെതിരെ ബിജെപിയില്‍ നിന്ന് തന്നെ സമ്മര്‍ദം ശക്തമാകുകയാണ്. സര്‍ക്കാര്‍ കാര്യക്ഷമമായി ഇടപെടണമെന്നും ആദിത്യനാഥ് സംഘര്‍ഷപ്രദേശത്തെത്തണമെന്നും ആവശ്യപ്പെട്ട് കൊല്ലപ്പെട്ട പൊലീസ് ഉദ്യോഗസ്ഥന്റെ ബന്ധുക്കള്‍ പ്രതിഷേധം കടുപ്പിക്കുകയാണ്. യുപിയിലെ ക്രമസമാധാന പ്രശ്‌നങ്ങളുയര്‍ത്തി യോഗി ആദിത്യനാഥിനെതിരെ ബിജെപിയില്‍ തന്നെ പട നീക്കം കരുത്താര്‍ജിക്കുകയാണ്. കേന്ദ്രമന്ത്രി ഉമ ഭാരതിയടക്കം യോഗിയെ പരസ്യമായി വിമര്‍ശിച്ചു. സംഘര്‍ഷമേഖകളിലേയ്ക്ക് യോഗി തിരിഞ്ഞുനോക്കാത്തതാണ് ഏറെപ്പേരെയും ചൊടിപ്പിച്ചിട്ടുള്ളത്.

Top